മരോട്ടി കര്‍ഷകന്‍റെ സുഹൃത്ത്
March 18,2017 | 10:29:24 am
Share this on

പഴയ കര്‍ഷകര്‍ ജൈവരീതിയില്‍ മാത്രമുള്ള കീടനാശിനികളും സസ്യസമ്പുഷ്ടീകരണ പ്രവര്‍ത്തനങ്ങളുമാണ് നടത്തിയിരുന്നത്. ഒട്ടേറെ ഔഷധസസ്യങ്ങള്‍ തന്നെയായിരുന്നു അവരുടെ കരുത്ത്. അവയുടെ ഗുണങ്ങളും അവയുടെ ഉപയോഗത്തെക്കുറിച്ചുള്ള നല്ലഅറിവും അവരെ അതിന് സഹായിച്ചു. എന്നാല്‍, ഹരിതവിപ്ലവത്തിന്‍റെ വരവോടെ രാസവളകൃഷിയിലേക്കിറങ്ങിയ നാം കീടനാശിനികളായി ഉപയോഗിച്ചതും മാരകമായ രാസവസ്തുക്കള്‍ തന്നെയായിരുന്നു. ആദ്യകാലങ്ങളില്‍ രാസവസ്തുക്കളുടെ പ്രയോഗം നല്ല ഉത്പാദനം നല്‍കിയെങ്കിലും കാലക്രമേണ ഉത്പാദനത്തിന്‍റെ അളവില്‍ കുറവ് നേരിടുകയും നമ്മുടെ മണ്ണ് നശിക്കുകയുംചെയ്തു.

രാസവസ്തുക്കള്‍ക്കു പകരം ഉപയോഗിക്കാവുന്ന ഒട്ടേറെ ഔഷധസസ്യങ്ങള്‍ നമുക്കുണ്ടായിരുന്നു. പലതിനെപ്പറ്റിയും വളരെ നല്ല അറിവ് നമ്മുടെ പഴയ കര്‍ഷകര്‍ സമ്പാദിക്കുകയും അത് തങ്ങളുടെ കൃഷിയില്‍ പ്രയോഗിക്കുകയും അങ്ങനെ കൃഷി പ്രകൃതി സൗഹൃദമാക്കുകയും ചെയ്തു. വേപ്പ്, തുളസി, മരോട്ടി, പെരുവലം, പാണല്‍, നാറ്റപ്പൂച്ചെടി എന്നിങ്ങനെ പോകുന്നു ആ പട്ടിക. ഇവയില്‍ വേപ്പുപോലെത്തന്നെ അടിമുടി കര്‍ഷകനെ സേവിക്കുന്നതാണ് മരോട്ടി. മരോട്ടിയെക്കുറിച്ചും അതിന്‍റെ വ്യാപകമായ ഉപയോഗ സാധ്യതയെക്കുറിച്ചും മനസ്സിലാക്കാം.

കേരളത്തിലെ മഴ നന്നായി ലഭിക്കുന്ന എല്ലാ പ്രദേശങ്ങളിലും മരോട്ടിമരം വളരുന്നതായിക്കാണുന്നു. പശ്ചിമഘട്ടത്തിലും അസമിലെ നിത്യഹരിതവനങ്ങളിവും നല്ലതണുപ്പു ലഭിക്കുന്ന പ്രദേശങ്ങളിലും നിറച്ചും മരോട്ടിയെ കാണാം. 10 മുതല്‍ 15 മീറ്റര്‍ വരെ മാത്രം ഉയരത്തില്‍ കാണപ്പെടുന്ന നിത്യഹരിത സസ്യമായ ഇതിന്‍റെ തൊലിയുടെ നിറം കറുപ്പാണ്. തൊലി ചതച്ചെടുത്താല്‍ അസഹ്യമായ ദുര്‍ഗന്ധമനുഭവപ്പെടും. ഏകാന്തരക്രമത്തില്‍ വിന്യസിക്കപ്പെട്ടിരിക്കുന്ന ഇല വളരെ മൃദുവായതും 15 സെമീ നീളവും ശരാശരി ആറുസെ.മി.വീതിയുമുള്ളതാണ്.

