കമ്മാരസംഭവം റിവ്യു: സാങ്കേതിക തികവില്‍ ഒരുക്കിയ സംഭവ ബഹുലമായ ചിത്രം
April 14,2018 | 06:04:12 pm

രാമലീലയ്ക് ശേഷം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ദിലീപ് ചിത്രം കമ്മാരസംഭവം ഒരു സാങ്കേതിക തികവാര്‍ന്ന സംഭവ ബഹുല ചിത്രം തന്നെ. മൂന്നു മണിക്കൂർ ദൈർഘ്യമുള്ള ചിത്രമാണിത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുകയും നടന്‍ മുരളി ഗോപി തിരക്കഥ ഒരുക്കുകയും ചെയ്ത ഈ സിനിമയ്ക്ക് മുതല്‍ മുടക്ക് 20 കോടിയോളം രൂപയാണ്. ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് സിനിമ നിര്‍മ്മിക്കുന്നത്. ദിലീപിന്റെ കീഴിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷനാണ് സിനിമ വിതരണത്തിനെത്തിച്ചത്.

 മലയാള സിനിമ കണ്ട ഏറ്റവും മികച്ച പൊളിറ്റിക്കൽ സറ്റയറുകളിൽ ഒന്നായി രേഖപ്പെടുത്താന്‍ കഴിയുന്ന സിനിമയാണ് കമ്മാരസംഭവം.  ചരിത്രത്തെ എങ്ങനെ തലകീഴായി വളച്ചൊടിച്ച് ജനങ്ങളിലേക്ക് ആഴത്തിൽ സ്ഥാപിച്ചെടുക്കുന്നത് എന്നതിന് നമ്മൾ സാക്ഷ്യം വഹിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ഈ മൂന്നു മണിക്കൂറില്‍ സംഭവിക്കുന്നത്. 

കമ്മാരൻ നമ്പ്യാർ എന്ന കമ്മാരനിൽ നിന്നാണ് സിനിമ ആരംഭിക്കുന്നത്. കമ്മാരൻ പറഞ്ഞു കൊടുത്ത സ്വന്തം ചരിത്രം പിന്നീട് വെള്ളിത്തിരയിൽ സിനിമയായി മാറുന്നു. ആ സിനിമയിൽ പക്ഷേ ചരിത്രം വളച്ചൊടിക്കപ്പെടുന്നു. നായകൻ വില്ലനാകുന്നു വില്ലൻ നായകനും. 

അധ്യായം ഒന്ന് എന്നെഴുതി കാണിച്ച് കമ്മാരൻ പറയുന്ന ചരിത്രം അമൃത സമുദ്രം എന്ന അക്കാലത്തെ മൈസൂർ-മദിരാശി അതിർത്തി പ്രദേശത്ത് 1940കളിലാണ് നടക്കുന്നത്. യുവാവായ കമ്മാരൻ ചതിയനും കുടില തന്ത്രജ്ഞനും എന്തും ചെയ്യാൻ മടിയില്ലാത്തവനുമാണ്.

സ്വാതന്ത്ര്യ സമരം നടക്കുന്ന കാലമായിട്ടും അയാൾക്ക് നാടിനോടോ നാട്ടുകാരോടോ ജന്മിയോടോ അടിയാളന്മാരോടോ ബ്രിട്ടീഷുകാരോടോ ഐഎൻഎ യോടോ നാട്ടിലെ പോരാട്ടങ്ങളോടോ ഒന്നും താല്പര്യമില്ല. വൈദ്യനായ അയാൾക്ക് എല്ലായിടത്തും ആക്സപറ്റൻസ് ഉള്ളതിനാൽ അത് മുതലെടുത്ത് എല്ലാവരുടെയും ആളായി നടിക്കുകയും പരസ്പരം തമ്മിലടിപ്പിക്കുകയും ചെയ്യുന്നു.

കേളു നമ്പ്യാർ എന്ന ജന്മി (മുരളി ഗോപി) ക്രൂരനാണെങ്കിലും മകൻ ഒതേനൻ (സിദ്ധാർഥ്) ആണ് ആ എപ്പിസോഡിലെ ഹീറോ. മുറപ്പെണ്ണായ ഭാനുമതിയിൽ (നമിത) കമ്മാരന് നല്ല താല്പര്യമുണ്ടെങ്കിലും അവൾക്കും ഒതേനനോടാണ് പ്രണയം. എല്ലാ അർത്ഥത്തിലും വില്ലനും ഫ്രോഡുമായ കമ്മാരൻ എല്ലാവരുടെയും ചതിച്ച് ആ നാടിനെ തന്നെ കുട്ടിച്ചോറാക്കുന്നിടത്ത് ഒന്നേ മുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള യഥാർത്ഥചരിത്രം തീരുന്നു.

ഒന്നാം പകുതിയിൽ നിന്ന് തീർത്തും വ്യത്യസ്തമായി ‘സ്പൂഫ്’ രീതിയിലാണ് രണ്ടാം പകുതി ഒരുക്കിയിരിക്കുന്നത്. ആദ്യ പകുതി നൽകിയ ആ ‘ഫ്ലോ’ രണ്ടാം പകുതിയിൽ തെല്ലു കുറയുന്നുണ്ട്. ആദ്യ പകുതിയിലെ പല രംഗങ്ങളും സംഭാഷണങ്ങളും മറ്റൊരു രീതിയിൽ രണ്ടാം പകുതിയിൽ ആവിഷ്ക്കരിക്കപ്പെടുമ്പോൾ കാഴ്ചക്കാരനും ചില സംശയങ്ങൾ തോന്നിയേക്കാം. 

കലാസംവിധാനവും സി.ജിയും വിംഎഫ്ംഎക്സും സിനിമയിൽ ഒന്നിനൊന്ന് മികച്ചു നിൽക്കുന്നു. ബാഹുബലിയിലെ വി.എഫ്.എക്സിൽ പോലും ആസ്വാദകന് ഇടയ്ക്ക് കല്ലുകടി തോന്നിയിട്ടുണ്ടെങ്കിൽ കമ്മാരസംഭവം അക്കാര്യത്തിൽ ഒരൊന്നൊന്നര സംഭവം തന്നെ.  ചിത്രത്തിലെ യുദ്ധരംഗങ്ങൾ ലോകോത്തര മികവോടെയാണ് ഒരുക്കിയിരിക്കുന്നത്.

 
� Infomagic - All Rights Reserved.