റിവ്യൂ; ഉയരത്തില്‍ പറക്കുന്ന പരുന്തുമല്ല, പറക്കാത്ത കോഴിയുമല്ല പിഷാരടിയുടെ ഈ പഞ്ചവര്‍ണതത്ത
April 14,2018 | 06:06:15 pm

മലയാളത്തിലെ ഹാസ്യ സാമ്പ്രാട്ടായ രമേശ്‌ പിഷാരടി ആദ്യമായി സിനിമ സംവിധാന രംഗത്തേക്ക് ഇറങ്ങുമ്പോള്‍ ചില്ലറയൊന്നുമല്ല പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. പിഷാരടിയുടെ ഈ പഞ്ചവര്‍ണതത്ത പ്രതീക്ഷക്കൊത്ത് ഉയരുകയോ പ്രതീക്ഷകള്‍ അസ്ഥാനത്ത് നിര്‍ത്തുകയോ ചെയ്യുന്നില്ല. ഹരി പി. നായരും രമേഷ് പിഷാരടിയും ചേർന്നെഴുതിയ തിരക്കഥയില്‍ മണിയന്‍പിള്ള രാജുവിന്റെ  പുതിയ നിര്‍മാണസംരംഭത്തിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ഏറെ നാളുകള്‍ക്ക് ശേഷം ജയറാം വ്യത്യസ്ത ലുക്കില്‍ എത്തിയ ചിത്രം കൂടിയാണ് പഞ്ചവര്‍ണതത്ത. മൊട്ടയടിച്ച് കുടവയറും വ്യതിരക്ത ഭാഷ ശൈലിയുമായി മൃഗങ്ങളോടൊപ്പം എത്തുന്ന ജയറാം അനുഭവേദ്യമാക്കുന്നുണ്ട്. സ്ഥലം എംഎൽഎ ആയി കുഞ്ചാക്കോ ബോബനും നായികയായി അനുശ്രീയും എത്തുന്നു. ധർമജൻ ബോൾഗാട്ടിയും സലിംകുമാറും പ്രേം കുമാറും അശോകനും നര്‍മ രസത്തോടെ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

 ജാതിയോ മതമോ പേരോ എന്നുമാത്രമല്ല ഒന്നും വെളിപ്പെടാത്ത ദുരൂഹതകളുള്ള കഥാപാത്രമാണ് ജയറാമിന്റേത്. സമ്പന്നന്മാര്‍ താമസിക്കുന്ന കോളനിയിലെ പഴയ കെട്ടിടത്തിലാണ് അയാളുടെ താമസം. കൂടെ പഞ്ചവര്‍ണ തത്തകളും ആനയും കതിരയും കഴുതകളും ഓന്തും കുറേയിനം പട്ടികളും. ആ കൊച്ചു മൃഗശാലക്കാരന്‍ നാട്ടുകാര്‍ക്ക് തലവേദനയായപ്പോഴാണ് സ്ഥലം എംഎല്‍എ കലേഷിന് (കുഞ്ചാക്കോ ബോബന്‍) ഇടപെടേണ്ടി വന്നത്. ആ കോളനിയിലെ ഒരാഘോഷ രാത്രിയില്‍ ആ പെറ്റ് ഷോപ്പിലുണ്ടാകുന്ന മോഷണവും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് പിന്നീട് ചിത്രത്തെ മുന്നോട്ട് കൊണ്ട് പോകുന്നത്.

ചിത്രത്തിലെ ഗാനങ്ങൾ മികച്ചതാണ്. എം. ജയചന്ദ്രനും നാർദിഷയും ചേർന്ന് ഗാനങ്ങൾക്ക് ഈണം നൽകിയപ്പോൾ ഔസേപ്പച്ചനാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. യേശുദാസ്, എം.ജി. ശ്രീകുമാർ, ശങ്കർ മഹാദേവൻ, ഹരിചരൻ, ജ്യോത്സന എന്നിങ്ങനെ നിരവധി പ്രമുഖ ഗായകർ പിന്നണിയിൽ അണിനിരക്കുന്നു. ഹരിനാരായണനും സന്തോഷ് വർമയുമാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. പ്രദീപ് നായരുടെ ഛായാഗ്രഹണവും പ്രശംസനീയമാണ്. സപ്ത തരംഗ് സിനിമയാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്.

 
� Infomagic - All Rights Reserved.