ലാവ്‌ലിൻ കേസിലെ ഹൈക്കോടതി വിധി; അപ്പീൽ തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും
December 07,2017 | 07:33:00 pm
Share this on

ന്യൂഡൽഹി: സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ വിവാദങ്ങളുണ്ടാക്കിയ ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഹർജി തിങ്കളാഴ്‌ച സുപ്രീം കോടതി പരിഗണിക്കും. കസ്‌തൂരി രംഗൻ അയ്യർ ആർ.ശിവദാസ് എന്നിവർ നൽകിയ ഹർജി ജസ്‌റ്റിസ് എൺ.രമണ, ജസ്‌റ്റിസ് അബ്‌ദുൽ നസീർ എന്നിവരുൾപ്പെട്ട ബെഞ്ചാണ് പരിഗണിക്കുന്നത്.

ഓഗസ്റ്റ് 23നാണ് ഹൈക്കോടതി പിണറായിയെ കുറ്റവിമുക്തനാക്കിയത്. പിണറായിക്ക് പുറമേ മുൻ ഊർജ സെക്രട്ടറി കെ. മോഹനചന്ദ്രൻ, ഊർജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരേയും ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. എന്നാൽ, കെ.എസ്.ഇ.ബി മുൻ ചെയർമാൻ ആർ. ശിവദാസൻ, മുൻ ചീഫ് അക്കൗണ്ട്‌സ് ഓഫീസർ കെ.ജി. രാജശേഖരൻ നായർ, മുൻ ചീഫ് എൻജിനിയർ കസ്തൂരിരംഗ അയ്യർ എന്നിവർ വിചാരണ നേരിടണമെന്നും കോടതി വിധിച്ചിരുന്നു. ഇതിനെതിരെയാണ് ഇവർ കോടതിയെ സമീപിച്ചത്.

പിണറായി വൈദ്യുതി മന്ത്രിയായിരിക്കെ പന്നിയാർ, ചെങ്കുളം, പള്ളിവാസൽ എന്നീ ജലവൈദ്യുത നിലയങ്ങളുടെ നവീകരണത്തിന് പദ്ധതിയുണ്ടാക്കിയതിൽ 374 കോടിയുടെ നഷ്ടമുണ്ടായെന്നാണ് ലാവ്‌ലിൻ കേസ്. എന്നാൽ, പിണറായി സാമ്പത്തിക നേട്ടമുണ്ടാക്കിയതായി സി.ബി.ഐയുടെ കുറ്റപത്രത്തിൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. ഇടപാടിൽ പിണറായി വിജയന് സത്യസന്ധമല്ലാത്തതോ ദുരുദ്ദേശ്യമുള്ളതോ ആയ എന്ത് പങ്കാണുള്ളതെന്ന് വിശദീകരിക്കാൻ സി.ബി.ഐക്ക് കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞിരുന്നു.

RELATED STORIES
� Infomagic - All Rights Reserved.