രാജ്യസഭ തെരഞ്ഞെടുപ്പ്​: ആം ആദ്​മി സ്ഥാനാര്‍ഥികളെ തീരുമാനിച്ചു
January 03,2018 | 02:50:54 pm

ന്യൂഡല്‍ഹി: രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള ആം ആദ്മി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സഞ്ജയ് സിങ്, സുശീല്‍ ഗുപ്ത, എന്‍.ഡി ഗുപ്ത എന്നിവരാണ് ആം ആദ്മിയെ പ്രതിനിധീകരിക്കുന്നത്.70 അംഗ നിയമസഭയില്‍ 67 അംഗങ്ങളുടെ പിന്തുണ നിലവില്‍ ആം ആദ്മിക്കുണ്ട്. ജനുവരി 16നാണ് രാജ്യസഭ തെരഞ്ഞെടുപ്പ്.

എ.എ.പിയുടെ രാഷ്ട്രീയകാര്യ സമിതിയില്‍ അംഗമായ സഞ്ജയ് ഗുപ്ത പാര്‍ട്ടിയുടെ വക്താവ് കൂടിയാണ്. 2017ല്‍ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ചുമതല വഹിച്ചിരുന്നത് സഞ്ജയ് സിങാണ്. കഴിഞ്ഞ 25 വര്‍ഷമായി ഡല്‍ഹിയിലെ പഞ്ചാബി ബാഗ് ക്ലബ് ചെയര്‍മാനാണ് സുശീല്‍കുമാര്‍ ഗുപ്ത. ഡല്‍ഹിയില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ എന്‍.ഡി ഗുപ്ത നിരവധി ബിസിനസ് പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.

അതേ സമയം, പാര്‍ട്ടി സ്ഥാപകാംഗമായ കുമാര്‍ ബിശ്വാസിനെ ഇത്തവണയും പരിഗണിച്ചില്ല. ഞാന്‍ സത്യം പറയുന്നതു കൊണ്ടാണ്​ എന്നെ തഴഞ്ഞതെന്ന്​ ബിശ്വാസ്​ പ്രതികരിച്ചു. ഇൗ രക്​തസാക്ഷിത്വം താന്‍ സ്വീകരിക്കുന്നുവെന്ന്​ ​അദ്ദേഹം പറഞ്ഞു. നേരത്തെ ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി രാജ്യസഭയിലെത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അശുതോഘോഷ് സ്ഥാനാര്‍ഥിയാവുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 
Related News
� Infomagic - All Rights Reserved.