മനം കവരും കള്ളൻ; കായംകുളം കൊച്ചുണ്ണി റിവ്യൂ
October 11,2018 | 06:14:39 pm

മനസുകൾ കട്ടെടുക്കാൻ പെരുംകള്ളന്റെ ചരിത്രം പറയുന്ന ‘കായംകുളം കൊച്ചുണ്ണി’ തീയറ്ററുകളിൽ ആവേശം ഉയർത്തുകയാണ്. കേരളത്തില്‍ മാത്രം 351 തിയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘കായംകുളം കൊച്ചുണ്ണി’യെ തിരക്കഥാകൃത്തിന്റെയും അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ദ്ധരുടെയുമൊക്കെ അസാമാന്യ മികവിലൂടെ വമ്പിച്ച സ്വീകാര്യതയിൽ എത്തിക്കുന്നു.

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയ്ക്കൊപ്പം ചരിത്രത്തില്‍ വരച്ചിട്ട മറ്റിടങ്ങളിലേക്ക് പ്രേക്ഷകനെ കൊണ്ടുപോകാന്‍ ബോബി- സഞ്ജയ് കൂട്ടുക്കെട്ടിന്റെ തിരക്കഥയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നിഷ്കളങ്കതയും കാരുണ്യതയും ധീരതയും പ്രണയവും ഒക്കെ ഉൾച്ചേർന്ന കഥാപാത്രമാണ് കൊച്ചുണ്ണി.

കള്ളനായ വാപ്പയുടെ മകനായാണ് കൊച്ചുണ്ണി ജനിക്കുന്നത്. വാപ്പയെ നാട്ടുകാർ കെട്ടിയിട്ട് മർദ്ദിച്ച് കൊലപ്പെടുത്തുന്നത് കാണുന്ന കൊച്ചുണ്ണി താൻ ഒരിക്കലും കള്ളനാവുകയില്ല എന്ന് ദൃഢ പ്രതിജ്ഞയെടുക്കുന്നു. എന്നാൽ സാഹചര്യങ്ങൾ കൊച്ചുണ്ണിയെയും കള്ളനാക്കുന്നതാണു പിന്നിലെ കഥ. കൊച്ചുണ്ണിയുടെ ചെറുപ്പ കാലത്തേക്കാൾ കൂടുതലായി യൗവന കാലമാണ് ചിത്രത്തിൽ കാണിക്കുന്നത്.

തൊട്ടുകൂട്ടായ്മയും ,തീണ്ടികൂട്ടായ്മയും അടങ്ങിയ ജാതിവ്യവസ്ഥക്കെതിരെയും ബ്രിട്ടിഷ് ഭരണത്തിനെതിരെയും ശബ്ദം ഉയര്‍ത്തുന്ന കായകുളം കൊച്ചുണ്ണി തിയേറ്ററില്‍ നിറഞ്ഞ കൈയ്യടിനേടി. കീഴാള പെണ്ണിന്റെ മാനംകാക്കുന്ന നന്മയുള്ള കള്ളനാവുന്ന കായകുളം കൊച്ചുണ്ണി സമൂഹത്തിന്റെ താഴത്തട്ടില്‍ കഷ്ടതകള്‍ അനുഭവിക്കുന്നവരുടെ വേണ്ടപ്പെട്ടവനായി മാറുന്നു.

ചിത്രത്തിന്റെ രണ്ടാം പകുതിയിലാണ് ഇത്തിക്കരയാറിന്റെ അധിപനായ ഇത്തിക്കരപ്പക്കി എത്തുന്നത്. അല്പം വിരസതയോടെ നീങ്ങുന്ന ആദ്യ പകുതിക്ക് ഇതോടെ വേറൊരു ഊർജവും ആവേശവും കൈവരുകയും ചെയ്യുന്നുണ്ട്. പകയും വിദ്വേഷവും അമർഷവും എല്ലാം ഉള്ളടങ്ങി തികഞ്ഞ ആക്ഷൻ രംഗങ്ങളിലേക്ക് ഇതോടെ മാറുകയും ചെയ്യുന്നുണ്ട്.

ഇത്തിക്കരപ്പക്കിയെന്ന കഥാപാത്രത്തെ വേഷം കൊണ്ടും വഴക്കം കൊണ്ടും മോഹന്‍ലാല്‍ കൈക്കുള്ളിലൊതുക്കി. ഏറെനേരം സ്ക്രീനില്‍ തങ്ങിനില്‍ക്കുന്നില്ലെങ്കിലും കൊച്ചുണ്ണിയുടെ ജീവിതത്തില്‍ ഇത്തിക്കരപ്പക്കി എന്ന കഥാപത്രം ഉണ്ടാക്കിയ സ്വാധിനം ചിത്രത്തില്‍ ഉയര്‍ത്തികാണിക്കുന്നുണ്ട്.

ബോളിവുഡിൽ നിന്നുള്ള ബിനോദ് പ്രദാനിന്റെ കാമറ തീക്ഷ്ണതയോടെ അവതരിപ്പിച്ചിട്ടുണ്ട്. കേരള പശ്ചാത്തലത്തിൽ ഒരുങ്ങിയ ചരിത്ര സിനിമയുടെ ഭാവുകത്വം ഒട്ടും ചോരാതെ തന്നെ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. 168 മിനിറ്റിൽ പതിഞ്ഞ താളത്തിൽ എഡിറ്റ് ചെയ്ത് ശ്രീകർ പ്രസാദ് തന്റെ കഴിവും പുറത്തെടുത്തിട്ടുണ്ട്. ചരിത്രമുഹൂര്‍ത്തങ്ങള്‍ക്കൊപ്പം ഗോപീ സുന്ദറിന്റെ സംഗീതം ഇഴചേർന്നു നികുന്നുണ്ട്.

കൊച്ചുണ്ണിയായി നിവിൻ പോളി എത്തുമ്പോൾ കഥാപാത്രത്തോട് എത്രത്തോളം ചേർന്ന് നിൽക്കാനായി എന്ന് ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. എങ്കിലും നിഷ്കളങ്കനും വീരനുമായി  അദ്ദേഹം കസറുന്നുണ്ട്. കണ്ണുകളിൽ പോലും തീക്ഷണതയൊളിപ്പിച്ച ഇത്തിരക്കരപ്പക്കിയെ മോഹൻലാൽ ഗംഭീരമാക്കിയെന്നു പറയാതെ വയ്യ. നായികയായി എത്തിയ പ്രിയ ആനന്ദ് അവിസ്മരണീയമാക്കുന്നുണ്ട്. സണ്ണി വെയ്ന്‍, ബാബു ആന്റണി, ഇടവേള ബാബു, സുധീര്‍ കരമന, മണികണ്ഠന്‍ ആചാരി, ഷൈം ടോം ചാക്കോ തുടങ്ങി നെടുനീളന്‍ താരനിരയും കൊച്ചുണ്ണിയുടെ ചരിത്രപശ്ചാത്തലത്തിന് കരുത്തു പകരുന്നുണ്ട്.

 
� Infomagic- All Rights Reserved.