കൈതൊഴാം - ദൈവവും കെ.കുമാറും എത്തിയിട്ടുണ്ട്
January 12,2018 | 08:30:14 pm

ഒരിടത്തൊരിടത്ത് ഉണ്ണായിപുരം എന്നൊരു ഗ്രാമമുണ്ടായിരുന്നു. ഒരിക്കൽ ദൈവം സ്വർഗലോകത്തു നിന്ന് തന്റെ പ്രൈവറ്റ് സെക്രട്ടറിയായ മായാദത്തനുമായി ദൈവം ഉണ്ണായിപുരത്തേക്ക് യാത്ര തിരിക്കുകയാണ്. ഉണ്ണായിപുരത്തെത്തുന്ന ദൈവത്തിനു മുന്നിൽ കൈതൊഴേണ്ടി വരുന്ന യുക്തിവാദിയായ കെ.കുമാറിന്റെ കഥയാണ് 'ദൈവമേ കൈതൊഴാം കെ. കുമാറാകണം'. സംവിധായക കുപ്പായമണിഞ്ഞ സലീം കുമാർ കെ.കുമാറുമായി എത്തുമ്പോൾ കഥയിലും ആഖ്യാനത്തിലും ആദ്യ ചിത്രം കറുത്ത ജൂതനിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് കെ.കുമാറിന്റെ കഥ.

ദൈവം ഉണ്ണായിപുരം ജംഗ്ഷനിൽ
കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങൾ നേരിട്ട് കണ്ടൊന്ന് മനസിലാക്കാൻ ദൈവം (നെടുമുടി വേണു) തന്റെ പേഴ്സണൽ സെക്രട്ടറി മായാ ദത്തനുമായി (പ്രദീപ് കോട്ടയം) കേരളത്തിലേക്ക് വരാനൊരുങ്ങുകയാണ്. മനുഷ്യനേക്കാളേറെ രാഷ്ട്രീയ പാർട്ടികളുള്ള ഭൂമിയേയും തകർച്ചയുടെ വക്കിലെത്തിയ കേരള രാഷ്ട്രീയ സാഹചര്യങ്ങളിലും ദൈവം തെല്ല് ആശങ്കയിലാണ്. ഒരു പെണ്ണിന്റെ സാരിത്തുമ്പിൽ കെട്ടിത്തൂങ്ങി മരിച്ച കേരള രാഷ്ട്രീയത്തെപ്പറ്റിയും ഒരാളുടെയും വ്യക്തിജീവിതത്തെ പോലും വെറുതേ വിടാത്ത മാദ്ധ്യമങ്ങളെപ്പറ്റിയും സെക്രട്ടറി ദൈവത്തെ ബോദ്ധ്യപ്പെടുത്തിയെങ്കിലും ഇരുവരും ഉണ്ണായിപുരത്തെ കൃഷ്ണകുമാർ എന്ന യുക്തവാദി (ജയറാം)യുടെ വീട്ടിലേക്ക് യാത്ര പുറപ്പെടുകയാണ്. ഉണ്ണായിപുരം ജംഗ്ഷനിൽ ബസുകാത്തു നിൽക്കുന്നതുമുതൽ ദൈവം തന്റെ പണി തുടങ്ങുകയാണ്.

കെ.കുമാറിന്റെ പ്രിയ ദൈവം
കെ.കുമാറിന്റെയും ഭാര്യ നി‌ർമ്മലയുടെയും (അനുശ്രീ) വീട്ടിൽ അതിഥിയായെത്തുന്ന ദൈവത്തിന് നാട്ടുകാർ ഗംഭീര സ്വീകരണം നൽകുന്നു. അടുത്ത ദിവസം മുതൽ പരാതികളുമായി പ്രജകൾ ഓരോരുത്തരായി ദൈവത്തിനടുത്തെത്തും. അന്ധവിശ്വാസങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ജനങ്ങളെ കണക്കറ്റ് പരിഹസിച്ച് ദൈവം ഭൂമിവാസം തുടരുകയാണ്.

