കാശ്‌മീരിൽ പാക് വെടിവയ്പ്പ്: ജവാന് ജന്മദിനത്തിൽ വീരമൃത്യു
January 03,2018 | 09:41:20 pm

ശ്രീനഗർ: ജമ്മു കാശ്‌മീർ നിയന്ത്രണരേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ ബി.എസ്.എഫ് ജവാന് സ്വന്തം ജന്മദിനത്തിൽ വീരമൃത്യു. ബുധനാഴ്ച വൈകുന്നേരം സാംബ സെക്‌ടറിൽ ചക് ദുൽമ് പോസ്റ്റിലാണ് വെടിവയ്പ്പുണ്ടായത്.

173ാം ബി.എസ്.എഫ് ബറ്റാലിയനിലെ ഹെഡ് കോൺസ്റ്റബിൾ ആർ.പി. ഹസ്ര (51)യാണ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സ്വദേശിയാണ്. ജന്മദിനമായ ബുധനാഴ്ച തന്നെയാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് ബി.എസ്.എഫ് ഒൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ വർഷം കാശ്‌മീരിലെ നിയന്ത്രണ രേഖയിൽ 882 തവണ പാകിസ്ഥാൻ വെടിനിർത്തൽ കാരാർ ലംഘിച്ചിട്ടുണ്ട്. ഇതിൽ 14 പട്ടാളക്കാർ, 12 സാധാരണ പൗരൻമാർ, നാല് ബി.എസ്.എഫ് അംഗങ്ങൾ എന്നിവർ കൊല്ലപ്പെട്ടിരുന്നു.

നിയന്ത്രണ രേഖയിൽ രജൗരിയിലും പൂഞ്ചിലും പാക് സൈന്യം ഏതാനും ദിവസങ്ങളായി ആക്രമണം തുടരുകയാണ്. സാംബ സെക്ടറിലേക്കും ഇപ്പോൾ പാക് സൈന്യം ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ്.

Related News
� Infomagic - All Rights Reserved.