കര്‍ഷകന്‍റെ സുഹൃത്ത്

പഴയ കര്‍ഷകര്‍ തങ്ങളുടെ സ്ഥലത്ത് പുതയിടാനും ജൈവവളമായും മരോട്ടിയെ സമൂലം ഉപയോഗിച്ചു. കൃഷിയിടത്തിലെ ചിതല്‍ ശല്യമില്ലാതാക്കാനും നിമാവിരയുടെ ആക്രമണം കുറയ്ക്കാനും അത് കര്‍ഷകരെ സഹായിച്ചിരുന്നു. കൂടാതെ തെങ്ങിന്‍റെ ചെന്നീരൊലിപ്പിനു പരിഹാരമായും കുരുമുളകിന്‍റെ ദ്രുതവാട്ടം തടയാനും മരോട്ടിയുടെ ഇല ജൈവവളമായി ഉപയോഗിച്ചു.

നല്ല ജൈവകീടനാശിനി

തെങ്ങിന്‍റെ  മുഖ്യശത്രുക്കളായ കൊമ്പന്‍ചെല്ലി, ചെമ്പന്‍ചെല്ലി, തെങ്ങോലപ്പുഴു, വേരുതീനിപ്പുഴു എന്നിവയെ നിയന്ത്രിക്കാന്‍ മരോട്ടിക്കായയുടെ എണ്ണയോ എണ്ണയെടുത്തതിനുശേഷമുള്ള പിണ്ണാക്കോ ഇന്നും ഫലപ്രദമായി ഉപയോഗിച്ചുവരുന്നു. ഒരുചെറിയ മധുരനാരങ്ങയുടെ വലിപ്പത്തിലാണ് മരോട്ടിക്കായ കണ്ടുവരുന്നത്. അപൂര്‍വം ചില മരങ്ങളില്‍ സാമാന്യം നല്ല വലിപ്പത്തിലും കാണപ്പെടാറുണ്ട്. ഇതിന്‍റെ കായ പൊളിച്ചെടുക്കുന്ന പരിപ്പ് ചതച്ച്‌ തിളപ്പിച്ച്‌ കുറുക്കിയെടുക്കുന്ന വെള്ളം ഒന്നാന്തരം കീടനാശിനിയാണ്. അത് 200 മില്ലിഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി കാര്‍ഷിക വിളകളില്‍ സമൂലം തളിച്ചാല്‍ കീടങ്ങള്‍ പിന്നെ തീരെയടുക്കില്ല. അസാമാന്യ ദുര്‍ഗന്ധമായിരിക്കുമതിന്. മരോട്ടിയെണ്ണ എമള്‍ഷന്‍ തയ്യാറാക്കിയും കീടങ്ങളെ തുരത്താം. 100 മില്ലി മരോട്ടിയെണ്ണ ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കിയാണ് എമള്‍ഷന്‍ തയ്യാറാക്കേണ്ടത്.
പയര്‍ചെടിയില്‍ വരുന്ന കറുത്ത ഉറുമ്പ്, ചിതല്‍, എന്നിവയെ അകറ്റാന്‍ നല്ല ഔഷധമാണിത്. കുരുമുളകിന്‍റെ താങ്ങുകാലുകളില്‍ കാണപ്പെടുന്ന ഉറുമ്പിനെയും ചിതലിനെയും അകറ്റാന്‍ മരോട്ടിയെണ്ണ എമള്‍ഷനാക്കി തളിച്ചാല്‍ അവയുടെ ശല്യം ഉണ്ടാകില്ല. ഇവയുടെ പ്രയോഗം കൊണ്ട് ഉറുമ്പുകള്‍ ചാവുന്നില്ല. മാത്രമല്ല, കുരുമുളകിന് കീടനാശിനിയുടെ ദോഷം ഉണ്ടാകുന്നുമില്ല. ഏറ്റവും ചെലവു കുറഞ്ഞ ഒരു ജൈവപ്രതിരോധമാര്‍ഗമായി കുരുമുളകു കര്‍ഷകര്‍ ഇതിനെ വ്യാപകമായി ഉപയോഗിച്ചുവരുന്നു.