റഫറിയായി ദൈവം
കെ.കുമാറിന്റെ വീട്ടിലെത്തിയ ദൈവത്തിന് റഫറിയുടെ റോളാണ്. നിർമ്മലയുടെയും കൃഷ്ണകുമാറിന്റെയും ഇടയിലുള്ള പ്രശ്നങ്ങളിൽ ദൈവം കേൾവിക്കാരനും കാഴ്ചക്കാരനുമാകുന്നതോടെ കഥ മാറുകയാണ്. ദിവസം മുഴുവൻ അടുക്കളയിൽ കിടന്ന് കഷ്ടപ്പെടുന്ന നിർമ്മലയ്ക്ക് അടുക്കളയിൽ നിന്ന് അരങ്ങത്തെത്താൻ മോഹമുദിക്കുന്നതോടെയാണ് ദൈവത്തിന്റെ മായാജാലങ്ങൾ തുടങ്ങുക. കുമാർ നിർമ്മലയുടെയും നിർമ്മല ഭർത്താവിന്റെയും റോളുകൾ ഏറ്റെടുക്കുന്നതോടെ കളികൾ കാര്യമാവുകയാണ്. ഫാന്റസിയും തമാശകളും കുടുംബബന്ധവും ചേരുമ്പോൾ ആകെ മൊത്തം ചിരിയും ചിന്തയും നൽകുന്ന ചിത്രമാകുന്നു ദേവമേ കൈതൊഴാം.

ഹാസ്യവും കാര്യവും
ആക്ഷേപഹാസ്യ രൂപേണ കേരളത്തിലടക്കം നിലവിലുള്ള ആൾ ദൈവങ്ങളെയും പ്രശസ്തിക്കായി വെള്ള ഉടുപ്പണിഞ്ഞ് ഓടിത്തളരുന്ന ഗോപി(സലീം കുമാർ) എന്ന കഥാപാത്രത്തിലൂടെ നിരവധി പ്രാഞ്ചിയേട്ടൻമാരെയും അന്ധവിശ്വാസങ്ങളിൽ ഉഴറുന്ന സാധാരണക്കാരെയും കണക്കറ്റ് പരിഹസിക്കാനാണ് ചിത്രത്തിന്റെ കഥാകൃത്തും സംവിധായകനുമായ സലീം കുമാറിന്റെ ശ്രമം. പൊട്ടിച്ചിരിക്കൊപ്പം കാര്യമായി ചിന്തിക്കാൻ കൂടി വകയുള്ളതാണ് ചിത്രത്തിന്റെ കോമഡി പഞ്ചുകൾ ഓരോന്നും.

ഒരൊറ്റ സ്ക്രീനിൽ ദൈവവും മനുഷ്യരും
സാധാരണക്കാർക്കിടയിലേക്ക് പരിവേഷങ്ങളേതുമില്ലാതെ ദൈവത്തെ ഇറക്കിവിടുന്നതിലൂടെ ഫാന്റസിയുടെ പുതിയ തലങ്ങളെ കൂടി ചിത്രത്തിന്റെ ഭാഗമാക്കുന്ന പരീക്ഷമാണ് സലീംകുമാർ നടത്തിയിരിക്കുന്നത്. മലയാളസിനിമ കൂടുതൽ പരീക്ഷിച്ചിട്ടില്ലാത്ത റിയലിസം ഫാന്റസി ചേരുവ നിർ‌മ്മിക്കാൻ ശ്രമിക്കുമ്പോഴും കഥ പറച്ചിലിലോ കഥയിലോ പുതിയതൊന്നു കൊണ്ടുവരാൻ ദൈവത്തിനോ കെ.കുമാറിനോ സാധിച്ചിട്ടില്ല. പെണ്ണിന്റെ അടുക്കളയെന്ന ലോകവും ആണിന്റെ പൊതുഇടങ്ങളും തമ്മിൽ പരസ്പരം വച്ചുമാറുന്നതാണ് സ്ത്രീ ശാക്തീകരണം കൊണ്ട് അർത്ഥമാക്കുന്നത് എന്ന് തെറ്റായി വ്യാഖ്യാനിക്കാനും ചിത്രം ശ്രമിക്കുന്നുണ്ട്. എന്നാൽ ചിന്തകളെ കെട്ടഴിച്ചുവിടാതെ ചട്ടക്കൂടുകൾക്കകത്തു തന്നെയിരുന്ന് കണ്ടാൽ നിറയെ ചിരിച്ച് തിയേറ്ററിന്റെ പടിയിറങ്ങാൻ കെ.കുമാറും ദൈവവും സഹായിക്കും. ജയറാം തന്നെ പ്രധാന വേഷത്തിലെത്തുന്ന, അടുക്കളയിൽ പുകയുന്ന ഭാര്യയുടെ കഥപറയുന്ന ചിത്രത്തിനോട് എവിടെയൊക്കെയോ ചേർന്നു നിൽക്കുന്നുണ്ട് ദെവമോ കൈതൊഴാം.

ശ്രീനിവാസൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, കൊളപ്പുള്ളി ലീല, അഞ്ജലി നായർ തുടങ്ങി മലയാളത്തിന്റെ പ്രിയതാരങ്ങളെല്ലാം ഒരിക്കൽ കൂടി ഉണ്ണായിപുരത്തിന്റെ ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട് ദൈവമേ കൈതൊഴാമിന്.

 

 
Related News
� Infomagic - All Rights Reserved.