ഒറ്റനോട്ടത്തില്‍ ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ വായിക്കാം.(10-11-2017)
November 10,2017 | 03:50:55 pm
Share this on

. മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ചാണ്ടിയെ സിപിഎം കൈവിടുന്നു. രാജിക്കാര്യത്തില്‍ സ്വയം തീരുമാനമെടുക്കണമെന്ന് മന്ത്രിയോട് സിപിഎം നേതൃത്വം നിര്‍ദ്ദേശിച്ചതായാണ് വിവരം. സാഹചര്യം ഗൗരവമുള്ളതെന്നാണ് സിപിഎം വിലയിരുത്തല്‍.

. മന്ത്രി തോമസ് ചാണ്ടിയുടെ രാജി വാര്‍ത്ത തള്ളി എന്‍.സി.പി സംസ്ഥാന നേതൃത്വം. ഉചിതമായ തീരുമാനമെടുക്കണമെന്ന് സി.പി.എം അറിയിച്ചതിന് ശേഷവും മന്ത്രി തോമസ് ചാണ്ടി രാജിവെയ്‌ക്കേണ്ടെന്ന നിലപാടിലുറച്ച് തന്നെയാണ് നേതൃത്വം. ഇടതുപക്ഷമോ,സി.പി.എമ്മോ, പാര്‍ട്ടിയോ രാജി എന്ന തീരുമാനമെടുത്തിട്ടില്ലെന്ന് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

 

. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി വെട്ടിച്ചുരുക്കിയ ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കി. ദേവസ്വം ഓര്‍ഡിന്‍സില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍ പി. സദാശിവത്തിന് കത്തുനല്‍കി. ഓര്‍ഡിനന്‍സ് ഇറങ്ങുന്നതോടെ നാളെ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന പ്രയാര്‍ഗോപാലകൃഷ്ണനും അജയ് തറയിലിനും അംഗത്വം നഷ്ടമാകും.

. ജല അതോറിറ്റി എംഡി എ.ഷൈനാ മോളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവ്. സംസ്ഥാന പൊലീസ് മേധാവിക്കാണ് കോടതി നിര്‍ദേശം. ഈ മാസം 15ന് ഹാജരാക്കണം. കോടതിയലക്ഷ്യ കേസില്‍ വെള്ളിയാഴ്ച നേരിട്ട് ഹാജരാകാന്‍ ആക്ടിങ്ങ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഷൈനാ മോള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ലംഘിച്ചതിനാണ് നടപടി.

. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍(ജെഎന്‍യു) ബിരിയാണി പാചകം ചെയ്തതിന് വിദ്യാര്‍ഥികള്‍ക്ക് പിഴ. വൈസ് ചാന്‍സിലര്‍ക്കെതിരായ പ്രതിഷേധത്തിനിടെയായിരുന്നു പാചകം. ആറായിരം മുതല്‍ പതിനായിരം രൂപവരെയാണ് പിഴ ചുമത്തിയത്.

. പ്രവാസികള്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ നിയമം ഭേദഗതി ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇന്ത്യയിലെ തെരഞ്ഞെടുപ്പില്‍ പകരക്കാരെ (പ്രോക്‌സി) ഉപയോഗിച്ചു വോട്ട് ചെയ്യുന്നത് അനുവദിക്കാനുള്ള ജനപ്രാതിനിധ്യ ഭേദഗതി ബില്‍ അടുത്ത സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.


. ഹിന്ദുക്കളെ ന്യൂനപക്ഷമാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജിക്കാരന് വേണമെങ്കില്‍ ന്യൂനപക്ഷ കമ്മീഷനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. എട്ട് സംസ്ഥാനങ്ങളിലെ ഹിന്ദുക്കളെ ന്യൂനപക്ഷമായി പരിഗണിക്കണമെന്നായിരുന്നു ബിജെപി നേതാവ് അഡ്വ. അശ്വിനികുമാര്‍ ഉപാധ്യായിയുടെ ഹര്‍ജിയിലെ ആവശ്യം.


. പൊലീസ് തന്നെ ബലിയാടാക്കിയെന്ന് ഗുരുഗ്രാം റയന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി കൊല്ലപ്പെട്ട കേസില്‍ ആദ്യം അറസ്റ്റിലായ ബസ് ജീവനക്കാരന്‍. സ്‌കൂള്‍ ബസ് ജീവനക്കാരന്‍ അശോക് കുമാറിനു സംഭവത്തില്‍ നേരിട്ടു ബന്ധമില്ലെന്നു വെളിപ്പെടുത്തിയ സിബിഐ, പ്ലസ് വണ്‍ വിദ്യാര്‍ഥിയാണു കുറ്റക്കാരനെന്നു കണ്ടെത്തിയിരുന്നു.


. പാകിസ്താനില്‍ നിന്നുള്ള അഞ്ച് മത്സ്യബന്ധന ബോട്ടുകള്‍ അതിര്‍ത്തിരക്ഷാസേന (ബി.എസ്.എഫ്) പിച്ചെടുത്തു. കൂടാതെ മൂന്നു മത്സ്യത്തൊഴിലാളികളെയും ബി.എസ്.എഫ് പിടികൂടിയിട്ടുണ്ട്.ഗുജറാത്തിലെ ഭൂജിലാണ് സംഭവം.

 

RELATED STORIES
� Infomagic - All Rights Reserved.