വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ് സോഫ്റ്റ്വെയര്‍ ഭീമന്‍മാരായ മൈക്രോസോഫ്റ്റുമായി കൈകോര്‍ക്കുന്നു
February 17,2017 | 03:33:34 pm
Share this on

രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ് സോഫ്റ്റ്വെയര്‍ ഭീമന്‍മാരായ മൈക്രോസോഫ്റ്റുമായി കൈകോര്‍ക്കുന്നു. ടാറ്റ പുതുതായി ആവിഷ്കരിക്കുന്ന ടാമോ (ടാറ്റ മൊബിലിറ്റി) സ്പോര്‍ട്സ് കാര്‍ ബ്രാന്‍ഡ് അത്യാധുനിക ടെക്നോളജിയില്‍ പുറത്തിറക്കാനാണ് ഇതുവഴി ടാറ്റ ലക്ഷ്യമിടുന്നത്. ക്ലൗഡ് അടിസ്ഥാനത്തില്‍ നിര്‍മിച്ച മൈക്രോസോഫ്റ്റ് കണക്റ്റഡ് വെഹിക്കിള്‍ ടെക്നോളജി ടാറ്റ സ്വീകരിക്കുന്നതിലൂടെ ഉയര്‍ന്ന നിലവാരത്തോടെ ഡ്രൈവിങ് കൂടുതല്‍ സൗകര്യപ്രദമാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി. സ്പോര്‍ട്സ് കാര്‍ ശ്രേണിയില്‍ പുതിയ ചരിത്രത്തിന് നോട്ടമിട്ടിറങ്ങുന്ന ടാറ്റ അടുത്ത മാസം നടക്കുന്ന 87-മത്ജെനീവ മോട്ടോര്‍ ഷോയിലാണ് തങ്ങളുടെ ആദ്യ സ്പോര്‍ട്സ് കാര്‍ ടാമോ ഫ്യൂച്ചറോ പുറത്തിറക്കുക.

കണക്റ്റഡ് വെഹിക്കിള്‍ ടെക്നോളജിയിലൂടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജെന്‍സ് (AI), അഡ്വാന്‍സ്ഡ് മെഷീന്‍ ലേര്‍ണിങ്, ഇന്റര്‍നെറ്റ് ഓഫ് തിങ്സ്(IoT) എന്നിവ വാഹനത്തില്‍ ഉള്‍പ്പെടുത്തി സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം മികച്ച ഡ്രൈവിങ് അനുഭവം യാത്രികര്‍ന്ന് പകരുമെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യ ആനന്ദ് മഹേശ്വരി ഇരുകമ്പനികളുടെയും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. പതിവ് ടാറ്റ വാഹനങ്ങളില്‍ നിന്ന് പൂര്‍ണമായും വ്യത്യസ്തനായി നിരത്തിലെത്തുന്ന ടാമോ ബ്രാന്‍ഡില്‍ അഡ്വാന്‍സ്ഡ് നാവിഗേഷന്‍, റിമോട്ട് മോണിറ്ററിങ്, പ്രിഡിക്റ്റീവ് മെയ്ന്റെനന്‍സ് തുടങ്ങി ഫീച്ചേഴ്സിലും കാര്യമായ മാറ്റം പ്രകടമാകും. പുതിയ ബ്രാന്‍ഡ് വഴി 2019 മാര്‍ച്ചോടെ ഇന്ത്യയില്‍ മൂന്നാമത്തെ വലിയ വാഹനനിര്‍മാതാക്കളാകാമെന്ന പ്രതീക്ഷയിലാണ് ടാറ്റ മോട്ടോഴ്സ്.

നിലവില്‍ നിരത്തിലുള്ള മറ്റു ടാറ്റ വാഹനങ്ങളെക്കാള്‍ ഉയര്‍ന്ന തലത്തിലാകും അടുത്ത മാസം പുറത്തിറക്കുന്ന ടാമോ വാഹനങ്ങളുടെ സ്ഥാനം. അടുത്ത മാസം പുറത്തിറക്കുമെങ്കിലും വാണിജ്യാടിസ്ഥാനത്തില്‍ ഫ്യൂച്ചറോയുടെ വില്‍പന അടുത്ത വര്‍ഷമാകും ആരംഭിക്കുക. എഞ്ചിന്‍ കരുത്ത് സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. എങ്കിലും 180 ബിഎച്ച്‌പി കരുത്ത് പകരുന്ന 1.2 ലിറ്റര്‍ റിവോട്രോണ്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിനാകും വാഹനത്തില്‍ ഉള്‍പ്പെടുത്തുക. ലൈറ്റ്-വെയ്റ്റ് അടിസ്ഥാനത്തില്‍ നിര്‍മിച്ചതിനാല്‍ മറ്റു സ്പോര്‍ട്സ് കാറുകളെക്കാള്‍ ഭാരം കുറഞ്ഞവയാകും ഫ്യൂച്ചറോ.

RELATED STORIES
� Infomagic - All Rights Reserved.