മലയാളി ഗുണ്ടനേതാവ് ബിനു തമിഴ്നാട് പോലീസില്‍ കീഴടങ്ങി
February 13,2018 | 09:56:19 pm

ചെന്നൈ: പിറന്നാൾ ആഘോഷത്തിനിടെ ചെന്നൈയിൽനിന്നു പൊലീസിന്റെ കണ്ണുവെട്ടിച്ചു രക്ഷപ്പെട്ട മലയാളി ഗുണ്ട കീഴടങ്ങി. തലവെട്ടി ബിനു (ബിനു പാപ്പച്ചൻ–47) എന്നറിയപ്പെടുന്ന ഇയാൾ അമ്പത്തൂരിലെ ഡപ്യൂട്ടി കമ്മിഷണർ ഓഫിസിലാണു കീഴടങ്ങിയത്. കണ്ടാലുടൻ വെടിവയ്ക്കാൻ ഉത്തരവിട്ടിരിക്കെയാണു കീഴടങ്ങൽ. ഫെബ്രുവരി ആറിനു പിറന്നാളാഘോഷത്തിനിടെ കൊടുവാൾ കൊണ്ടു കേക്ക് മുറിക്കുന്ന ദൃശ്യം വൈറലായതിനെത്തുടർന്നാണു ബിനു ശ്രദ്ധേയനായത്.

ആഘോഷത്തിനിടെ രാത്രിയിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 75 ഗുണ്ടകളും പിടിയിലായി. ഇവരിൽ ഭൂരിപക്ഷവും പിടികിട്ടാപ്പുള്ളികളായിരുന്നു. രണ്ടു പേർ 18 വയസ്സിനു താഴെയുള്ളവരും. കൊലപാതകക്കേസ് ഉൾപ്പെടെ ചുമത്തപ്പെട്ടവരും കൂട്ടത്തിലുണ്ടായിരുന്നു. പരിശോധനയ്ക്കെത്തിയ നൂറിലേറെ പൊലീസുകാരുടെ കണ്ണുവെട്ടിച്ചാണു ബിനു രക്ഷപ്പെട്ടത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. 

മുപ്പതോളം കേസുകളാണു ബിനുവിനെതിരെയുളളത്. മൂന്നു വർഷത്തോളമായി ഒളിവിലായിരുന്നു. അതിനിടെ പിറന്നാളാഘോഷത്തിനു സഹോദരൻ ചെന്നൈയിലേക്കു ക്ഷണിക്കുകയായിരുന്നു. മൂന്നു വർഷത്തോളം മറ്റു ഗുണ്ടകളുമായി തനിക്കു ബന്ധമുണ്ടായിരുന്നില്ലെന്നും ചെന്നൈയ്ക്കു പുറത്ത് ഒളിച്ചു താമസിക്കുകയായിരുന്നുവെന്നും ബിനു പറയുന്നു. ഒളിത്താവളം സഹോദരനു മാത്രമാണ് അറിയാമായിരുന്നത്. ചെന്നൈയിലേക്കു പിറന്നാൾ ആഘോഷിക്കാൻ സഹോദരൻ ക്ഷണിച്ചതു കൊണ്ടാണു വന്നത്.

എന്നാൽ മുൻ പങ്കാളികളെയും ആഘോഷത്തിനു വിളിച്ചത് അറിഞ്ഞില്ല. സഹോദരൻ നൽകിയ വാളു കൊണ്ടു കേക്കു മുറിക്കുമ്പോഴായിരുന്നു പൊലീസ് വളഞ്ഞത്. റെയ്ഡിനിടെ എങ്ങനെയോ രക്ഷപ്പെടുകയായിരുന്നു. എന്നാൽ പൊലീസ് എല്ലാ നീക്കങ്ങളുമറിഞ്ഞു പിന്നാലെ വന്നു. ആരോഗ്യ പ്രശ്നങ്ങളുമുള്ളതിനാൽ കീഴടങ്ങുകയാണെന്നും ബിനു പറഞ്ഞതായാണു വിവരം.

ഇരുനൂറോളം ഗുണ്ടകളുടെ സാന്നിധ്യത്തിലായിരുന്നു ഒരു ട്രക്ക് ഷോപ്പിലെ പിറന്നാളാഘോഷം. ഇതിനിടെ വടിവാളും മറ്റ് ആയുധങ്ങളുമായി ചില ഗുണ്ടകൾ റോഡിലേക്കിറങ്ങിയതാണു പ്രശ്നമായത്. ആഘോഷത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്ന ഒരു ഗുണ്ടയെ വാഹനപരിശോധനയ്ക്കിടെ പിടികൂടിയതും സംഭവത്തെപ്പറ്റി വിവരം ലഭിക്കാൻ പൊലീസിനെ സഹായിച്ചു. അതോടെ, പൊലീസ് പല സംഘങ്ങളായി തയാറെടുത്തു.

‘ഒാപ്പറേഷൻ ബർത്ത്ഡേ’ എന്ന പേരിൽ രാത്രി പതിനൊന്നോടെയായിരുന്നു നീക്കം. ഇതിനിടെ ചെമ്പരമ്പാക്കം നദിയിലേക്ക് എടുത്തുചാടിയും ചിലർ രക്ഷപ്പെട്ടു. നാലു കാറുകളും 45 ബൈക്കുകളും കൂടാതെ കത്തിയും വാളും ഉൾപ്പെടെ സംഭവസ്ഥലത്തുനിന്നു പിടിച്ചെടുത്തിരുന്നു.

 
Related News
� Infomagic - All Rights Reserved.