തൃഷയുടെ അപേക്ഷ സ്വീകരിച്ചില്ല; '96' സണ്‍ ടിവിയില്‍ പ്രദർശിപ്പിക്കുന്നു
November 06,2018 | 07:01:43 pm

ദീപാവലി ദിനമായ ഇന്ന്  സണ്‍ ടിവിയില്‍ '96' സിനിമ സംപ്രേക്ഷണം നടത്തുന്നു. പല സിനിമാപ്രേമികളുടേയും അപേക്ഷകള്‍ തള്ളികൊണ്ടാണ് ചിത്രത്തിന്റെ പ്രദര്‍ശനം നടത്തുന്നത്.

വെറും അഞ്ച് ആഴ്ചകളായി പ്രദര്‍ശനം തുടന്നു കൊണ്ടിരിക്കുന്ന തങ്ങളുടെ ചിത്രം സണ്‍ ടിവിയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് അപേക്ഷിച്ചു കൊണ്ട് നടി തൃഷയും കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ട്വീറ്റ് ചെയ്തിരുന്നു. തൃഷയ്‌ക്കൊപ്പം ആരാധകരും ചേര്‍ന്നിരുന്നു. എന്നാല്‍ അതെല്ലാം തള്ളികൊണ്ടാണ്ട് പ്രദര്‍ശനം.

ക്യാമറാമാന്‍ ആയിരുന്ന സി.പ്രേംകുമാറിന്റെ ആദ്യ സംവിധാന സംരംഭമായ '96' തെന്നിന്ത്യയൊട്ടാകെയുള്ള പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റി നിറഞ്ഞ സദസ്സില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. നഷ്ടപ്രണയത്തിന്റെ കഥ പറയുന്ന ചിത്രം മലയാളികളും ഇരുകൈനീട്ടിയാണ് സ്വീകരിച്ചത്.

സണ്‍ ടിവിയുടെ തീരുമാനത്തില്‍ നിരാശ പ്രകടിപ്പിച്ച്‌ ചിത്രത്തിന്റെ സംവിധായകന്‍ പ്രേംകുമാറും രംഗത്തെത്തിയിരുന്നു. നന്നായി തിയേറ്ററില്‍ ഓടുന്ന ചിത്രം സണ്‍ ടിവി എന്തിനാണ് ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്നാണ് അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചത്. 'തമിഴ്‌നാട്ടില്‍ കൂടാതെ കേരളത്തിലും കര്‍ണാടകയിലും ചിത്രം നന്നായി ഓടുന്നുണ്ട്. നല്ല രീതിയിലാണ് ചിത്രം പണം വാരുന്നത്. അടുത്ത ഏതെങ്കിലും ഉത്സവകാലത്തേക്ക് ചിത്രത്തിന്റെ പ്രദര്‍ശനം മാറ്റണമെന്നാണ് ഞങ്ങളുടെ അപേക്ഷ. നവാഗതനായ ഒരു സംവിധായകനെന്ന നിലയില്‍ ഞാന്‍ അവരോട് വളരെ നന്ദിയുളളവനായിരിക്കും,' പ്രേംകുമാര്‍ പ്രതികരിച്ചു.

അതേസമയം, വിജയ്‌യുടെ ദീപാവലി റിലീസ് ചിത്രം 'സര്‍ക്കാരി'ന്റെ പ്രദര്‍ശനാവകാശവും സണ്‍ ടിവി തന്നെയാണ് വാങ്ങിയിട്ടുളളത്. '96' ടെലിവിഷനില്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചാല്‍ ചിത്രം തിയേറ്ററുകളില്‍ നിന്നും പൂര്‍ണമായും പുറന്തളളപ്പെടുകയും ഇത് 'സര്‍ക്കാരിന്' ഗുണകരമാവുകയും ചെയ്യും. ഇത് ചൂണ്ടിക്കാട്ടിയും പ്രേക്ഷകര്‍ സണ്‍ ടിവിക്കെതിരെ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. 'സേവ് 96' ക്യാമ്ബെയ്‌നുകളുമായി സമൂഹമാധ്യമങ്ങളിലും ചാനലിനെതിരെ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. Ban96MoviePremierOnSunTv തുടങ്ങിയ ഹാഷ് ടാഗുകളുമായും നിരവധിപേര്‍ ടെലിവിഷന്‍ പ്രീമിയറിനോടുള്ള പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്.

 
� Infomagic- All Rights Reserved.