ഹൈ-റേഞ്ചിൽ എത്തിയ 'വരത്തൻ'; റിവ്യൂ
September 20,2018 | 08:50:39 pm

അമൽ നീരദിന്റെ പതിവ് ശൈലി പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകന് ഹൈ-റേഞ്ച് അനുഭൂതി നേടി തിരികെ മടങ്ങാനാവുന്ന ചിത്രമാണ് വരത്തൻ. ഇയ്യോബിന്റെ പുസ്തകത്തിനുശേഷം അമല്‍ നീരദും ഫഹദ് ഫാസിലും ഒരുമിക്കുന്ന ചിത്രം കൂടിയാണ് വരത്തൻ. 

ഹൈറേഞ്ചാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. ദുബായിലെ ജോലി നഷ്ടപ്പെട്ട് എബി(ഫഹദ്)യും പ്രിയ(ഐശ്വര്യലക്ഷ്മി)യും നാട്ടിലെത്തുന്നു. പ്രിയയുടെ പപ്പയുടെ ഹൈറേഞ്ചിലുള്ള പതിനെട്ടാംമൈലിലെ തോട്ടംവീട്ടില്‍ (ഫാംഹൗസ്) അവർ താമസമാക്കുകയും, അവിടെ അവർക്ക് നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളുമാണ് ചുരുക്കിപ്പറഞ്ഞാല്‍ കഥാസന്ദര്‍ഭം. 

പുറം നാട്ടിൽ നിന്നും എത്തുന്നയാളുകളെ പൊതുവെ നാട്ടിൻ പുറങ്ങളിൽ പറയുന്ന വാക്കാണ് വരത്തൻ. അങ്ങിനെ വരത്താനായി എത്തുന്ന എബിയോടുള്ള അന്നാട്ടിലുള്ളവരുടെ അസഹിഷ്ണുത കൂടുതൽ പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നു. ഇഴഞ്ഞു നീങ്ങുന്ന അമൽ നീരദിന്റെ പതിവ് ശൈലി എന്നാൽ ഒട്ടും ബോറടിപ്പിക്കുന്നില്ല.

എബിയായി ഫഹദും പ്രിയയായി ഐശ്വര്യ ലക്ഷ്മിയും മികച്ച പ്രകടനം കാഴ്ച വച്ചു. ഫഹദിന്റെ സ്വാഭാവിക പ്രകടനത്തെക്കുറിച്ച് എപ്പോഴും എടുത്തു പറയേണ്ടതുണ്ട്. മായാനദിയിൽ തിളങ്ങിയ ഐശ്വര്യ വരത്തനിലെ പ്രിയയായി മറ്റൊരു കുതിച്ച് ചാട്ടം നടത്തിയിട്ടുണ്ട്. പ്രതി നായക വേഷത്തിൽ എത്തുന്ന ഷറഫുദ്ദീൻ, ദിലീഷ് പോത്തൻ അങ്ങനെ അഭിനയനിര ഒട്ടാകെ സിനിമയെ മറ്റൊരു തലത്തിലേക്കെത്തിക്കുന്നുണ്ട്.

അമല്‍ നീരദിന്റെ സിഗ്‌നേച്ചര്‍ ഷോട്ടുകളും സുശീന്‍ ശ്യാമിന്റെ തകര്‍പ്പന്‍ സംഗീതവും ആവേശംകൊള്ളിക്കാന്‍ പോന്നതാണ്. നവാഗതരായ സുഹാസ്-ഷറഫു ജോഡികള്‍ എഴുതിയ തിരക്കഥ ഗംഭീരമാക്കിയിട്ടുണ്ട്. തുടക്കത്തില്‍ ഒരു ഹൊറര്‍ സിനിമയുടെ തലത്തിലുള്ള ട്രീറ്റ്‌മെന്റുമൊക്കെയാണ് ലിറ്റില്‍ സ്വയമ്പിന്റെ ക്യാമറ സൃഷ്ടിക്കുന്നത്.

 
� Infomagic- All Rights Reserved.