നിക്ഷേപകരെ ആകര്‍ഷിച്ച്‌​ മ്യൂച്വല്‍ ഫണ്ട്
November 13,2017 | 12:35:30 pm
Share this on

സ്വന്തമായി ഇമെയില്‍ ​എെ.ഡിയുള്ളവര്‍ക്കെല്ലാം ദിവസവും നാലും അഞ്ചും ഇമെയില്‍ സന്ദേശങ്ങള്‍ ലഭിക്കാറുണ്ട്​, മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതി​​ന്‍റെ ഗുണഗണങ്ങള്‍ വിവരിച്ച്‌​. വിവിധ കമ്പനികളാണ്​ ഇത്തരത്തില്‍ അറിയിപ്പുകള്‍ നല്‍കുന്നത്​. പലിശവരുമാനം വേണ്ടെന്ന്​ ആഗ്രഹിക്കുന്നവരും ബാങ്കുകളുടെ പലിശനിരക്ക്​ കുറയുന്നതില്‍ അതൃപ്​തിയുള്ളവരും ഒരേപോലെ ഇതില്‍ താല്‍പര്യം കാണിക്കുകയുമാണ്​. ദേശീയ തലത്തില്‍ ഇതി​​ന്‍റെ അനുരണനങ്ങള്‍ പ്രകടമാണ്​. ദിനന്തോറും മ്യൂച്വല്‍ഫണ്ട്​ അക്കൗണ്ടുകളുടെ എണ്ണത്തില്‍ വന്‍തോതില്‍ വര്‍ധനയുണ്ടാകുന്നുണ്ട്​. കഴിഞ്ഞ മൂന്ന്​വര്‍ഷത്തിനിടെ, മ്യൂച്വല്‍ ഫണ്ട്​ അക്കൗണ്ടുകളുടെ എണ്ണത്തില്‍ രാജ്യത്ത്​ 50 ശതമാനത്തി​ന്‍റെ വര്‍ധനയുണ്ടായതായാണ്​ കണക്ക്​. നാലുകോടിയില്‍നിന്ന്​ 6.25 കോടിയായി മ്യൂച്വല്‍ ഫണ്ട് അക്കൗണ്ടുകളുടെ എണ്ണം വര്‍ധിച്ചു. ഇതില്‍തന്നെ 5.8 കോടി അക്കൗണ്ടുകളും ചില്ലറ നിക്ഷേപകരുടേതാണുതാനും. സാധാരണക്കാര്‍ക്ക്​ ഇൗ നിക്ഷേപമാര്‍ഗത്തില്‍ താല്‍പര്യം വര്‍ധിക്കുന്നു എന്നാണ്​ ഇത്​ കാണിക്കുന്നത്​. വ്യക്​തിഗത മ്യൂച്വല്‍ ഫണ്ട്​ അക്കൗണ്ടുകളിലെ ആസ്​തി മൂല്യം 7.5 ലക്ഷം കോടിയില്‍നിന്ന്​ 10.4 ലക്ഷം കോടി രൂപയായി വര്‍ധിക്കുകയും ചെയ്​തു.


ബാങ്ക്​ നിക്ഷേപത്തില്‍ നിന്നുള്ള വരുമാനത്തി​​ന്‍റെ ആകര്‍ഷണീയത കുറഞ്ഞതോടെയാണ്​ കൂടുതല്‍പേര്‍ മ്യൂച്വല്‍ ഫണ്ടിലേക്ക്​ തിരിയാന്‍ തുടങ്ങിയത്​. ഇൗ സാധ്യതകള്‍ തിരിച്ചറിഞ്ഞ്​ മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ നിരവധി സ്കീമുകള്‍ ആവിഷ്​കരിക്കുകയും ചെയ്​തു. അതാണ്​ വ്യാപകമായ ഇമെയില്‍ കാമ്ബയിന്​ വഴിവെച്ചിരിക്കുന്നത്​.
കരുതിവേണം നിക്ഷേപം

