ക്വീനിന്‍റെ വിജയത്തിനായി ചില കഥാപത്രങ്ങളില്‍ നടത്തിയ രസതന്ത്ര രഹസ്യങ്ങള്‍ തുറന്നു പറഞ്ഞു സംവിധായകന്‍
March 26,2018 | 10:48:58 pm

സിനിമകള്‍ വിജയിപ്പിക്കുന്നതിനായ പല ഘടകങ്ങള്‍ ഉണ്ട്. നായകന്‍, നായിക, സംവിധായകന്‍ തുടങ്ങി പ്രൊമോഷന്‍ വരെ അതിന്റെ പിന്നിലെ വിജയ രഹസ്യങ്ങളായി ഒളിഞ്ഞിരിപ്പുണ്ടാവും. എന്നാല്‍ അത്തരം താര പരിവേഷങ്ങള്‍ ഒന്നും ഇല്ലാതിരുന്ന ഒരു ചിത്രമായിരുന്നു ക്വീന്‍. എന്നിരുന്നിട്ടും ചിത്രം മികച്ച പ്രതികരണം പ്രേക്ഷകരില്‍ നിന്ന് നേടി. ഇതിനു പിന്നിലെ ചില രസതന്ത്ര രഹസ്യങ്ങള്‍ പറയുകയാണ്‌ സംവിധായകനായ ഡിജോ ജോസ് ആന്റണി.

ഡിജോ പ്രധാനമായും പറയുന്നത് കാസ്റ്റിംഗിനെ കുറിച്ചാണ്. കാളൂര്‍ എന്ന കഥാപാത്രമായി അഭിനയിച്ച നന്ദു ചേട്ടന്റെ അസാമാന്യ പ്രകടനം ഡിജോ എടുത്ത് പറയുന്നു. കാളൂര്‍ ഒരു നെഗറ്റീവ് കഥാപാത്രമാണ്. പക്ഷെ ആ നെഗറ്റീവ് കഥാപാത്രം മറ്റ് പോസിറ്റീവ് കഥാപാത്രങ്ങള്‍ക്ക് നല്‍കിയ ഊര്‍ജം വലുതാണ്‌. കാളൂര്‍ ശക്തമായിരുന്നില്ല എങ്കില്‍ മറ്റ് കഥാപാത്രങ്ങളേയും അത് ബാധിക്കുമായിരുന്നു. സിനിമ തന്നെ തകര്‍ന്നു പോകുമായിരുന്നു എന്ന് ഡിജോ പറയുന്നു.

 മുകുന്ദൻ വാക്കീൽ എന്ത് ചെയ്താലും മാസ്സ് ആയി മാറിയതിന് പിന്നിൽ എതിർവശത്തു നിൽക്കുന്ന നടന്റെ പ്രകടനം കൂടി ഒരു കാരണമാണ്. സലീമേട്ടന്റെ തകർപ്പൻ പ്രകടനത്തിനൊപ്പം, കാളൂരിനോടുള്ള അമർഷം കൂടിയാണ് മുകുന്ദൻ വക്കീലിനു പ്രേക്ഷകർ നൽകിയ കയ്യടിയുടെ ശക്തി സ്രോതസ്സ് എന്ന് ഡിജോ പറയുന്നു.

കാളൂരായ നന്ദന്‍

സ്പിരിറ്റ്‌ എന്ന സിനിമയ്ക്ക് ശേഷം നന്ദു ചേട്ടൻ അഭിനയിച്ചതിൽ ഏറെ ശ്രദ്ധ നേടിയ ഒരു കഥാപാത്രം ഒരുപക്ഷെ ക്വീനിലേതാകാം. കാരണം നമ്മുടെ സിനിമ റിലീസായ സമയത്ത് തിയേറ്ററിനുള്ളിൽ നന്ദു ചേട്ടന്റെ കഥാപാത്രത്തെ ഏറെ അമർഷത്തോടെയാണ് പ്രേക്ഷകർ പ്രതികരിച്ചത്. കാളൂർ എന്ന വക്കീലിനോട് അത്രയ്ക്കും ദേഷ്യമായിരുന്നു പല കാണികൾക്കും ഉണ്ടായിരുന്നത് എന്ന് ഞാൻ ശ്രദ്ധിക്കുകയുണ്ടായി. അത് നന്ദു ചേട്ടൻ തന്നെ വിളിച്ച് പറയുകയുമുണ്ടായി. ഇതെന്തുവാടെ നാട്ടുകാർ ഇപ്പൊ എന്നെ പുറത്തിറങ്ങാൻ സമ്മതിക്കുന്നില്ലല്ലോ എന്ന് നന്ദു ചേട്ടന് തോന്നിയിട്ടുണ്ടാകാം. അദ്ദേഹം ചെയ്ത കഥാപാത്രം എത്രത്തോളം പ്രേക്ഷകർക്കിടയിലേക്ക് ഇറങ്ങിച്ചെന്നു എന്നുള്ളതിന് ഒരു തെളിവായിരുന്നു അവയെല്ലാം.

ചില വേഷങ്ങൾ ചെയ്യാൻ ചില പ്രഗത്ഭരായ നടന്മാരെ സംവിധായകർ തിരഞ്ഞെടുക്കുന്നത് ഇത്തരം കാര്യങ്ങൾ കൂടിയുള്ളതുകൊണ്ടാണ്. യാതൊരു തയ്യാറെടുപ്പുകളുമില്ലാതെ ഒരു വക്കീലിന്റെ ശരീര ഭാഷയും, സംസാര ശൈലിയുമെല്ലാം ഉൾക്കൊണ്ട് അത്തരം വലിയ ഡയലോഗുകൾ സിംഗിൾ ഷോട്ടിൽ പഠിച്ചു പറയണമെന്നുണെങ്കിൽ അതൊരു പ്രതിഭശാലിക്ക് മാത്രമേ സാധിക്കുകയുള്ളൂ. ആ പ്രതിഭ നന്ദു എന്ന കലാകാരനിലുണ്ട്. അത് നമ്മുടെ ജനറേഷനിൽ ഉള്ള പ്രേക്ഷകർക്കും സംവിധായകർക്കും പോലുമറിയാം. അല്ലെങ്കിൽ ഞങ്ങൾ ഇത്രയും പുതുമുഖങ്ങൾ ചേർന്നൊരുക്കുന്ന ചിത്രത്തിൽ എങ്ങനെ നന്ദു ചേട്ടൻ എത്തിപ്പെടും?

ആ സീനുകളൊക്കെ വളരെ ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് ഷൂട്ട് ചെയ്യാൻ സാധിച്ചതും ഈ പ്രതിഭകളുടെ കെമിസ്ട്രി കൂടി വർക്ക്‌ഔട്ട് ആയതുകൊണ്ടാണ്.. അതുകൊണ്ടൊക്കെ തന്നെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ആളുകളിലൊരാളായി നന്ദു ചേട്ടൻ എന്റെ മനസ്സിലും ഇടം നേടി... നന്ദി പറയാൻ ആവില്ല . കാരണം അതുക്കും മേലെയാണ് ഇവർക്കൊക്കെ എന്റെ മനസ്സിലുള്ള സ്ഥാനം. എക്സ്പീരിയൻസ് എന്ന ഘടകത്തിനൊപ്പം എളിമ കൂടി ചേരുമ്പോഴാണ് ഒരു സാധാരണക്കാരൻ പ്രതിഭയാകുന്നത്.. ആ പ്രതിഭയ്‌ക്കൊരു ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് നന്ദു ചേട്ടൻ.

 
� Infomagic - All Rights Reserved.