പ്രണയത്തിൽ ചാലിച്ച മെഴുതിരി അത്താഴം മധുരത്തിൽ നുണയാം; റിവ്യൂ
July 28,2018 | 04:45:30 pm

നിരവധിയനവധി പ്രണയ ചിത്രങ്ങൾ ഇതിനോടകം മലയാള സിനിമയിൽ കടന്നു പോയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഒരു പ്രണയ ചിത്രം എന്ന് പറയുമ്പോൾ പലരുടെയും മുഖം ചുളിയും. എന്നാൽ, സൂരജ് തോമസിന്റെ എന്റെ മെഴുകി തിരി അത്താഴങ്ങൾ പ്രണയത്തിന്റെ പുതിയൊരു റസിപ്പിയാണ് അനുഭവപ്പെടുത്തുന്നത്. ഒരിടവേളയ്ക്ക് ശേഷം അനൂപ് മേനോന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് എന്റെ മെഴുതിരി അത്താഴങ്ങള്‍.

സഞ്ജയ് പോളിന്റേ(അനൂപ് മേനോൻ)യും അഞ്ജലി(മിയ)യുടേയും പ്രണയ കാലമാണ് സിനിമ.  കൊച്ചിയിൽ സ്വന്തമായി ഹോട്ടൽ നടത്തുന്ന സഞ്ജയ് ലോകമറിയുന്ന ഷെഫ് കൂടിയാണ്. താൻ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചിയും ആ റസിപ്പിയുടെ രഹസ്യവും സഞ്ജയ് മറ്റാരോടും വെളിപ്പെടുത്തിയിട്ടില്ല. സഞ്ജയുടെ ആ രുചികൂട്ട് കിട്ടിയതിനു പിന്നിൽ ഒരു നഷ്ടപ്രണയത്തിന്റെ കഥയുണ്ട്. ആ കഥയാണ് മെഴുതിരി അത്താഴങ്ങൾ പറയുന്നത്. 

സഞ്ജയ് പുതിയ രുചിക്കൂട്ടുകൾ തേടി അലയുന്നതിനിടയിലാണ് അലങ്കാര മെഴുകുതിരി ഡിസൈനറായ അഞ്ജലിയെ കാണുന്നത്. അതിനു ശേഷം അവർക്കിടയിൽ രൂപപ്പെടുന്ന സൗഹൃദവും പ്രണയവും ചിത്രത്തിന്റെ കാമ്പായി മാറുന്നു. പ്രണയത്തിനപ്പുറത്തേക്ക് കുറേയധികം കഥാപാത്രങ്ങളിലേക്കും ചിത്രം കടന്നു പോവുന്നുണ്ട്. മുഴുനീളെ പ്രണയം തന്നെയെങ്കിലും ഇടക്കിടക്ക് വന്നു കൂടുന്ന പ്രതിസന്ധികൾ വീണ്ടും ഒരു വിരഹത്തിൽ നിന്നുയർന്നു വരുന്ന പ്രണയം പോലെ ഇരട്ടി മധുരമാക്കുന്നുണ്ട്. 

കാലങ്ങൾ കൂടിയുള്ള അനൂപ് മേനോന്റെ തിരിച്ച്  വരവ് ഗംഭീരമാക്കിയിട്ടുണ്ട്. മിയയുടെ അഞ്ജലി എന്ന കഥാപാത്രം ഒരു പക്ഷെ അവരുടെ കരിയറിലെ ബെസ്റ്റ് പെർഫോമെൻസ് കൂടിയായിരിക്കും. അലന്‍സിയര്‍, ബൈജു, മഞ്ജു, ഹന്ന റെജി കോശി, നിര്‍മ്മല്‍ പാലാഴി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഒപ്പം സംവിധായകരായ ലാല്‍ ജോസ്, ശ്രീകാന്ത് മുരളി, വികെ പ്രകാശ്, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തിലെ പ്രത്യേക ആകര്‍ഷണമാകുന്നു. 

ജിത്തു ദാമോദറുടെ കാമറ റസിപ്പിയും കൂടുതൽ രുചി ഭേദം നൽകുന്നുണ്ട്. ഊട്ടിയെ അതിമനോഹരമായാണ് അദ്ദേഹം ഒപ്പിയെടുത്തിരിക്കുന്നത്. ചിത്രത്തിന്റെ മൂഡ് നിലനിര്‍ത്തുന്ന പശ്ചാത്തല സംഗീതവും എഡിറ്റിംഗും എന്റെ മെഴുതിരി അത്താഴങ്ങളെ പ്രേക്ഷകര്‍ക്ക് ഒരു അനുഭവമാക്കി മാറ്റുന്നു. 

പ്രണയ ചിത്രങ്ങളുടെ ക്ളീഷേകളിൽ നിന്നും സ്ത്രീ വിരുദ്ധതയിൽ നിന്നുമൊക്കെ വ്യത്യസ്തമായി കൺകുളിർമയിൽ ചിത്രം കണ്ടിറങ്ങാനാവും. പ്രണയം എന്ന് കരുതി യുവാക്കൾക്ക് മാത്രമായി റിസർവ്ഡ് എന്ന് ഈ ചിത്രത്തെ വിലയിരുത്താൻ കഴിയില്ല. കുടുംബ പ്രേക്ഷകർക്കും കുട്ടികൾക്കുമെല്ലാം ചിത്രം ആസ്വാദ്യകരമാവും.

 
� Infomagic- All Rights Reserved.