നല്ലൊരു തിരക്കഥ ലഭിച്ചാല്‍ വാപ്പിച്ചിയുമായി അഭിനയിക്കും; കുടുംബ വിശേഷങ്ങള്‍ പങ്കുവെച്ച് ദുല്‍ഖര്‍
May 14,2018 | 06:17:14 pm

ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തി സുരേഷും നടി നടന്മാരായി അഭിനയിച്ച മഹാനടി ഏറെ പ്രശംസ പിടിച്ച് പറ്റി മുന്നേറുകയാണ്. തെന്നിന്ത്യന്‍ നായിക സാവിത്രിയുടെ ജീവിതം പറയുന്ന സിനിമയാണ് മഹാനടി. ജെമിനിഗണേശനായിട്ടാണ് ദുല്‍ഖര്‍ സല്‍മാന്‍ മഹാനടിയില്‍ അഭിനയിച്ചത്. മികച്ച പ്രതികരണമാണ് ദുല്‍ഖറിന്റെ അഭിനയത്തിനും സിനിമയ്ക്കും ലഭിച്ചത്. ബാഹുബലിയുടെ സംവിധായകന്‍ എസ്.എസ്. രാജമൌലിയും മോഹന്‍ലാലും ദുല്‍ഖറിനെ പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു. 

ഇപ്പോള്‍ ചിത്രത്തിന്റെയും കുടുംബ വിശേഷങ്ങളും പങ്ക് വെച്ച് ദുല്‍ഖര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. വാപ്പച്ചിയുടെ മകന്‍ എന്ന ലേബലില്‍ തനിക്ക് അവസരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് ദുല്‍ഖര്‍ വ്യക്തമാക്കുന്നു. മഹാനടി തന്നിലേക്കെത്തിയതും അത്തരത്തിലാണ്. വേറെ ഒരാളായിരുന്നുവെങ്കില്‍ ഇത്തരത്തിലുളള കഥാപാത്രത്തെ അത്ര പെട്ടെന്ന് ലഭിക്കില്ലെന്നും അദ്ദേഹം പറയുന്നു.

വാപ്പച്ചി അവതരിപ്പിച്ച തരത്തിലുള്ള കഥാപാത്രങ്ങളെ അനുകരിക്കാന്‍ പോലും താന്‍ മുതിരുന്നില്ല. വെല്ലുവിളികള്‍ നിറഞ്ഞ കഥാപാത്രത്തെ സ്വീകരിക്കുമ്പോഴാണ് താന്‍ കൂടുതല്‍ സംതൃപ്തനാവുന്നതെന്ന് ദുല്‍ഖര്‍ പറയുന്നു. അനായാസേന അവതരിപ്പിക്കാന്‍ കഴിയുന്ന കഥാപാത്രമാവുമ്പോള്‍ അതില്‍ തനിക്കൊന്നും ചെയ്യാനില്ലാത്ത് പോലെയാണ് അനുഭവപ്പെടാറുള്ളത്. റിസ്‌ക്ക് ഏറ്റെടുക്കുമ്പോഴാണല്ലോ ജീവിതത്തില്‍ അതിന്റേതായ മാറ്റങ്ങള്‍ കടന്നുവരുന്നത്, ഈ ശൈലിയാണ് ദുല്‍ഖര്‍ തുടരുന്നത്.

മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ഒരുമിക്കുന്നു എന്ന വാര്‍ത്ത കേള്‍ക്കാന്‍ ഓരോ ആരാധകനും ഏറെ ആഗ്രഹിക്കാറുണ്ട്. ഇതിനെ കുറിച്ചും ദുല്ഖര്‍ വ്യക്തമാക്കി. രണ്ട് പേര്‍ക്കും ഒരുമിച്ച് അഭിനയിക്കാന്‍ പറ്റിയ തരത്തിലുള്ള തിരക്കഥ ലഭിച്ചാല്‍ അത് സ്വീകരിക്കും. ഓണ്‍സ്‌ക്രീനില്‍ തന്നെയും വാപ്പച്ചിയേയും താരതമ്യം ചെയ്യുന്നതിനോട് ദുല്‍ഖറിന് താല്‍പര്യമില്ല.

സിനിമയിലെത്തുന്നതിന് മുന്‍പ് തന്നെ ദുല്‍ഖര്‍ അമാല്‍ സൂഫിയയെ ജീവിതസഖിയാക്കിയിരുന്നു. നായികമാരുമായി ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്ന രംഗങ്ങളില്‍ അമാലിന്റെ പ്രതികരണത്തെക്കുറിച്ച് നേരത്തെയും ദുല്‍ഖറിനോട് ചോദിച്ചിട്ടുണ്ട്. തന്റെ അഭിനയ ജീവിതത്തിന് ശക്തമായ പിന്തുണയാണ് അമാല്‍ നല്‍കുന്നതെന്നായിരുന്നു താരപുത്രന്റെ പ്രതികരണം. നായികമാരില്‍ പലരുമായും അടുത്ത സൗഹൃദത്തിലാണ് അമാല്‍.

 
Related News
� Infomagic - All Rights Reserved.