ലേസി ഐ അഥവാ ആംബ്ളോപിയ
March 20,2017 | 11:07:59 am
Share this on

ചെറിയ കുട്ടികളില്‍ അസ്വാഭാവികമായ രീതിയില്‍ കാഴ്ച നഷ്ടമുണ്ടാകാന്‍ കാരണമാകുന്ന അവസ്ഥയാണ് ലേസി ഐ അഥവാ ആംബ്ളോപിയ. ലേസി ഐ ബാധിച്ചാല്‍, വസ്തുക്കളെ ത്രിമാന അവസ്ഥയില്‍ കാണാനും വസ്തുക്കള്‍ എത്ര അകലെയാണെന്ന് മനസ്സിലാക്കാനും സഹായിക്കുന്ന ഡെപ്ത് പെര്‍സെപ്ഷന്‍, കാഴ്ച നഷ്ടം എന്നിവയ്ക്ക് കാരണമാവും. ശരിയായി പ്രവര്‍ത്തിക്കുന്ന കണ്ണില്‍ നിന്ന് രോഗം ബാധിച്ച കണ്ണിനെ വേര്‍തിരിക്കുന്നതിനാണ് ലേസി ഐ (മടിയന്‍ കണ്ണ്) എന്ന പ്രയോഗം. വളരെ അപൂര്‍വം സാഹചര്യങ്ങളില്‍ മാത്രമേ രണ്ട് കണ്ണുകളെയും ഈ അവസ്ഥ ബാധിക്കാറുള്ളൂ.

ലോകമെമ്പാടുമുള്ള കുട്ടികളില്‍ മൂന്ന് ശതമാനം പേര്‍ ഈ തകരാര്‍ മൂലം ബുദ്ധിമുട്ടുന്നു എന്നാണ് കണക്കാക്കുന്നത്. കുട്ടികള്‍ക്ക് 3.5 - 4.5 വയസ്സ് പ്രായമുള്ള അവസരത്തില്‍ ലേസി ഐ ഉണ്ടോ എന്ന് പരിശോധിക്കണം. നാലര വയസ്സിനു ശേഷം ഇതിനുള്ള ചികിത്സ ബുദ്ധിമുട്ടേറിയതായിരിക്കും.

കാരണങ്ങള്‍: 

കോങ്കണ്ണ് : രണ്ട് കണ്ണുകളും വ്യത്യസ്ത ദിശകളിലേക്ക് കേന്ദ്രീകരിക്കപ്പെടുന്ന അവസ്ഥയാണിത്. സ്ക്വിന്‍റ്, ക്രോസ്ഡ് ഐസ്, സ്റ്റ്രാബിസ്മസ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. കണ്ണുകള്‍ ഒരേ ദിശയില്‍ അല്ല കേന്ദ്രീകരിച്ചിരിക്കുന്നത് എങ്കില്‍, തലച്ചോറില്‍ നിന്ന് ശരിയായ രീതിയില്‍ അല്ലാത്ത കണ്ണിലേക്കുള്ള ദൃശ്യങ്ങള്‍ ഇല്ലാതാക്കപ്പെടും. ഇത് ഡബിള്‍ വിഷന്‍ (ഇരട്ട ദൃശ്യം) ഇല്ലാതാക്കാന്‍ വേണ്ടിയാണ്. ഈ അവസ്ഥയില്‍, കുട്ടിക്ക് ശരിയായി പ്രവര്‍ത്തിക്കുന്ന കണ്ണ് മാത്രമേ പ്രയോജനപ്പെടുകയുള്ളൂ. ഈ അവസ്ഥ രണ്ടാഴ്ചയില്‍ കൂടുതല്‍ തുടരുകയാണെങ്കില്‍ അത് ലേസി ഐ ആയി മാറാം.

അനിസോമെട്രോപിയ (കണ്ണുകള്‍ക്ക് ഒരുപോലെയല്ലാത്ത കാഴ്ചശക്തി): രണ്ട് കണ്ണുകള്‍ക്കും കാഴ്ചശക്തി ഒരുപോലെയല്ല എങ്കില്‍ അവയ്ക്ക് ഒരേ പോലെ ഫോക്കസ് ചെയ്യാന്‍ സാധിക്കില്ല. ഒരു കണ്ണിന് മറ്റതിനെ അപേക്ഷിച്ച്‌ കൂടിയ അളവില്‍ ഹൃസ്വദൃഷ്ടി, ദൂര ദൃഷ്ടി അല്ലെങ്കില്‍ അസ്റ്റിഗ്മാറ്റിസം ഉണ്ടെങ്കില്‍ കൂടുതല്‍ കാഴ്ച തകരാറുള്ള കണ്ണിന് ഫോക്കസ് ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ലേസി ഐയ്ക്ക് കാരണമാവുകയും ചെയ്യും. ഫോക്കസ് ചെയ്യാന്‍ സാധിക്കാത്ത കണ്ണ് ഉപയോഗിക്കാതിരിക്കുന്നതിലൂടെയാണ് ഇത് സംഭവിക്കുന്നത്.

