സഭകളുടെ പിന്തുണ ലക്ഷ്യമിട്ട് മുഖ്യമന്ത്രി നടത്തിയ നീക്കം പാളി
April 21,2017 | 02:27:24 pm
Share this on

കൊച്ചി : പാപ്പാത്തി ചോലയിലെ കുരിശു നീക്കം ചെയ്ത റവന്യൂ വകുപ്പിന്റെ നടപടി കേരള ഭരണത്തെയും രാഷ്ട്രീയത്തെയും പ്രത്യേക വഴിത്തിരിവിൽ എത്തിച്ചിരിക്കുകയാണ്. സി പി. ഐയും സി. പി എമ്മും തമ്മിൽ ഉണ്ടായിരുന്ന അഭിപ്രായ ഭിന്നത രൂക്ഷമായതിനു പുറമെ, കാര്യങ്ങൾ കൂടുതൽ വഷളാകുന്ന തരത്തിലേക്ക് നീങ്ങുന്നു. കയ്യേറ്റം ഒഴിപ്പിക്കലിനെതിരെ മുഖ്യമന്ത്രീ എടുത്ത പരസ്യ നിലപാട് സി. പി. ഐയെ കൂടുതൽ കടന്നാക്രമണങ്ങൾക്ക് പ്രേരിപ്പിക്കുന്നതായി.

മന്ത്രിസഭയുടെ നില്പനില്പിനു് തത്കാലം ഭീഷണി ഉയരുന്നില്ലെങ്കിലും സി. പി. ഐയെ കൂടുതൽ പ്രകോപിപ്പിക്കുന്നത് അപകടകരമാകുമെന്ന വിലയിരുത്തൽ സി.പി.എം നേതൃത്വത്തിനുണ്ട്.
ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന ഉറച്ച നിലപടിൽ തന്നെയാണ് സി. പി. ഐ. റവന്യൂ മന്ത്രിയെ മുഖ്യമന്ത്രി തള്ളി പറഞ്ഞത് സി.പി. ഐയുടെ നെഞ്ചിൽ തറച്ച അമ്പായി മാറി. അതുകൊണ്ടു കൂടിയാണ് ഇന്ന് മുഖ്യമന്ത്രിക്കെതിരെ ഒളിയമ്പുമായി ബിനോയ് വിശ്വം രംഗത്തെത്തിയത്. വാസ്തവത്തിൽ മുഖ്യമന്ത്രിക്ക് ഇന്നലെ പറ്റിയത് തന്ത്രപരമായ വീഴ്ച തന്നെയാണ്. കാരണം, മഹാഭൂരിപക്ഷം ക്രിസ്തിയാനികളും ഇത്തരം കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന അഭ്പ്രായക്കാരാണ്. ഇത്തരം അഭ്പ്രായപ്രകടനത്തിലൂടെ മുഴുവൻ ക്രിസ്ത്യൻ വിഭാഗങ്ങളുടെയും പിന്തുണ മുഖ്യമന്ത്രി പ്രതീക്ഷിച്ചിരിക്കണം. പക്ഷെ ക്രിസ്ത്യൻ സഭകളെ കുറിച്ചും അവയുടെ വിവിധ അവാന്തര വിഭാഗങ്ങളെ കുറിച്ചും വേണ്ടത്ര പിടിപാടില്ലാത്തതാണ് അദ്ദേഹത്തിന് പറ്റിയ വീഴ്ച, സ്പിരിറ്റ് ഇൻ ജീസസ് എന്നത് പോലെ പല കറക്ക് കമ്പനി സഭകളും നാട്ടിലുണ്ട്. ഇവർക്കൊന്നും യഥാർത്ഥ ക്രിസ്തു വിശ്വസവുമായി യാതൊരു ജൈവ ബന്ധവുമില്ല. ഭൂമി കയ്യേറ്റം ഉള്പടെയുള്ള പല തരത്തിലുള്ള സ്ഥാപിത താല്പര്യക്കാരാണ് ഇത്തരം തട്ടിക്കൂട്ട് സഭകൾക്ക് പിന്നിൽ. മുഖ്യമന്ത്രി പ്രതീക്ഷിച്ചതു കുരിശ് ഒരു വൈകാരിക പ്രതീകമായെടുത്ത എല്ലാ സഭകളും ഇതിനെതിരെ രംഗത്ത് വരുമെന്നും ആ പഴുതിലൂടെ റവന്യൂ മന്ത്രിയെയും സി.പി. ഐയെയും നാലു തല്ലു തല്ലാം എന്നുമാണ്. ഇത് സി. പി എം തിങ്ക് ടാങ്കുകളുടെ ദയനീയ പരാജയം കൂടിയാണ്. സീറോ മലബാർ സഭയും യാക്കോബായ സഭയും കയ്യേറ്റം ഒഴിപ്പിക്കലിനെ അനുകൂലിച്ചു. മറ്റു സഭകളും ഏതായാലും കൈയേറ്റത്തെ പരസ്യമായി അനുകൂലിക്കാൻ സാധ്യതയില്ല. കുരിശ് ഒരു വൈകാരിക പ്രതീകമായെടുത്ത സഭകൾ രംഗത്ത് വന്നിരുന്നെങ്കിൽ സബ് കളക്ടർ ഉൾപ്പടെയുള്ളവരെ മാറ്റാൻ ഒരു വഴി തുറന്നു കിട്ടുമെന്ന കൗശലമാണ് മുഖ്യമന്ത്രിയുടെ വാക്കുകളിൽ പ്രകടമമായതു.


