ഫാന്‍സിനു ചങ്കിടിപ്പാകും ഈ മോഹന്‍ലാല്‍; റിവ്യൂ
April 14,2018 | 07:52:05 pm

തീര്‍ത്തും മോഹന്‍ലാല്‍ എന്ന നടനോടുള്ള ആരാധനയുടെ ചിത്രമാണ് മോഹന്‍ലാല്‍. സാജിദ് യഹിയ രണ്ടാമതായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മോഹന്‍ലാല്‍. സാധാരണ ഫാന്‍സ്‌ ചിത്രം എന്നതില്‍ ഉപരിയായി ചുറ്റുപാടും നടക്കുന്ന സന്ദര്‍ഭങ്ങളെ കൂടി ആവിഷ്കരിച്ച് കൊണ്ടാണ് ചിത്രം മുന്നോട്ട് പോകുന്നത്. മീനാക്ഷിയായി മഞ്ജു വാര്യരും സേതുമാധവനായി ഇന്ദ്രജിത്തും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. 

 ഒരു സാധാരണ മലയാളി കുടുംബത്തിൽ സംഭവിക്കാവുന്ന കാര്യങ്ങൾ മാത്രമേ ഈ ചിത്രത്തിലുമുള്ളൂ. ഈ പതിവു കാഴ്ചകളെ മോഹൻലാൽ എന്ന, സിനിമയുടെ ഇതിവൃത്തമെന്ന നിലയിൽ നമുക്കത്ര പരിചിതമല്ലാത്തൊരു നൂലിഴയിൽ കോർത്തെടുക്കുമ്പോഴുള്ള പുതുമ ചിത്രത്തെ വ്യത്യസ്തമാക്കുന്നു. മഞ്ജു വാരിയരുടെ മീനാക്ഷിയും അവരുടെ ഭർത്താവായെത്തുന്ന ഇന്ദ്രജിത്തിന്റെ സേതുമാധവനും ചേരുന്ന ഒരു മധ്യവർത്തി കുടുംബമാണ് കഥയുടെ കേന്ദ്രം. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ, മഞ്ജുവിന്റെ മീനാക്ഷി തന്നെയാണ് ഈ കഥയുടെ സർവവും. കടുത്ത മോഹൻലാൽ ആരാധികയായ മീനാക്ഷിയിലേക്കുള്ള മറ്റു കഥാപാത്രങ്ങളുടെ ഒഴുക്കാണ് ഈ ചിത്രം.

സൗബിൻ സാഹിർ, ബാലചന്ദ്രൻ ചുള്ളിക്കാട്, കെപിഎസി ലളിത, സലിം കുമാർ, കോട്ടയം പ്രദീപ്, ബിജുക്കുട്ടൻ, ശ്രീജിത് രവി, അജു വർഗീസ്, സുനിൽ സുഖദ, കോട്ടയം നസീർ, ഹരീഷ് കണാരൻ, അഞ്ജലി നായർ, കൃഷ്ണകുമാർ, സുധി കോപ്പ, സേതുലക്ഷ്മി തുടങ്ങിയവരെല്ലാം ചെറുതെങ്കിലും മികച്ച വേഷങ്ങളുമായി തിളങ്ങി. മീനാക്ഷിയുടെയും സേതുവിന്റെയും ചെറുപ്പം അവതരിപ്പിച്ചവരുടെ പ്രകടനവും ശ്രദ്ധേയം.

ഷാജികുമാറിന്റെ ക്യാമറ ശരാശരി നിലവാരം പുലർത്തിയപ്പോൾ ടോണി ജോസഫ്, നിഹാൽ സാദിഖ് എന്നിവരുടെ സംഗീതവും പ്രകാശ് അലക്സിന്റെ പശ്ചാത്തല സംഗീതവും മികച്ചുനിന്നു. ഇന്ദ്രജിത്തിന്റെ മകൾ പ്രാർഥനാ ഇന്ദ്രജിത് ആലപിച്ച ടൈറ്റിൽ സോങ് നേരത്തെ തന്നെ ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചിരുന്നു. മോഹൻലാൽ എന്ന സിനിമയിലെ ഏറ്റവും ആകർഷകമായ ഘടകളിലൊന്നും ഈ ടൈറ്റിൽ ഗാനം തന്നെ. ടൈറ്റിൽ കാർഡുകളുടെ അവതരണം വ്യത്യസ്തമായ കാഴ്ചയായി.

മോഹന്‍ലാലില്‍ തുടങ്ങി മോഹന്‍ലാലില്‍ അവസാനിക്കുന്ന ചിത്രമാണിതെന്ന് നിസ്സംശയം പറയാം. മുഷിപ്പിക്കുന്ന നിമിഷങ്ങളുണ്ടെങ്കിലും മനസ്സില്‍ തൊടുന്നൊരു കുടുംബകഥ അവതരിപ്പിക്കാന്‍ ചിത്രത്തിന്റെ അണിയറക്കാര്‍ക്കായിട്ടുണ്ട്. താരാരാധനയില്‍ പൊതിഞ്ഞൊരു കുടുംബചിത്രമെന്ന് ഒറ്റവാക്കില്‍ 'മോഹന്‍ലാലി'നെ വിശേഷിപ്പിക്കാം.

 
� Infomagic - All Rights Reserved.