ഡബ്ല്യുസിസി ഒരു ചരിത്രദൗത്യത്തിന്റെ പൂർത്തീകരണമാണ്: പിന്തുണയുമായി കെ.ആർ മീര
January 03,2018 | 10:01:55 am

കസബ വിഷയവുമായി ബന്ധപ്പെട്ട് സിനിമയിലെ വനിതാ സംഘടനയായ വിമൻ ഇൻ സിനിമാ കളക്റ്റീവിന് പിന്തുണയുമായി എഴുത്തുകാരി കെ.ആർ മീര. ഡബ്ലു.സി.സി സംഘടന എക്കാലവും നിലനിൽക്കണമെന്നു താൻ ആഗ്രഹിക്കുന്നുവെന്നും അത് ഒരു ചരിത്ര ദൗത്യത്തിൻറെ പൂർത്തീകരണമാണെന്നും കെ. ആർ മീര വ്യക്തമാക്കി. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് അവർ ഇക്കാര്യം അറിയിച്ചത്. 

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കുറേക്കാലം മുമ്പ് ഞാൻ ഒരു തീരുമാനമെടുത്തു.
–വനിതാ സംഘടനകളുടെ യോഗങ്ങളിലും വലിയ സംഘടനകളുടെ വനിതാ സമ്മേളനങ്ങളിലും പങ്കെടുക്കുകയില്ല. കാരണം, ഇവ വലിയ തട്ടിപ്പുകളാണ്. പ്രധാന സംഘടനയുടെ പ്രധാന ഭാരവാഹി സ്ഥാനങ്ങൾ സ്ത്രീകൾക്ക് വിട്ടു കൊടുക്കാൻ തയ്യാറല്ലാത്തവർ നടത്തുന്ന ജനാധിപത്യധ്വംസനം.

വർഷത്തിലൊരിക്കൽ സ്റ്റേജിൽ കയറാനും എന്തെങ്കിലും പറയാനും സാധിച്ചാൽ പെണ്ണുങ്ങൾക്ക് ഒരു റിലാക്‌സേഷൻ കിട്ടുന്നെങ്കിൽ ആയിക്കോട്ടെ എന്ന ആൺ അധികാരികളുടെ ഔദാര്യം. കുട്ടികളുടെ പാർലമെന്റ്, കുട്ടികളുടെ പ്രധാനമന്ത്രി എന്നൊക്കെ പറയുന്നതു പോലെയേയുള്ളൂ ഇവർക്കൊക്കെ പെണ്ണുങ്ങളുടെ സംഘടനകളും പെണ്ണുങ്ങളായ ഭാരവാഹികളും.

രാഷ്ട്രീയ പാർട്ടികളുടെ വനിതാ സംഘടനകളുടെ അവസ്ഥയാണ് ഏറ്റവും ദയനീയം. നമ്മുടെ രാജ്യത്തെ ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്നുണ്ടെങ്കിൽ രാഷ്ട്രീയ പാർട്ടികളുടെ വനിതാ സംഘടനകൾ ആദ്യം ചെയ്യേണ്ടത് സ്വന്തം സംഘടനകൾ പിരിച്ചു വിടുകയാണ്. സ്വന്തം പാർട്ടിയുടെ പ്രധാന ഭാരവാഹി സ്ഥാനങ്ങൾ പിടിച്ചു വാങ്ങാൻ കഴിയാത്തവരാണോ നാട്ടിലെ മുഴുവൻ മഹിളകളുടെയും അവകാശങ്ങൾ നടത്തിയെടുക്കുന്നത്?

