പുതിയ ക്രോസ്‌ഓവര്‍-ഹാച്ച്‌ബാക്ക് മാരുതി സുസുക്കി പുറത്തിറക്കി
December 02,2017 | 01:02:53 pm
Share this on

ജനപ്രിയ നിരയിലുള്ള സെലേരിയോ ഹാച്ച്‌ബാക്ക് അടിസ്ഥാനത്തില്‍ സെലേരിയോ എക്സ് എന്ന പേരില്‍ പുതിയ ക്രോസ്‌ഓവര്‍-ഹാച്ച്‌ബാക്ക് മാരുതി സുസുക്കി പുറത്തിറക്കി. സ്പോര്‍ട്ടി രൂപത്തിന് പ്രാധാന്യം നല്‍കി പുറംമോഡിയില്‍ എടുത്തുകാണിക്കുന്ന മാറ്റങ്ങള്‍ സഹിതമാണ് സെലേരിയോ ക്രോസ് എത്തിയത്. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ ആകെ എട്ട് വകഭേദങ്ങളില്‍ വാഹനം ലഭ്യമാകും. 4.57 ലക്ഷം രൂപയാണ് സെലേരിയോ എക്സിന്റെ ഡല്‍ഹി എക്സ്ഷോറൂം വില.

സ്റ്റാന്റേര്‍ഡ് സെലേരിയോ ഹാച്ച്‌ബാക്കിനെക്കാള്‍ നീളവും വീതിയും കൂടുതലുണ്ട് സെലേരിയോ എക്സിന്. 3715 എംഎം നീളവും 1635 എംഎം വീതിയും 1565 എംഎം ഉയരവും വാഹനത്തിനുണ്ട്. വീല്‍ബേസില്‍ മാറ്റമില്ല, 2425 എംഎം തുടരും. 120 എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. 235 ലിറ്റര്‍ ബൂട്ട്സ്പേസ് കപ്പാസിറ്റിയും 35 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റിയും വാഹനത്തിനുണ്ട്. മുന്നില്‍നിന്ന് ആരംഭിച്ച്‌ പിന്നിലേക്ക് നീളുന്ന ബ്ലാക്ക് ക്ലാഡിങ്, റിയര്‍ ബംമ്ബര്‍, ബ്ലാക്ക് റൂഫ് റെയില്‍സ്, ഗ്രില്‍ എന്നിവ സെലേരിയോ എക്സിനെ വ്യത്യസ്തമാക്കും. ഡ്യുവല്‍ടോണ്‍ ഫ്രെണ്ട് ബംമ്ബര്‍, മിറര്‍ ഇന്‍ഡികേറ്റര്‍ ലൈറ്റ്, ടില്‍റ്റ് സ്റ്റിയറിങ്, മള്‍ട്ടി ഫങ്ഷണല്‍ സ്റ്റിയറിങ് വീല്‍, റിയര്‍ വൈപര്‍, കീലെസ് എന്‍ട്രി, 6 സ്പോക്ക് 14 ഇഞ്ച് അലോയി വീല്‍, ഹൈറ്റ് അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ്, ഫോഗ് ലാംമ്ബ്, പിന്നില്‍ സില്‍വര്‍ സ്കഫ് പ്ലേറ്റ് എന്നിവയാണ് സെലേരിയോ എക്സിന്റെ സവിശേഷതകള്‍. ആന്റി ലോക്കിങ് ബ്രേക്കിങ് സിസ്റ്റം, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ് എന്നിവ സുരക്ഷ നല്‍കും. റെനോ ക്വിഡ് ക്ലൈബംര്‍, വരാനിരിക്കുന്ന ഫോര്‍ഡ് ഫിഗോ ക്രോസ് എന്നിവയാണ് സെലേരിയോ എക്സിന്റെ എതിരാളികള്‍.

ഹാച്ച്‌ബാക്ക് സെലേരിയോയില്‍ നിന്ന് പുതിയ വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചേഴ്സില്‍ മാറ്റമില്ല. 998 സിസി ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ബോണറ്റിനടിയില്‍. 6000 ആര്‍പിഎമ്മില്‍ 67 ബിഎച്ച്‌പി പവറും 3500 ആര്‍പിഎമ്മില്‍ 90 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് AMT യാണ് ട്രാന്‍സ്മിഷന്‍ ചുമതല നിര്‍വഹിക്കുക. സോളിഡ് പാപ്പ്റിക്ക ഓറഞ്ച്, ടോര്‍ക്ക് ബ്ലൂ, കഫീന്‍ ബ്രൗണ്‍, ആര്‍ക്ടിക് വൈറ്റ്, ഗ്ലിസ്റ്റെനിങ് ഗ്രേ എന്നീ അഞ്ചു നിറങ്ങളില്‍ വാഹനം സ്വന്തമാക്കാം.

RELATED STORIES
� Infomagic - All Rights Reserved.