മരോട്ടിയുടെ മറ്റുപയോഗങ്ങള്‍

പല പഴയ കെട്ടിടങ്ങളും പൊളിക്കുമ്പോള്‍ അതിന്‍റെ വാതില്‍ കട്ടില, ജനല്‍ കട്ടില എന്നിവ ചേരുന്ന ചുമര്‍ ഭാഗങ്ങളില്‍ നിന്ന് ഒരു ചെടിയുടെ ഇലകളും തണ്ടും കിട്ടാറുണ്ട്. പുതിയ തലമുറയ്ക്ക് അന്യമായ ഈ ഇലകള്‍ മരോട്ടി മരത്തിന്‍റേതാണ്. ചിതലിനെയും മറ്റ് കീടങ്ങളെയും പ്രതിരോധിക്കാന്‍ പണ്ടു നാം നടപ്പാക്കിയിരുന്ന സാങ്കേതികവിദ്യ. ചിതലിനെ മാത്രമല്ല ചിലന്തിയെയും എത് പ്രതികൂല പരിതഃസ്ഥിതിയെയും അതിജിവിക്കുന്ന പാറ്റകളെയും അകറ്റാന്‍ മരോട്ടിക്കായയുടെ എണ്ണയ്ക്ക് ശക്തിയുണ്ട്. പഴയ പല തറവാടുകളിലും മരോട്ടിക്കായയുടെ തോടില്‍ എണ്ണപകര്‍ന്നു തിരിയിട്ട് കത്തിക്കുന്ന സമ്പ്രദായമുണ്ടായിരുന്നു. ഇങ്ങനെ കത്തിക്കുന്ന വീടുകളില്‍ ക്ഷുദ്രജീവികളുടെ ശല്യം കുറവായിരുന്നു. വിടുപണിക്കുപയോഗിക്കുന്ന മരങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നിവയില്‍ മരോട്ടിയെണ്ണ പുരട്ടാറുണ്ടായിരുന്നു. ശരിക്കുമൊരു വുഡ് പ്രൈമറിന്‍റെ ജോലി കൃത്യമായി ചെയ്തിരുന്നു ഈ ഔഷധസസ്യം.

കുഷ്ഠരോഗത്തിന്‍റെ അമൂല്യമരുന്ന്

ഒരുകാലത്ത് നാം വളരെയധികം ഭയപ്പെട്ടിരുന്ന രോഗമായ കുഷ്ഠത്തിന് ആയുര്‍വേദത്തിലെ കണ്‍കണ്ട മരുന്നായാണ് മരോട്ടിയെണ്ണ അറിയപ്പെടുന്നത്. കുഷ്ഠരോഗമുള്ളവര്‍ 12 മി.ല്ലി. മരോട്ടിയെണ്ണ മൂന്നോ അഞ്ചോ ദിവസം കുടിച്ച്‌ വയറിളക്കുകയും തുടര്‍ന്ന് 5 മില്ലി മരോട്ടിയെണ്ണ പഥ്യമനുസരിച്ച്‌ ദിവസേന സേവിക്കുകയുമാണ് ചെയ്യന്നത്.

നേത്രരോഗങ്ങള്‍ക്ക് മരോട്ടിക്കായയുടെ പരിപ്പെടുത്തുണ്ടാക്കുന്ന കണ്‍മഷി ഉത്തമമാണ്. മൊത്തത്തില്‍ ചര്‍മ രോഗങ്ങള്‍ക്കും ആമവാതം, രക്തവാതം എന്നിവ മൂലമുണ്ടാകുന്ന വേദനകുറയ്ക്കാനും പൊണ്ണത്തടി കുറയ്ക്കാനും മരോട്ടിയെണ്ണ ഉപയോഗിച്ചുവരുന്നു. ചുരുക്കത്തില്‍ പറഞ്ഞാല്‍ ആയുര്‍വേദത്തിലും കാര്‍ഷികവൃത്തിയിലും അമൂല്യമായ സ്ഥാനവും പ്രയോഗവും നിലനില്‍ക്കുന്ന ഔഷധമാണ് മരോട്ടി.

RELATED STORIES
� Infomagic - All Rights Reserved.