ഇന്ത്യന്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും അനാവശ്യങ്ങളും കൂടിക്കൊണ്ടേയിരിക്കുന്നു :സക്കര്‍ബര്‍ഗ്
April 12,2018 | 10:14:50 pm

ഇന്ത്യന്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും അനാവശ്യങ്ങളും കുമിഞ്ഞുകൂടുന്നതായി സക്കര്‍ബര്‍ഗ് പറഞ്ഞു. അമേരിക്കന്‍ സെനറ്റ് അംഗങ്ങള്‍ക്ക് മുമ്പില്‍ രണ്ടാം തവണ ഹാജരായപ്പോഴാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. അല്‍ഗരിതങ്ങള്‍ ഉപയോഗിച്ച് ഇംഗ്ലീഷ് അല്ലാതെ മറ്റ് ഭാഷകളിലുള്ള അനാവശ്യ ഉള്ളടക്കങ്ങള്‍ കണ്ടെത്തുക പ്രയാസമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഇന്ത്യന്‍ ഭാഷകള്‍ നേരിടുന്ന പ്രധാന പ്രശ്‌നം അതാണ്. അനാവശ്യ ഉള്ളടക്കങ്ങളും ട്രോളുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ സോഷ്യല്‍ മീഡിയയെന്നും സക്കര്‍ബര്‍ഗ് ചൂണ്ടിക്കാട്ടി. അനാവശ്യ ഉള്ളടക്കങ്ങളെ കണ്ടെത്തുന്നതിനായുള്ള അല്‍ഗരിതം ഉപയോഗിച്ചുള്ള സംവിധാനങ്ങളെ കുറിച്ചുള്ള ചര്‍ച്ചയിലാണ് അല്‍ഗരിതങ്ങള്‍ ഉപയോഗിച്ച് ഇംഗ്ലീഷ് അല്ലാത്ത മറ്റ് ഭാഷകള്‍ കൈകാര്യം ചെയ്യുന്നതിലെ വെല്ലുവിളികള്‍ സക്കര്‍ബര്‍ഗ് ചൂണ്ടിക്കാട്ടിയത്. എന്നാല്‍ അഞ്ചോ പത്തോ വര്‍ഷത്തിനുള്ളില്‍ ഭാഷാപരവും ഉള്ളടക്കസംബന്ധിയുമായ വൈവിദ്യങ്ങളെ തിരിച്ചറിയാനുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം തങ്ങളുടെ കൈയ്യിലുണ്ടാകുമെന്ന ശുഭാപ്തിവിശ്വാസം തനിക്കുണ്ടെന്നും സക്കര്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കാന്‍ കേംബ്രിജ് അനലിറ്റിക്ക ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ സെനറ്റ് അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. നാല് മിനിറ്റ് സമയമാണ് ചോദ്യങ്ങള്‍ ചോദിക്കുന്നതിനായി സെനറ്റ് അംഗങ്ങള്‍ക്ക് നല്‍കിയത്. ക്ഷമാപണവും, ആഭ്യന്തര അന്വേഷണങ്ങള്‍ നടത്തുമെന്നും പരിഹാരം കാണുമെന്നുള്ള വാഗ്ദാനങ്ങളും എല്ലാമുള്ളതായിരുന്നു ഒരോ ചോദ്യങ്ങള്‍ക്കുമുള്ള സക്കര്‍ബര്‍ഗിന്റെ മറുപടികള്‍.

 
� Infomagic - All Rights Reserved.