വീല്‍ ചെയറില്‍ കഴിയുന്നവര്‍ രാജാക്കന്‍മാരെ പോലെ നമുക്കിടയില്‍ സഞ്ചരിക്കട്ടെ
March 22,2018 | 11:09:42 am

ബ്ലോഗിലൂടെ സമൂഹത്തിലെ വിവിധങ്ങളായ വിഷയങ്ങളോട് പ്രതികരിക്കുന്ന മോഹന്‍ലാല്‍ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ബ്ലോഗുമായി രംഗത്തെത്തിയിരിക്കുകയാണ്. തന്റെ സിനിമാ ചിത്രീകരണ തിരക്ക് മൂലം ബ്ലോഗെഴുതാന്‍ സാധിക്കാത്തതിന് അദ്ദേഹം ദിവസങ്ങള്‍ക്ക് മുന്‍പ് ആരാധകരോട് ക്ഷമ ചോദിച്ചിരുന്നു.

വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗിന്റെ മരണമുണ്ടാക്കിയ ഞെട്ടലും വിഷമവും ഓര്‍ത്ത് കൊണ്ടാണ് മോഹന്‍ലാല്‍ ബ്ലോഗ് ആരംഭിക്കുന്നത്. വീല്‍ ചെയറിലിരുന്ന് താരാപഥങ്ങളെ കുറിച്ച് ഗവേഷണം നടത്തുകയും ചിന്തകള്‍ പങ്കുവെക്കുകയും ചെയ്ത അദ്ദേഹത്തിന്റെ ഇച്ഛാശക്തിയെ ആദരവോടെ നോക്കി കാണുകയാണെന്നും ലാല്‍ പറയുന്നു. തന്റെ ഒരു സുഹൃത്തായ വീല്‍ ചെയറില്‍ കഴിയുന്ന ഒരു ഡോക്ടറെ കണ്ട അനുഭവവും അദ്ദേഹം പങ്കുവെയ്ക്കുന്നുണ്ട്. ഡോക്ടര്‍ തന്നോട് വീല്‍ ചെറില്‍ കഴിയുന്നവരുടെ ബുദ്ധിമുട്ടുകള്‍ അറിയുമോ എന്ന് ചോദിച്ച കാര്യവും ലാല്‍ തുറന്ന് പറയുന്നു. പ്രണയം എന്ന സിനിമയില്‍ താന്‍ വീല്‍ ചെയറിലിരുന്ന് അഭിനയിച്ചപ്പോള്‍ കണ്ണടച്ചിരുന്ന് അവരുടെ ബുദ്ധിമുട്ടുകളെ കുറിച്ചാലോചിച്ചിട്ടുണ്ടെന്ന് മോഹന്‍ലാല്‍.

തങ്ങള്‍ക്ക് അന്യമാകുന്ന സഞ്ചാര പദങ്ങളെ കുറിച്ച് ഡോക്ടര്‍ പറഞ്ഞപ്പോഴാണ് ചിന്തിച്ചതെന്നും ലാല്‍. ആരാധനാലയങ്ങള്‍, റെയില്‍വെ സ്‌റ്റേഷന്‍, തിയേറ്റര്‍ തുടങ്ങീ സാധാരണ മനുഷ്യന്‍ നടക്കുന്നിടങ്ങളിലെല്ലാം പടവുകളാണ്. അതിനാല്‍ വീല്‍ ചെയറില്‍ കഴിയുന്നവര്‍ക്കിതെല്ലാം അന്യമാണ്. എത്ര നിസ്സഹായരാണ് നമ്മുടെ സഞ്ചാര പഥങ്ങളില്‍ അവരെന്ന് ലാല്‍ ഓര്‍മ്മപ്പെടുത്തുന്നു. ഒരു താരമായല്ല മറിച്ച് അമ്മ വീല്‍ ചെയറില്‍ കഴിയുന്ന ഒരു മകന്റെ കുറിപ്പായിതിനെ കാണണമെന്നും താരം പറയുന്നു. വീല്‍ ചെയറില്‍ കഴിയുന്നവര്‍ രാജാക്കന്‍മാരെ പോലെ നമുക്കിടയില്‍ സഞ്ചരിക്കട്ടെയെന്ന് പറഞ്ഞാണ് ബ്ലോഗ് അവസാനിപ്പിക്കുന്നത്.

My Latest Blog: " Let's heal the one on wheels " http://blog.thecompleteactor.com/2018/03/lets-heal-the-one-on-wheels/

Posted by Mohanlal on Wednesday, March 21, 2018

 
� Infomagic - All Rights Reserved.