ചായക്കൂട്ടുകളുടെ മാന്ത്രികവുമായി ടെസ്ലിന്‍ റോമിലേക്ക്
May 15,2018 | 10:57:43 am

ചായക്കൂട്ടുകളുടെ മാന്ത്രികവുമായി ടെസ്ലിന്‍ അഗസ്റ്റിന്‍ റോമിലേക്ക്. വരയുടെ ലോകത്ത് വിസ്മയങ്ങള്‍ തീര്‍ത്ത ഈ കൊച്ചിക്കാരന്റെ ചിത്രങ്ങള്‍ ഇനി റോമന്‍ മണ്ണില്‍ അണിനിരക്കും. റോമിലെ നേമിയില്‍ മെയ് 20 മുതല്‍ ജൂണ്‍ 3 വരെ നടക്കുന്ന ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് ടെസ്ലിന്റെ ചിത്രപ്രദര്‍ശനം അരങ്ങേറുന്നത്. ഇതിനോടകം തന്നെ നിരവധയായ ചിത്രപ്രദര്‍ശനങ്ങളും മറ്റും നടത്തിയിട്ടുള്ള ടെസ്ലിനെ നേമിയുടെ മേയര്‍ പ്രദര്‍ശനത്തിനായി ക്ഷണിക്കുകയായിരുന്നു.

1989ല്‍ ത്രിപൂണിത്തുറ ആര്‍എല്‍വി കോളേജില്‍ നിന്നും ഫൈന്‍ ആര്‍ട്‌സില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കി ഇറങ്ങിയത് മുതല്‍ ഇന്നും ആര്‍ട്ടിസ്റ്റ് എന്ന ഖ്യാതിയില്‍ ഉയര്‍ന്നുനില്‍ക്കാന്‍ തന്നെയാണ് ടെസ്ലിന്‍ ശ്രമിച്ചിട്ടുള്ളത്. തന്റെ യാത്രകളിലും മറ്റും കണ്ട കാഴ്ചകളും മുഖങ്ങളുമെല്ലാം ചായക്കൂട്ടുകളില്‍ പകര്‍ത്തിയെഴുതിയ അദ്ദേഹം കാഴ്ചക്കാരന്റെ മനസിലേക്ക് ആദ്യമാത്ര തന്നെ കടന്നെത്തുന്ന തരത്തിലാണ് ചിത്രങ്ങള്‍ തയ്യാറാക്കിയത്. ചിന്നിച്ചിതറിയ ചായക്കൂട്ടുകള്‍ക്കിടയില്‍ നിന്ന് കാഴ്ചക്കാരന്റെ ഭാവനയെ പരീക്ഷിക്കുന്ന തരത്തിലുള്ള ചിത്രങ്ങളിലേക്ക് അദ്ദേഹം കടക്കാറില്ല. അക്രലിക് പെയിന്റിംഗുകളിലെ റിയലിസ്റ്റിക് മാതൃകകളാണ് ടെസ്ലിന്റെ ഓരോ ചിത്രങ്ങളും. നേമിയിലെ പ്രദര്‍ശത്തിനായി 15 ഓളം ചിത്രങ്ങളാണ് അദ്ദേഹം അണിനിരത്തുന്നത്. ഇതിന് പുറമെ ചിത്രങ്ങളുമായി ഫാ. ജോയ് മട്ടമ്മലും അദ്ദേഹത്തിനൊപ്പമുണ്ട്.

ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാരെ ഉള്‍പ്പെടുത്തി നടത്തുന്ന പരിപാടിക്കായി വന്‍ തോതിലുള്ള സജ്ജീകരങ്ങളാണ് നേമി ഭരണകൂടം ഒരുക്കിയിരിക്കുന്നത്. ഇരുവരുടെയും ചിത്രങ്ങള്‍ അടങ്ങിയ പരസ്യബോര്‍ഡുകള്‍ അടക്കം റോമില്‍ ഉയര്‍ന്നുകഴിഞ്ഞു. ഡ്രീംസ് ഇന്‍ കളേഴ്‌സ് എന്ന പേരില്‍ റോമില്‍ നടത്തപ്പെടുന്ന പ്രദര്‍ശനം മലയാളി സമൂഹത്തിന് തന്നെ അഭിമാനാര്‍ഹമായ മുഹൂര്‍ത്തമാണ് ഒരുക്കുന്നത്. ലോകത്തെ ഏറ്റവും നല്ല സ്‌ട്രോബറി ലഭിക്കുന്ന നേമിയുടെ മണ്ണില്‍ മലയാളി വരയുടെ വിവിധ ഭാവങ്ങള്‍ അണിനിരക്കുമ്പോള്‍ ആഗോളതലത്തിലെ കലാസ്വാദകര്‍ക്ക് മുന്നില്‍ ടെസ്ലിന്‍ നിരത്തുന്നത് റിയലിസ്റ്റിക് വരയുടെ പതിനഞ്ചോളം ഭാവങ്ങളാണ്. കണ്ണിലുടക്കുന്ന കാഴ്ചകളെ രണ്ട് മാസത്തോളം എടുത്താണ് ടെസ്ലിന്‍ ചിത്രങ്ങളാക്കി മാറ്റുന്നത്. വരയുടെ ഓരോ കോണിലും സസൂഷ്മമായ നിരീക്ഷണപാടവം ആസ്വാദകന് പ്രകടമായി കാണാവുന്നതാണ്.

കഴിഞ്ഞ 25 വര്‍ഷത്തോളമായി പരസ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന അദ്ദേഹം കര്‍മമേഖലയ്‌ക്കൊപ്പം തന്റെ അഭിനിവേശത്തെയും കൈവിടാതെ പരിപാലിച്ചുകൊണ്ടുവന്നു. രാജ്യത്തിന്റെ വിവധ പ്രദേശങ്ങളില്‍ ജോലിയുമായി ബന്ധപ്പെട്ട് സഞ്ചരിച്ച അദ്ദേഹം ലോകപ്രശസ്തരായ കാലാകാരന്മാരുമായും മറ്റും അടുത്ത സൗഹൃദം സ്ഥാപിച്ചെടുക്കുകയും ചെയ്തു. കഴിഞ്ഞ മാര്‍ച്ചില്‍ കൊച്ചി ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് സെന്ററില്‍ ഡ്രീംസ് ഇന്‍ യെല്ലോ എന്ന പേരില്‍ നടത്തിയ ചിത്രപ്രദര്‍ശനം മുക്തകണ്ഡമായ പ്രശംസയേറ്റുവാങ്ങിയിരുന്നു. സമൂഹത്തിന്റെ നാനാവിഭാഗങ്ങളില്‍പ്പെട്ടവരെയും ഒരേപോലെ ആകര്‍ഷിച്ച പ്രദര്‍ശനം ഉയരങ്ങളിലേക്കുള്ള പടികള്‍ അദ്ദേഹത്തിന് മുന്നിലേക്കെത്തിക്കുകയായിരുന്നു. രാജ്യത്തിന്റെ തന്നെ അതിര്‍വരമ്പുകള്‍ക്കപ്പുറത്തേക്ക് ചായക്കൂട്ടുകള്‍ കൊണ്ട് വാതായനങ്ങള്‍ ചാലിച്ചെടുത്താണ് ടെസ്ലിന്‍ പ്രയാണം തുടരുന്നത്.

 
� Infomagic - All Rights Reserved.