കടല്‍ക്ഷോഭം: 29-നു മുന്നറിയിപ്പുകള്‍ നല്‍കിയതു നാലുവട്ടം; ഫോണിലും വിവരം കൈമാറി
December 05,2017 | 06:48:21 am
Share this on

ന്യൂഡല്‍ഹി: കേരള തീരത്തു രൂക്ഷമായ കടല്‍ക്ഷോഭമുണ്ടാകുമെന്ന മുന്നറിയിപ്പു സന്ദേശങ്ങള്‍ 29നു നാലു തവണ സംസ്ഥാനസര്‍ക്കാരിനു നല്‍കിയതിനു പുറമെ തിരുവനന്തപുരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ ഫോണിലും സംസ്ഥാന സര്‍ക്കാരില്‍ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നതായി കേന്ദ്ര ഭൗമശാസ്ത്ര സെക്രട്ടറി എം.രാജീവന്‍ അറിയിച്ചുവെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

തമിഴ്‌നാട്ടിലെയും തെക്കന്‍ കേരളത്തിലെയും മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്ന ആദ്യ മുന്നറിയിപ്പ് 29നു രാവിലെ 11.50 നാണു നല്‍കിയത്. സാധാരണ കാലാവസ്ഥാ റിപ്പോര്‍ട്ടായല്ല, പ്രത്യേക ബുള്ളറ്റിനുകളായാണു മുന്നറിയിപ്പു സന്ദേശങ്ങള്‍ നല്‍കിയതെന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കാന്‍ ബാധ്യസ്ഥവുമായിരുന്നു. ന്യൂനമര്‍ദത്തിന്റെ ഉപഗ്രഹ ദൃശ്യങ്ങളടക്കമായിരുന്നു മുന്നറിയിപ്പുകള്‍. കേരള ചീഫ് സെക്രട്ടറിക്കും ലക്ഷദ്വീപ് ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ക്കും ഉള്‍പ്പെടെയാണു സന്ദേശം നല്‍കിയത്.

കേരള സര്‍ക്കാരിന് യഥാസമയം മുന്നറിയിപ്പു ലഭിച്ചിരുന്നില്ലെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍ കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തില്‍നിന്നുള്ള ബുള്ളറ്റിനുകള്‍ പരിശോധിച്ചിരുന്നു. തിരുവനന്തപുരത്തു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ സുദേവന്‍, ഫോണില്‍ സംസ്ഥാന സര്‍ക്കാരിലെ ഉന്നതോദ്യോഗസ്ഥര്‍ക്ക് അറിയിപ്പു നല്‍കിയിരുന്നതായും വ്യക്തമായി.

ആദ്യ മുന്നറിയിപ്പ്

ശ്രീലങ്കന്‍ തീരത്തു രൂപപ്പെട്ട ന്യൂനമര്‍ദം കന്യാകുമാരിക്ക് 500 കിലോമീറ്റര്‍ തെക്കുകിഴക്കായി ശക്തിപ്രാപിക്കുന്നു. പടിഞ്ഞാറ്‌വടക്കു പടിഞ്ഞാറു ദിശിയിലേക്കു നീങ്ങുന്ന ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ള കൂടുതല്‍ ശക്തിയാര്‍ജിക്കും. തെക്കന്‍ കേരളത്തില്‍ പരക്കെയും ചിലയിടങ്ങളില്‍ ശക്തിയായും മഴയുണ്ടാകും.

കാറ്റ് മുന്നറിയിപ്പ്: തെക്കന്‍ തമിഴ്‌നാട്ടിലെയും തെക്കന്‍ കേരളത്തിന്റെയും തീരങ്ങളിലേക്കു മണിക്കൂറില്‍ 65 കിലോമീറ്റര്‍വരെ വേഗമുള്ള കാറ്റിനു സാധ്യത. കടല്‍ നില: കേരള- തമിഴ്‌നാട് - ലക്ഷദ്വീപ് തീരങ്ങളില്‍ അടുത്ത 48 മണിക്കൂര്‍ കടല്‍ അത്യധികം പ്രക്ഷുബ്ധമാകും.

