നിസ്സഹായതയുടെ നീരാളിപ്പിടുത്തം; നീരാളി റിവ്യു
July 13,2018 | 03:09:18 pm

മോഹന്‍ലാലിന്റെ നായകനാക്കി ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ സംവിധാനം ചെയ്ത ചിത്രമാണ് നീരാളി. നാദിയ മൊയ്തുവാണ് നായിക. ത്രില്ലര്‍ ഡ്രാമയായി നിര്‍മ്മിച്ച ചിത്രത്തിന് സാജു തോമസാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നിസ്സഹായതയുടെ നീരാളിപ്പിടുത്തം എന്ന് ഒറ്റവാക്കില്‍ വിലയിരുത്താവുന്ന ഒരു മോഹന്‍ലാല്‍ ചിത്രം. രത്‌നക്കല്ലുകളുടെ മൂല്യം നിശ്ചയിക്കുന്ന ഒരു ജെമ്മോളജിസ്റ്റാണ് സണ്ണി ജോർജ് (മോഹന്‍ലാല്‍). പ്രസവം അടുത്ത് ആശുപത്രിയിൽ കഴിയുന്ന ഭാര്യ മോളിക്കുട്ടിയെ കാണാൻ ബെംഗളൂരുവില്‍നിന്നു കമ്പനി വണ്ടിയിൽ സണ്ണി യാത്ര തിരിക്കുന്നു. ഒപ്പം ഡ്രൈവര്‍ വീരപ്പനും (സുരാജ്) ഉണ്ട്. വീരപ്പനാണെങ്കിൽ കമ്പനി വക അഞ്ചുകോടിയുടെ ഡയമണ്ട്സും കൊണ്ടാണ് വണ്ടിയെടുത്തിരിക്കുന്നത്.

വീരപ്പന്‍ തന്റെ മകളുടെ ജന്മ ദിനം ആഘോഷിക്കാനും പിണക്കം മാറ്റാനും വീടിന്റെ ജപ്തി ഒഴിവാക്കാനുമൊക്കെയുള്ള ലക്ഷ്യം വെച്ചാണ് യാത്ര തുടങ്ങുന്നത്. ആ യാത്രയ്ക്കിടയിൽ അവർ വലിയൊരു അപകടത്തിൽപെടുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് നീരാളി. 

മരണത്തിന്റെയും ജീവിതത്തിന്റെ ഇടയിലെ നിസ്സഹായതയാണ് പിന്നീട് കാണിക്കുന്നത്. വളരെ ഗംഭീരമായ പര്യവസാനം നല്‍കുമെന്ന പ്രതീക്ഷ നല്‍കി ഒന്നുമല്ലാത്ത പര്യവസാനം നല്‍കി എന്നത് മാത്രമാണ് തിരക്കഥയുടെ പരാജയം. രണ്ടാം പകുതി താരതമ്യേന അതിന്റെ ഒഴുക്കില്‍ അയവ് വരുത്തുന്നുണ്ട്. വിഎഫ്എക്സ് പരമ ബോറായി എന്നൊക്കെ ആരെങ്കിലും പറഞ്ഞാല്‍ അതിനെ തള്ളിക്കളയാനും കഴിയില്ല.

വെറൈറ്റി ലുക്കില്‍ എത്തുന്ന മോഹൻലാലിന്റെ പ്രകടനമാണ് എടുത്തുപറയേണ്ടത്. സുരാജ് വെഞ്ഞാറമ്മൂടും പാര്‍വതിയും നദിയാ മൊയ്തുവും അവരുടെ വേഷങ്ങൾ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തുന്നുണ്ട്. സന്തോഷ് തുണ്ടി  യിലിന്റെ കാമറ മികവുറ്റതാക്കിയിട്ടുണ്ട്. സ്റ്റീഫൻ ദേവസിയുടെ പാട്ടുകൾ കേൾവിക്ക്   സുഖം തരുന്നുമുണ്ട്.

 
� Infomagic- All Rights Reserved.