തടസ്സം: കണ്ണുകളിലെ കോശകലകള്‍ക്ക് ഉണ്ടാകുന്ന മങ്ങലോ തടസ്സമോ ലേസി ഐ എന്ന അവസ്ഥയിലേക്ക് നയിക്കാം. കണ്ണിനുള്ളില്‍ ശരിയായ രീതിയില്‍ പ്രതിബിംബങ്ങള്‍ ഫോക്കസ്സ് ചെയ്യാന്‍ സാധിച്ചില്ല എങ്കില്‍ അത് റെറ്റിനയില്‍ പ്രതിബിംബങ്ങള്‍ സൃഷ്ടിക്കുന്നതിനെ തടസ്സപ്പെടുത്തുകയും ലേസി ഐ എന്ന അവസ്ഥയ്ക്ക് കാരണമാവുകയും ചെയ്യാം.

അപകടസാധ്യതാ ഘടകങ്ങള്‍

  • ലേസി ഐ, കോങ്കണ്ണ്, ഗ്ളൂക്കോമ അല്ലെങ്കില്‍ ചെറുപ്പ കാലത്തെ തിമിരം എന്നിവയുടെ കുടുംബ ചരിത്രം
  • കുട്ടിക്കാലത്തെ ഗ്ളൂക്കോമ അല്ലെങ്കില്‍ തിമിരം
  • ടോസിസ് ( മുകളിലത്തെ കണ്‍പോളകള്‍ ചലിപ്പിക്കുന്ന പേശികള്‍ പ്രവര്‍ത്തനരഹിതക് ആകുന്ന അവസ്ഥ)
  • കണ്‍പോളയിലെ ട്യൂമര്‍

ലക്ഷണങ്ങള്‍

മിക്കപ്പോഴും കുട്ടികളില്‍ ലേസി ഐയുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ വളരെക്കാലം ശ്രദ്ധിക്കപ്പെടാതിരിക്കും. ലക്ഷണങ്ങളില്‍ ഇനി പറയുന്നവയും ഉള്‍പ്പെടുന്നു;

  • കോങ്കണ്ണ്
  • ത്രിമാന കാഴ്ചയില്‍ വരുന്ന തകരാര്‍
  • ഒരു വശത്തുള്ള കാഴ്ചകള്‍ മാത്രം കൂടുതല്‍ വ്യക്തമാവുക
  • ഡബിള്‍ വിഷന്‍

പ്രതിരോധം : വളരെ നേരത്തെ തന്നെ കുട്ടികളുടെ കണ്ണുകള്‍ പരിശോധിക്കുന്നതിലൂടെ കണ്ണിന്‍റെ തകരാര്‍ നേരത്തെ തന്നെ തിരിച്ചറിയുന്നതിനും ഫലപ്രദമായി ചികിത്സിക്കുന്നതിനും സഹായകമാവും.

സങ്കീര്‍ണതകള്‍ : കാഴ്ച നഷ്ടം, ഡബിള്‍ വിഷന്‍ എന്നിവയാണ് ലേസി ഐ മൂലം ഉണ്ടാകുന്ന സങ്കീര്‍ണതകള്‍. ചികിത്സ നല്‍കിയില്ല എങ്കില്‍ സ്ഥിരമായ കാഴ്ചനഷ്ടവും സംഭവിക്കാം.

അടുത്ത നടപടികള്‍  : പരിചയക്കാര്‍ ആരെങ്കിലും ഈ അവസ്ഥയെ നേരിടുന്നുണ്ട് എങ്കില്‍, അവരെ എത്രയും വേഗം ചികിത്സ തേടാന്‍ പ്രോത്സാഹിപ്പിക്കുക. കൃത്യമായി നേത്ര പരിശോധന നടത്തുക.

 

RELATED STORIES
� Infomagic - All Rights Reserved.