മ്യൂച്വല്‍ ഫണ്ട്​ ഒരു ​ട്രെന്‍ഡായി മാറിയതോടെ പലരും ഇതി​ലെ അപകടസാധ്യതകള്‍ മറച്ചുവെച്ചാണ്​ പരസ്യം നല്‍കുന്നത്​. മ്യൂച്വല്‍ ഫണ്ട്​ മികച്ച നിക്ഷേപമാര്‍ഗമാണ്​ എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, മാര്‍ക്കറ്റിനെക്കുറിച്ച്‌ നന്നായി പഠിച്ചു വേണം നിക്ഷേപം നടത്താന്‍. മാസവരുമാനം പ്രതീക്ഷിക്കുന്നവര്‍ക്കും കുറഞ്ഞ സമയത്തിനുളളില്‍ വന്‍ ലാഭമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മ്യൂച്വല്‍ ഫണ്ട്​ കാര്യമായ ഗുണം ചെയ്യില്ലെന്നാണ്​ വിദഗ്​ധ മതം. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ മുന്നില്‍കണ്ടുള്ള നിക്ഷേപമാണിത്​. മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നവര്‍ ചില മുന്‍കരുതലെടുക്കണമെന്ന്​ ഇൗ രംഗത്ത്​ പ്രവര്‍ത്തിക്കുന്നവര്‍ വിശദീകരിക്കുന്നു. മികച്ച സുരക്ഷ ഉറപ്പാക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ മാത്രമേ സാമ്പത്തിക ഇടപാടുകള്‍ നടത്താവൂ. പലരും ഫണ്ടുകളുടെ മൂല്യത്തില്‍ വരുന്ന ചാഞ്ചാട്ടം കണ്ട്​ നിക്ഷേപം പിന്‍വലിക്കാന്‍ ശ്രമിക്കാറുണ്ട്​​. ഇത്​ തെറ്റായ പ്രവണതയാണ്​. നിക്ഷേപത്തില്‍ നിന്നുള്ള നേട്ടം കൃത്യമായ ഇടവേളകളില്‍ വിലയിരുത്തുന്നതോടൊപ്പംതന്നെ ഫണ്ടുകളുടെ പ്രകടനത്തിലെ ചാഞ്ചാട്ടം കണ്ട് നിക്ഷേപം സ്വയം പുനഃക്രമീകരിക്കുന്നത്​ തെറ്റായ രീതിയായി മാറുകയുംചെയ്യും. ഫണ്ട്​ പ്രകടനം വിലയിരുത്താന്‍,താന്‍ ആശ്രയിക്കുന്ന ഏജന്‍സിയിലെ വിദഗ്​ധരുടെ ഉപദേശംതേടുകയാവും നല്ലത്​. സ്വയം ഫണ്ട് മാനേജര്‍ ചമയുന്നത്​ അപകടം ക്ഷണിച്ചുവരുത്തും. ഇനി നിക്ഷേപിക്കുന്നതിന്​, ഒാണ്‍ലൈന്‍ പ്ലാറ്റ്​ഫോമുകള്‍ തിരഞ്ഞെടുക്കുന്നവര്‍ അവയുടെ സുരക്ഷയും പരിഗണിക്കണം. ഒപ്പം, വിവിധ സാമ്പത്തിക ഉല്‍പന്നങ്ങള്‍ വിശകലനം ചെയ്ത് അവതരിക്കുന്ന പ്ലാറ്റ്ഫോമുകള്‍ തിരഞ്ഞെടുക്കുകയും വേണം. ഇത്​ നിക്ഷേപത്തിലെ തിരഞ്ഞെടുപ്പ്​ എളുപ്പമാക്കും. ഓരോ സാമ്പത്തിക ഉല്‍പന്നവും കൃത്യമായി താരതമ്യം ചെയ്യുന്ന പ്ലാറ്റ്ഫോമാണെങ്കില്‍ ഓരോന്നിനെയും മനസ്സിലാക്കി നിക്ഷേപം നടത്താം.

മ്യൂച്വല്‍ ഫണ്ട്​

ഒാഹരി നിക്ഷേപത്തിലെ തലവേദനകള്‍ ആഗ്രഹിക്കാത്തവര്‍ക്കും സ്​ഥിരം സംവിധാനമായി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കുമുള്ള മാര്‍ഗമാണ്​ മ്യൂച്വല്‍ ഫണ്ട്​. നിക്ഷേപകരില്‍നിന്ന്​ വിവിധ തുകകളായി നിക്ഷേപം സ്വീകരിച്ച്‌​, അവര്‍ക്കുവേണ്ടി പലതരത്തിലുള്ള ഓഹരികളില്‍ നിക്ഷേപിച്ച്‌ ലാഭം നിക്ഷേപകര്‍ക്ക്​ ലഭ്യമാക്കുന്ന ഇടനിലക്കാരാണ്​ മ്യൂച്വല്‍ ഫണ്ട്​ കമ്പനികള്‍. നിക്ഷേപത്തിന്​ ചെറിയ ഫീസും ഇൗടാക്കും. സ്​ഥിരമായ ഇടവേളകളില്‍ കൃത്യമായി നിക്ഷേപിക്കാന്‍ ​ആഗ്രഹിക്കുന്നവര്‍ ആദ്യം തങ്ങളുടെ നിക്ഷേപ ലക്ഷ്യമാണ്​ നിര്‍ണയിക്കേണ്ടത്​. മക്കളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങി വര്‍ഷങ്ങള്‍ക്ക്​ അപ്പുറമുള്ള ലക്ഷ്യങ്ങള്‍ മുന്നില്‍ കാണുന്നവര്‍ക്ക്​ അതനുസരിച്ച്‌​ പദ്ധതികള്‍ തിരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്​. ഇൗ ലക്ഷ്യത്തിന്​ അനുസൃതമാംവിധത്തില്‍, തങ്ങളാല്‍ കഴിയുന്ന തുക പ്രതിമാസ നിക്ഷേപമായി നടത്തുന്ന സിസ്​റ്റമാറ്റിക്​ ഇന്‍വെസ്​റ്റ്​മ​ന്‍റ്​ പ്ലാന്‍ (എസ്​.​എെ.പി) വഴി നിക്ഷേപിക്കുന്നവരാണ്​ ഇന്ന്​ ഏറെയും. ഏത്​ ഫണ്ടിലാണോ നിക്ഷേപിക്കുന്നത്​, നിക്ഷേപിക്കുന്ന തുകക്കനുസരിച്ച്‌​ ആ ഫണ്ടി​​ന്‍റെ യൂനിറ്റുകള്‍ നിക്ഷേപക​​ന്‍റെ പേരിലാക്കിക്കിട്ടും. ഫണ്ടി​​ന്‍റെ വിപണിമൂല്യം വര്‍ധിക്കുന്നതനുസരിച്ച്‌​ യൂനിറ്റുകളുടെ നെറ്റ്​ അസറ്റ്​ വാല്യൂ വര്‍ധിക്കുന്നതാണ്​ നിക്ഷേപക​​ന്‍റെ ലാഭം. ദീര്‍ഘകാലാടിസ്​ഥാനത്തിലാണ്​ ഇതില്‍ കാര്യമായ മെച്ചമുണ്ടാവുക.

RELATED STORIES
� Infomagic - All Rights Reserved.