റോയല്‍ എന്‍ഫീല്‍ഡിന്‍റെ പുതിയ അവതാരം പുതുവര്‍ഷത്തില്‍ പിറവിയെടുക്കുന്നു
December 27,2017 | 05:13:54 pm

റോയല്‍ എന്‍ഫീല്‍ഡിന്‍റെ ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 കള്‍ക്ക് മുന്‍പേ മറ്റൊരു അവതാരം കൂടി എന്‍ഫീല്‍ഡ് നിരയില്‍ പിറവിയെടുത്തിരിക്കുകയാണ്. തണ്ടര്‍ബേര്‍ഡ് 500 എക്‌സ് എന്ന പേരിലാണ് പുതിയ ബുള്ളറ്റിന്റെ വരവ്. പേര് സൂചിപ്പിക്കുന്നത് പോലെ തണ്ടര്‍ബേര്‍ഡ് 500 ന്റെ പുതിയ വകഭേദമാണ് തണ്ടര്‍ബേര്‍ഡ് 500 എക്‌സ്. സ്റ്റാര്‍ഡേര്‍ഡ് തണ്ടര്‍ബേര്‍ഡിനെ അപേക്ഷിച്ച് ഡിസൈനിലും ഫീച്ചറുകളിലും അടിമുടി പുതുമയുമായാണ്പുതിയ തണ്ടര്‍ബേര്‍ഡ് 500 എക്‌സിന്റെ വരവ്.

പുതിയ നിറഭേദങ്ങളാണ് തണ്ടര്‍ബേര്‍ഡ് 500 എക്‌സിന്റെ പ്രധാന ആകര്‍ഷണം. നീല , ചുവപ്പ്, വെള്ള, മഞ്ഞ നിറങ്ങളിലാണ് പുതിയ മോഡല്‍ ഒരുങ്ങുന്നത്. പുതിയ ഹാന്‍ഡില്‍ബാര്‍, അലോയ് വീലുകള്‍, സിംഗിള്‍ പീസ് സീറ്റ് എ്ന്നിവ ഇതിന്റെ പ്രത്യേക്തകളാണ്. ഒപ്പം മാറ്റ് ബ്ലാക് ഫിനിഷ് നേടിയ എഞ്ചിനും എക്സ്ഹോസ്റ്റും തണ്ടര്‍ബേര്‍ഡ് 500 എക്‌സിന്റെ ഡിസൈന്‍ ഭാഷയെ വിശിഷ്ടമാക്കുന്നു. തണ്ടര്‍ബേര്‍ഡ് 500 എക്‌സി ന്റെ ഹെഡ്ലാമ്പും, ടെയില്‍ ലാമ്പും സ്റ്റാന്‍ഡേര്‍ഡ് തണ്ടര്‍ബേര്‍ഡില്‍ നിന്നും കടമെടുത്തതാണ്.

നിലവിലുള്ള 500 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനില്‍ തന്നെയാണ് റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500 എക്‌സിന്റെയും വരവ്. 27.2 ബിഎച്ച്പി കരുത്തും 41.3 എന്‍എം ടോര്‍ക്കും ഉല്‍പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്സാണ് ഇടംപിടിക്കുന്നത്. 2018 ജനുവരി മാസത്തോടെ പുതിയ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500 എക്‌സ് വിപണിയില്‍ എത്തുമെന്നാണ് കരുതുന്നത്. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഓട്ടോ എക്സ്പോയില്‍ എന്‍ഫീല്‍ഡ് നിരയില്‍ അണിനിരക്കാനിരിക്കുന്ന അവതാരം കൂടിയാകാം തണ്ടര്‍ബേര്‍ഡ് 500 എക്‌സ്.

RELATED STORIES
� Infomagic - All Rights Reserved.