മലയാള സിനിമയെ തന്നെ വഴിതെറ്റിക്കും ഇവൻ; ഇബ്‌ലീസ് റിവ്യൂ
August 03,2018 | 09:21:49 pm

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന് ശേഷം ആസിഫ് അലിയെ നായകനാക്കി രോഹിത് സംവിധാനം ചെയ്ത സിനിമയാണ് ഇബിലീസ്. സംവിധായകന്‍ രോഹിതും സമീര്‍ അബ്ദുലും ചേര്‍ന്നാണ് ഇബിലീസിന്റെ കഥ ഒരുക്കിയിരിക്കുന്നത്.

ഒരു സാങ്കല്പിക കഥയാണ് ഒറ്റവാക്കിൽ പറഞ്ഞാൽ ഇബ്‌ലീസ് മുന്നോട്ട് വെക്കുന്നത്. വ്യത്യസ്തമായ ഒരു നാടും അതിലും വ്യത്യസ്തമായ നാട്ടുകാരുമാണ് ചിത്രത്തില്‍ ഉള്ളത്. മരണ വീടുകളില്‍ ഉച്ചഭാഷിണിയിലൂടെ പാട്ടു വച്ചു കൊടുക്കുന്നതാണ് വൈശാഖ(ആസിഫ് അലി)ന്റെ ജോലി.  നാട്ടിലെ മധുരപലഹാരങ്ങൾ ഉണ്ടാക്കുന്ന ബീവിയുടെ മകൾ ഫിദ (മഡോണ)യോട് പ്രണയമാണ് വൈശാഖന്. നേരിട്ട് പറയാൻ ശ്രമിക്കാറുണ്ടെങ്കിലും അവന് അത് കഴിയാറില്ല. ഈ പ്രണയം ഫിദയെ അറിയിക്കാന്‍ വൈശാഖന്റെ മുത്തച്ഛന്‍ ശ്രീധരന്‍ (ലാല്‍) ഒരുക്കുന്ന തന്ത്രങ്ങളുമെല്ലാമാണ് ചിത്രത്തിന്റെ ആദ്യ പകുതി. രണ്ടാം പകുതി മുതല്‍ ജീവിച്ചിരിക്കുന്നവര്‍ മാത്രമല്ല, മരിച്ചു പോയവരും കൂടിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. അല്ലെങ്കില്‍ അവരാണ് ചിത്രത്തിന്റെ ഗതി നിര്‍ണയിക്കുന്നത്.

മരിച്ച് പോയവരുടെ വീക്ഷണത്തിലൂടെയാണ് കഥ പറഞ്ഞു പോകുന്നത്. കഥ സംവിധായകന്റേയും തിരക്കഥ സമീര്‍ അബ്ദുളിന്റേതുമാണ്. കഥ നീളുന്നത് വൈശാഖനെ ചുറ്റിപ്പറ്റിയാണെങ്കിലും ശ്രീധരന്‍ എന്ന ലാല്‍ അഭിനയിച്ച കഥാപാത്രമാണ് പലപ്പോഴും ചിത്രത്തെ നയിക്കുന്നത്. സര്‍ക്കീട്ടുകാരന്‍ മുത്തച്ഛന്‍ പലപ്പോഴും ഒരു മാജിക്കുകാരനായി അനുഭവപ്പെടും. വളരെ രസകരമായി തന്റെ കഥാപാത്രത്തെ മികവുറ്റതാക്കാന്‍ ലാലിന് സാധിച്ചു.

സംഭാഷണശൈലിയിലും നർമം കല‍ർത്തിയ അഭിനയരീതിയിലും സിദ്ദിഖ് പ്രേക്ഷകരെ ചിരിപ്പിക്കും. ഫിദയായി മഡോണ കൂടുതൽ സുന്ദരിയായിരുന്നു. സൈജു കുറുപ്പ്, ആദിഷ്, ശ്രീനാഥ് ഭാസി, പോളി, ശിവകുമാർ, കൈനകിരി തങ്കരാജ് എന്നിവരാണ് മറ്റുതാരങ്ങൾ. വൈശാഖൻ എന്ന കഥാപാത്രം തന്മയത്തത്തോടെ ആസിഫ് അലി അവതരിപ്പിക്കുകയും ചെയ്തു.

ഫാന്റസിക്കൊപ്പം ഇഴചേർന്ന് നീങ്ങുന്നതാണ് ഡോണ്‍ വിന്‍സെന്റിന്റെ സംഗീതം. അഖില്‍ ജോര്‍ജ് ഒരുക്കിയ  കാമറയും മികവ് പുലർത്തുന്നുണ്ട്. ചുരുക്കത്തിൽ പറഞ്ഞാൽ ഒരു പരീക്ഷണ ചിത്രത്തിന്റെ ഭാവുകത്വം മനസ്സിൽ സൂക്ഷിച്ച് പോയാൽ കൈയ്യടിച്ച് പോരാവുന്ന ഒരു ചിത്രമാണ് ഇബ്‌ലീസ്.

 
� Infomagic- All Rights Reserved.