പശ്ചിമ ബംഗാളിലെ വിളിച്ചു വരുത്തി 'കൊല്ലുന്ന വെളിച്ചം'
February 13,2018 | 11:50:17 am

രഹസ്യങ്ങളുടെ ഒരു കലവറയാണ് പശ്ചിമ ബംഗാളിലെ സുന്ദർബൻ കണ്ടൽക്കാടുകളിലുള്ള ചതുപ്പുനിലങ്ങൾ. ആരെയും ഭയപ്പെടുത്തുന്ന രീതിയിൽ വെളിച്ചത്തിന്റെ അപൂർവ പ്രതിഭാസമുണ്ട് ഈ ചതുപ്പുനിലങ്ങളിൽ. ആലേയ ഗോസ്റ്റ് ലൈറ്റ്സ്‌ എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. പ്രകാശത്തിന്റെ ഉറവിടം തേടി പോകുന്നവർ മുങ്ങി മരിക്കുകയോ ചലനം നഷ്‌ടപ്പെട്ട് സ്തബ്ധരായി പോകുകയോ ചെയ്യുമെന്നാണ് നാട്ടുകാരുടെ വാദം. നിരവധി മീൻ പിടുത്തക്കാരുടെ ശവശരീരങ്ങൾ ഈ ചതുപ്പുകളിൽ വന്നടിയാറുണ്ട്. ഇതെല്ലാം ദുരൂഹമായ വെളിച്ചം മൂലം സംഭവിച്ചതാണെന്നാണ് നാട്ടുകാർ പറയുന്നത്.

സുന്ദർബൻ കണ്ടൽക്കാടുകളിലെ ചതുപ്പുകളിൽ ഉണ്ടായ അപകടങ്ങളിൽ മരിച്ച മീൻ പിടുത്തക്കാരുടെ ആത്മാക്കളാണ് ഈ വെളിച്ചമെന്നാണ് ഇവിടുത്തെ നാട്ടുകാരുടെ വിശ്വാസം. ഇതിൽ ചില ആത്മാക്കൾ കൊല്ലുകയെന്ന ഉദ്ദേശ്യത്തോടെ മീൻ പിടുത്തക്കാരെ ആക്രമിക്കും. ഈ വെളിച്ചത്തെ പിന്തുടരാൻ ശ്രമിക്കുന്നവർക്ക് ജീവൻ നഷ്‌ടപ്പെടുകയോ മാനസികനില തെറ്റുകയോ വരെ ചെയ്യാമത്രേ! ഇത്തരം സംഭവങ്ങള്‍ ഇവിടെ ധാരാളം ഉണ്ടായിട്ടുമുണ്ട്. എന്നാൽ വഴി തെറ്റിപ്പോകുന്ന മീൻ പിടുത്തക്കാർക്ക് ശരിയായ വഴി കാണിച്ചുകൊടുത്ത് സഹായിക്കുന്ന ചില ആത്മാക്കൾ ഉണ്ടെന്നും നാട്ടുകാര്‍ കൂട്ടിച്ചേർക്കുന്നു.

പശ്ചിമ ബംഗാളിലെ വെളിച്ചത്തിന്‍റെ ഈ അപൂർവ പ്രതിഭാസം എന്താണെന്ന് കൃത്യമായി വിശദീകരിക്കാൻ ശാസ്ത്രത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാലും മീഥെയ്ന്റെ അയണൈസേഷനോ, ഭൗമശാസ്ത്രപരമായ വ്യത്യാസങ്ങളോ ആയിരിക്കാം ഈ വെളിച്ചത്തിന് കാരണമെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. പശ്ചിമ ബംഗാളിൽ മാത്രമല്ല ലാറ്റ്വിയ, എസ്റ്റോണിയ, ലിതുവേനിയ, ഫിൻലൻഡ് എന്നീ രാജ്യങ്ങളിലും ഇത്തരത്തിലുള്ള വെളിച്ചത്തിന്റെ പ്രതിഭാസങ്ങളുണ്ട്. പൂർവ്വികർ ഒളിച്ചുവെച്ചിരിക്കുന്ന നിധികളുടെ അടയാളമാണ് ഈ വെളിച്ചമെന്ന് വിശ്വസിക്കുന്നവരുമുണ്ട്.

 
Related News
� Infomagic - All Rights Reserved.