ലാഹോറില്‍ തുടക്കം, പഞ്ചാബ് നാഷണല്‍ ബാങ്കിന് 125 വയസ്
April 14,2019 | 10:31:24 am

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കുകളിലൊന്നായ പഞ്ചാബ് നാഷണല്‍ ബാങ്ക് 125-ാം വയസിന്റെ നിറവില്‍. രാജ്യത്തെ ആദ്യ സ്വദേശി ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിന് രൂപംനല്‍കിയത് സ്വാതന്ത്ര്യസമര പോരാളികളായിരുന്ന ലാലാ ലജ്പത് റായ്, ദയാല്‍സിംഗ് മാജിത, ജേസാവാല തുടങ്ങിയവര്‍ ചേര്‍ന്നാണ്.

1895ല്‍ ലാഹോറിലാണ് ബാങ്കിന്റെ തുടക്കം. രണ്ടുലക്ഷം രൂപ മൂലധനവും ഒമ്പത് ജീവനക്കാരുമാണ് ആദ്യമുണ്ടായിരുന്നത്.വിഭജനത്തിന് ശേഷം ബാങ്കിന്റെ തലസ്ഥാനം ന്യൂഡല്‍ഹിയിലേക്ക് മാറ്രി. പാകിസ്താനിലെ 92 ശാഖകളും ബാങ്ക് അടച്ചു. ഇന്ന് 7,000ലേറെ ശാഖകളും 11 ലക്ഷം കോടി രൂപയുടെ ബിസിനസും പത്തു കോടിയിലേറെ ഉപഭോക്താക്കളും പഞ്ചാബ് നാഷണല്‍ ബാങ്കിനുണ്ട്. മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, ലാല്‍ ബഹദൂര്‍ ശാസ്ത്രി തുടങ്ങിയവര്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഇടപാടുകാരായിരുന്നു. കേരളത്തില്‍ 165 ശാഖകളാണ് ബാങ്കിനുള്ളത്.

ബാങ്കിന്റെ എറണാകുളം സര്‍ക്കിള്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ നടന്ന ആഘോഷം മേയര്‍ സൗമിനി ജെയിന്‍ ഉദ്ഘാടനം ചെയ്തു. ഒളിമ്പ്യന്‍ ടി.സി. യോഹന്നാന്‍, കോസ്റ്ര് ഗാര്‍ഡ് ഡി.ഐ.ജി സനാതന്‍ ജെന, കമാന്‍ഡര്‍ ഹരി ഗോവിന്ദ് (ദക്ഷിണ നാവിക കമാന്‍ഡ്), കോമഡോര്‍ ജൊഗീന്ദര്‍ ചന്ദന (ദക്ഷിണ നാവിക കമാന്‍ഡ്), ധനലക്ഷ്മി ബാങ്ക് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി. ലത തുടങ്ങിയവര്‍ സംസാരിച്ചു.

 

 
� Infomagic- All Rights Reserved.