എന്നാൽ സോഷ്യൽ മീഡിയയിൽ വന്ന പ്രതികാരണ ങ്ങൾ പലപ്പോഴും മുഖ്യമന്ത്രിയെ അപഹസിക്കുന്ന തരത്തിലാണ്. ഇത് ഒരു പൊതു വികാര പ്രകടനമാണ്. വൻ തോതിൽ ഏക്കറുകണക്കിന് ഭൂമി കയ്യേറാൻ സഹനത്തിന്റെ അടയാളമായ കുരിശ് ഉപയോഗിക്കുന്നതിനെ ഒരു യഥാർത്ഥ ക്രിസ്ത്യാനിയും അനുകൂലിക്കില്ല. ഇത് വ്യക്തമായി വിലയിരുത്താതെ തങ്ങൾക്കു താല്പര്യമുള്ള ചിലരുടെ കയ്യേറ്റം ഒഴിപ്പിക്കുന്നതിന്‌ തടയിടുന്നതിനും ഒപ്പം രാഷ്ട്രീയ നേട്ടവും എന്ന ലക്‌ഷ്യവും മുൻ നിർത്തി പിണറായി വിജയൻ നടത്തിയ നീക്കങ്ങളാണ് പാളിയത്.

സി.പി. ഐയെ സംബന്ധിച്ചിടത്തോളം ആളുകൾ കുറവുള്ള പാർട്ടി ആണെങ്കിലും ഇമേജ് കുറച്ചു കൂടുതലാണ്. പ്രത്യേകിച്ച് കാനം സെക്രട്ടറി ആയതിനു ശേഷം അത് കൂടുതൽ തിളക്കമാർന്നതാണ്. അതുകൊണ്ട് അവർ ഇതിൽ നിന്നും പരമാവധി നേട്ടം കൊയ്യാൻ ശ്രമിക്കുമെന്നുറപ്പാണ്. ഈ നീക്കങ്ങളിൽ സി. പി എം ഒറ്റപെടുന്നതിനുള്ള സാധ്യതകളും കുറവല്ല. കാരണം ക്രിസ്തിയാനികൾ ഒറ്റക്കെട്ടായി അവരെ പിന്തുണക്കുന്നില്ലെന്നു മാത്രമല്ല, മുഖ്യമന്ത്രിയുടെ പ്രസ്താവന ആയുധമാക്കി ഹിന്ദു വികാരം ഇളക്കാൻ ബി. ജെ. പിയുടെ നീക്കവുമുണ്ട്. പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം കയ്യേറ്റത്തെ പരസ്യമായി അനുകൂലിക്കാനും കഴിയില്ല, ഈ സഹചര്യത്തിൽ മുഖ്യമന്ത്രിയും സി. പി എമ്മും സി. പി ഐയുമായി ശക്തമായ ഏറ്റുമുട്ടലിലേക്കു പോകില്ലെന്നു വേണം അനുമാനിക്കാൻ. അല്ലെങ്കിൽ നഷ്ടം അവർക്കു തന്നെയായിരിക്കും. പ്രത്യേകിച്ച് ഭരണത്തിന്റെ ശീതളച്ഛായ ഉള്ളത് ഇങ്ങു കേരളത്തിൽ മാത്രമാകുമ്പോൾ.

 

RELATED STORIES
� Infomagic - All Rights Reserved.