സംവരണ ബിൽ പാസ്സാക്കുന്നത് പോകട്ടെ, ഇത്രയും രാഷ്ട്രീയ പാർട്ടികളും അവർക്കൊക്കെ വനിതാ സംഘടനകളും ഉണ്ടായിട്ടും സ്വാതന്ത്ര്യത്തിന്റെ എഴുപതു വർഷങ്ങൾക്ക് ശേഷവും ഇന്നും രാജ്യത്തെ സ്ത്രീകൾക്ക് നിർഭയം വഴി നടക്കാനുള്ള അവകാശം നേടിയെടുക്കാൻ പോലും സാധിച്ചില്ല എന്നതു മാത്രം മതി, ഇവ എത്ര പ്രയോജന രഹിതമാണ് എന്നു വ്യക്തമാകാൻ.

പക്ഷേ, കേരളത്തിൽ ഒരു വനിതാ സംഘടനയുടെ രൂപീകരണം എന്നെ അങ്ങേയറ്റം ആനന്ദിപ്പിച്ചു. എന്റെ കാഴ്ചപ്പാടിൽ, 2017ലെയും ഈ മിലേനിയത്തിലെ തന്നെയും ഏറ്റവും പ്രധാനപ്പെട്ട ചുവടുവയ്‌പാണ്, ആ സംഘടനയുടെ രൂപീകരണം.

മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടന. –വിമൻ കളക്ടീവ് ഇൻ സിനിമ എന്ന WCC..
മലയാള സിനിമാലോകത്തെ അവസ്ഥ വച്ചു നോക്കുമ്പോൾ അത്തരമൊരു സംഘടന സ്വപ്‌നം കാണാൻ അസാമാന്യ ധൈര്യം തന്നെ വേണം. കാരണം ആൺ അധികാരികൾ തങ്ങളുടെ കൂട്ടത്തിലെ ' വെറും ' പെണ്ണുങ്ങൾക്കു ദയാവായ്‌പോടെ സമ്മാനിച്ച ഒരു സമാശ്വാസ സമ്മാനമല്ല, ഈ സംഘടന. തൊഴിലെടുക്കാനും യാത്ര ചെയ്യാനും ജീവിക്കാനുമുള്ള മനുഷ്യാവകാശങ്ങൾക്കു വേണ്ടി തങ്ങളല്ലാതെ മറ്റാരും ശബ്ദമുയർത്തുകയില്ല എന്ന തിരിച്ചറിവിൽ മുന്നോട്ടു വന്ന സ്ത്രീകളുടെ ഒത്തുചേരലാണ്.

WCC. മറ്റൊരു സംഘടനയുടെയും പോഷക സംഘടനയല്ല. WCC ക്കു പുരുഷൻമാരായ രക്ഷാധികാരികളോ വഴികാട്ടികളോ ഇല്ല. സ്ത്രീകൾക്ക് ഒറ്റയ്‌ക്ക് ഒരു സംഘടന രൂപീകരിക്കാമെന്നും തങ്ങൾക്കു വേണ്ടി സംസാരിക്കാൻ മറ്റാരെയും ആവശ്യമില്ലെന്നും തെളിയിച്ച സംഘടനയാണ്. അതുകൊണ്ട്, ആ സംഘടന എക്കാലവും നിലനിൽക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. അത് ഒരു ചരിത്ര ദൗത്യത്തിന്റെ പൂർത്തീകരണമാണ്.

ആസൂത്രിതമായി ആ പേജ് ഡിസ് ലൈക്ക് ചെയ്യുന്നതും അംഗങ്ങളെ തെറി വിളിക്കുന്നതും കൊണ്ട് പ്രയോജനമൊന്നുമില്ല. കണ്ണു കുത്തിപ്പൊട്ടിച്ചെന്നു കരുതി കാഴ്ചപ്പാട് ഇല്ലാതാകുമോ? WCC പേജിന് എക്‌സലന്റ് റേറ്റിങ് കൊടുത്തു കൊണ്ട് 2018 ആരംഭിക്കുമ്പോൾ, എനിക്ക് എന്തൊരു റിലാക്‌സേഷൻ !
 

 

Related News
� Infomagic - All Rights Reserved.