മറാത്താ ദളിത് സംഘര്‍ഷം: പ്രതിപക്ഷ ബഹളത്തില്‍ പാര്‍ലമെന്റ് സ്തംഭിച്ചു
January 03,2018 | 02:03:36 pm

ദില്ലി: മഹാരാഷ്ട്രയിലെ മറാത്താ-ദളിത് കലാപം സംബന്ധിച്ച് പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ ബഹളത്തില്‍ പാര്‍ലമെന്റ് നടപടികള്‍ തടസപെട്ടു. കലാപത്തെ കുറിച്ച് സുപ്രിം കോടതി ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. അതേസമയം, കലാപത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ ആരോപിച്ചു.

മഹാരാഷ്ട്രയിലെ മറാത്താദലിത് കലാപം സംബന്ധിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ലോക്‌സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ചോദ്യോത്തരവേളയില്‍ വിഷയം ഉന്നയിക്കാന്‍ അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. തുടര്‍ന്ന് സഭ 12 മണി വരെ സ്പീക്കര്‍ നിര്‍ത്തിവെച്ചു. ശൂന്യവേളയില്‍ വിഷയം അവതരിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് സ്പീക്കര്‍ അനുമതി നല്‍കി. ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലാണ് ദലിതര്‍ക്ക് നേരെ അക്രമണം കൂടുതലെന്ന് ഖാര്‍ഗെ ആരോപിച്ചു. മഹാരാഷ്ട്രയിലെ മറാത്താദലിത് കലാപത്തിന് പിന്നില്‍ ആര്‍എസ്എസ് ആണ്. പ്രധാനമന്ത്രി മഹാരാഷ്ട്ര സംഘര്‍ഷത്തെ കുറിച്ച് പ്രസ്താവന നടത്തണം. ഖാര്‍ഗെ ആവശ്യപ്പെട്ടു.

അതേസമയം, മഹാരാഷ്ട്രയിലെ സംഘര്‍ഷം കോണ്‍ഗ്രസ് രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നുവെന്ന് കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ആരോപിച്ചു. ഭിന്നിപ്പിച്ച് ഭരിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ നയം. നിയമസഭാ തെരെഞ്ഞുപ്പുകളിലെ പരാജയത്തിന്റെ ജാള്യത മറയ്ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അനന്ത്കുമാര്‍ പറഞ്ഞു. പ്രധാനമന്ത്രി പ്രസ്താവന നടത്താത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ നടത്തിയ ബഹളത്തില്‍ തുടര്‍ന്നും സഭ സ്തംഭിച്ചു. പ്രതിപക്ഷ ബഹളത്തില്‍ രാജ്യസഭാ നടപടികളും തടസപെട്ടു.

Related News
� Infomagic - All Rights Reserved.