വിശ്വാസിൽ 'വിശ്വാസ'മില്ലാതെ എഎപി, രാജ്യസഭാ സീറ്റ് നൽകിയില്ല
January 03,2018 | 07:02:30 pm

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ സ്ഥാനാർത്ഥികളായി കോടീശ്വരനടക്കം മൂന്ന് പേർ. അതേസമയം, പാർട്ടി സ്ഥാപക നേതാക്കളിലൊരാളായ കുമാർ വിശ്വാസിനെ തഴഞ്ഞു. പ്രമുഖ ചാർട്ടേർഡ് അക്കൗണ്ടന്റും ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ മുൻ പ്രസിഡന്റുമായ എൻ.ഡി.ഗുപ്ത, വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ സുശീൽ ഗുപ്ത, എ.എ.പി നിർവാഹക സമിതി അംഗം സഞ്ജയ് സിംഗ് എന്നിവരാണ് സ്ഥാനാർത്ഥികൾ. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ജനുവരി 16നാണ് തിരഞ്ഞെടുപ്പിൽ മൂവർക്കും വിജയം ഉറപ്പാണ്. 70 അംഗ നിയമസഭയിൽ എ.എ.പിക്ക് 66 സീറ്റാണുള്ളത്.

രാജ്യസഭയിലേക്ക് നേരത്ത പറഞ്ഞുകേട്ട പേരുകളിൽ പ്രഥമ സ്ഥാനം കുമാർ വിശ്വാസിനായിരുന്നു. എന്നാൽ, സത്യം പറഞ്ഞതിന്റെ പേരിൽ താൻ ശിക്ഷിക്കപ്പെട്ടെന്ന് സീറ്റ് നൽകാത്തത് സംബന്ധിച്ച് വിശ്വാസ് പ്രതികരിച്ചു. തന്റെ രക്തസാക്ഷിത്വം അംഗീകരിക്കുന്നതായും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

വിദ്യാഭ്യാസ - ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന കോടീശ്വരനായ സുശീൽ ഗുപ്ത, താനൊരു കൃഷിക്കാരനും സാമൂഹ്യ പ്രവർത്തകനെന്നും സ്വയം അവകാശപ്പെടുന്നയാളാണ്. 2013ൽ മോട്ടി നഗറിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ ഡൽഹി നിയമസഭയിലേക്ക് ഗുപ്ത മത്സരിച്ചിരുന്നു. അടുത്തിടെ കോൺഗ്രസിൽ നിന്ന് രാജിവച്ചു. 2013ൽ തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഗുപ്തയ്ക്ക് 164 കോടിയുടെ ആസ്തിയുണ്ട്.

എ.എ.പി നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളായ എൻ.ഡി.ഗുപ്ത ജി.എസ്.ടിയിലും വിദഗ്ദ്ധനാണ്.

Related News
� Infomagic - All Rights Reserved.