മല്‍സ്യത്തൊഴിലാളികള്‍ക്കുള്ള മുന്നറിയിപ്പ്: കേരള തമിഴ്‌നാട് തീരത്തു മല്‍സ്യത്തൊഴിലാളികള്‍ അടുത്ത 48 മണിക്കൂര്‍ കടലില്‍ പോകരുത്. ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ലക്ഷദ്വീപിലെ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുത്.

രണ്ടാം മുന്നറിയിപ്പ്

കന്യാകുമാരിക്ക് 360 കിലോമീറ്റര്‍ കിഴക്കു തെക്കു ഭാഗത്ത് എത്തിയിട്ടുള്ള ന്യൂനമര്‍ദം പടിഞ്ഞാറു വടക്കു ദിശയിലേക്കു നീങ്ങുകയാണ്. 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്രാപിക്കും. തെക്കന്‍ തമിഴ്‌നാട്ടിലും തെക്കന്‍ കേരളത്തിലും കനത്ത മഴയ്ക്കു സാധ്യത. (ആദ്യ സന്ദേശത്തിലെ കാറ്റ്, കടല്‍ നില, മല്‍സ്യത്തൊഴിലാളികള്‍ക്കുള്ള മുന്നറിയിപ്പുകള്‍ ആവര്‍ത്തിച്ചിട്ടുണ്ട്)

മൂന്നാം മുന്നറിയിപ്പ്

കന്യാകുമാരിക്കു 340 കിലോമീറ്റര്‍ തെക്കു കിഴക്കെത്തിയിട്ടുള്ള ന്യൂനമര്‍ദം പടിഞ്ഞാറു ദിശയിലേക്കു നീങ്ങി 24 മണിക്കൂറിനകം കൂടുതല്‍ ശക്തിപ്രാപിക്കാന്‍ സാധ്യത. തെക്കന്‍ കേരളത്തില്‍ അടുത്ത 24 മണിക്കൂര്‍ ശക്തമായ മഴയും തുടര്‍ന്നുള്ള 24 മണിക്കൂര്‍ അതിശക്തമായ മഴയുമുണ്ടാകും. മൂന്നാമത്തെ മുന്നറിയിപ്പ് 29നു രാത്രിയും (നാലാം തവണ) 30നു പുലര്‍ച്ചെയും (അഞ്ചാംതവണ) ആവര്‍ത്തിച്ചു.

ആറാം മുന്നറിയിപ്പ്

കന്യാകുമാരിക്കു 170 കിലോമീറ്റര്‍ തെക്കുകിഴക്കായി രൂപപ്പെട്ടിട്ടുള്ള ന്യൂനമര്‍ദം 12 മണിക്കൂറിനകം ചുഴലിക്കാറ്റായി മാറും. തെക്കന്‍ തമിഴ്‌നാട്ടിലും തെക്കന്‍ കേരളത്തിലും അടുത്ത 24 മണിക്കൂര്‍ കനത്ത മഴ. അടുത്ത 24 മണിക്കൂറിനിടെ കാറ്റിന്റെ വേഗം മണിക്കൂറില്‍ 75 കിലോമീറ്ററായും തുടര്‍ന്നുള്ള 24 മണിക്കൂറിനകം വേഗം 90 കിലോമീറ്റായും വര്‍ധിക്കും. കടല്‍ അതീവ പ്രക്ഷുബ്ധമായിരിക്കും. ലക്ഷദ്വീപില്‍ മരങ്ങള്‍ കടപുഴകിയും വീടുകള്‍ തകര്‍ന്നും നാശത്തിനു സാധ്യത. കൃഷിനാശവുമുണ്ടാകും. നടപടി നിര്‍ദേശം: തെക്കന്‍ കേരളത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ 48 മണിക്കൂര്‍ കടലില്‍ ഇറങ്ങരുത്.

 

RELATED STORIES
� Infomagic - All Rights Reserved.