പി സി സി ചതുരംഗ കളത്തിലും ജയം ചാണ്ടിക്കൊപ്പം, ലക്ഷ്യം ഒരിക്കൽ കൂടി മുഖ്യമന്ത്രി പദം
May 10,2017 | 03:56:52 pm
Share this on

കൊച്ചി: പ്രദേശ് കോൺഗ്രസ്സിന്റെ തലപ്പത്തു തത്കാലം എം. എം. ഹസ്സൻ തുടരുമെന്ന ഹൈക്കമാൻഡിന്റെ തിട്ടൂരം ഉമ്മൻ ചാണ്ടിയുടെ ചാണക്യ സൂത്രങ്ങൾ ഫലിക്കുന്നു എന്ന് ഒരുവട്ടം കൂടി വ്യക്തമാക്കി തരുന്നതാണ്. സംഘടനാ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെ, അതായത് ഒക്ടോബര് പകുതി വരെ ഹസൻ പ്രസിഡന്റ് പദവിയിൽ തുടരും. ആഴ്ചകൾക്കു മുൻപ് തന്നെ ഇൻഫോ മാജിക് ഇക്കാര്യം വ്യക്തമായി സൂചിപ്പിക്കുന്ന ഒരു റിപ്പോർട്ട് നൽകിയിരുന്നു.
ഹസ്സനെ നിയമിക്കുമ്പോൾ ഹ്രസ്വ കാലത്തേക്ക് എന്ന സൂചനയാണ് ഉണ്ടായിരുന്നത്.
. ഉടൻ തന്നെ പുതിയ സ്ഥിരം അധ്യക്ഷനെ ഹൈക്കമാൻഡ് പ്രഖ്യാപിക്കുമെന്ന് കരുതിയവർക്ക് തെറ്റി. കാരണം പല സമവാക്യങ്ങൾ പരിഗണിക്കുമ്പോൾ ഒരു പ്രസിഡന്റിനെ പ്രഖ്യാപിക്കൽ അത്ര എളുപ്പമല്ലെന്ന് കേരളത്തിന്റെ ചുമതലക്കാരനായ മുകുൾ വാസ്നിക്കിനു ബോധ്യമായി. അണ്ടിയോടടുക്കുമ്പോഴാണല്ലോ മാങ്ങയുടെ പുളി അറിയുന്നത്. ഏതായാലൂം രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ പി. സി. സി അധ്യക്ഷൻ എ ഗ്രൂപ്പുകാരനായിരിക്കണമെന്നത് കോൺഗ്രസിലെ സാമാന്യ തത്വമാണ്. ഇതിനു ഐ ഗ്രൂപ്പിന് തെല്ലും വിസമ്മതമില്ല. അതിനു പറ്റിയ ചരടുകൾ അവർ വലിച്ചു. അധ്യക്ഷ സ്ഥാനത്തിന് പരമ യോഗ്യൻ സാക്ഷാൽ ഉമ്മൻ ചാണ്ടി തന്നെ എന്നായിരുന്നു അവരുടെ നിർദേശം. വലിയൊരു സാധ്യതയാണ് ഇത്തരമൊരു മഹാദാനത്തിലൂടെ ചെന്നിത്തലയും കൂട്ടരും കണ്ടത്. കെ.പി.സി.സി പ്രസിഡന്റ് ആകുമ്പോൾ അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടിയുടെയും യു. ഡി. എഫിന്റെയും ഇലക്ഷൻ മെഷിനറി ചലിപ്പിക്കുക എന്ന ഭാരിച്ച ചുമതല ഏറ്റെടുക്കേണ്ടി വരുന്നു. സാധാരണയായി പാർട്ടിയെ മുന്നിൽ നിന്ന് നയിക്കേണ്ട പി.സി.സി അധ്യക്ഷന്മാർ തെരഞ്ഞെടുപ്പിൽ മത്സരിക്കാറില്ല. ആ കീഴ്വഴക്കം പാലിക്കപെടുമ്പോൾ ഉമ്മൻ ചാണ്ടി തെരഞ്ഞെടുപ്പ് കളത്തിന് പുറത്തു. അപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലക്ക് ഒരു തരത്തിലുള്ള ഭീഷണിയും വരുന്നില്ല. പി.സി.സി അധ്യക്ഷൻ എന്ന വമ്പൻ പദവി ചാണ്ടിക്ക് ദാനമായി നൽകുന്നു എന്ന ഖ്യാതി വേറെയും.
ഏതായാലും 2021 ൽ ഒരിക്കൽ കൂടി മുഖ്യമന്ത്രി ആകണമെന്ന മോഹം എളുപ്പം വിട്ടുകൊടുക്കാനാകാത്തത്‌ കൊണ്ട് കുഞ്ഞൂഞ് ഈ ചൂണ്ടയിൽ കൊത്തിയില്ല. പകരം പ്രതിപക്ഷ നേതാവ് ഹിന്ദു ആയിരിക്കുമ്പോൾ പി.സി. സി. പ്രസിഡന്റ് ന്യൂനപക്ഷ സമുദായകരനായിരിക്കണമെന്ന കോൺഗ്രസിനുള്ളിൽ ആ പ്രഖ്യാപിത കീഴ്വഴക്കം എന്ന ഇരയെ കോർത്ത് വേറൊരു ചൂണ്ടയിട്ടു. ഇതിന്റെ വിജയമാണ് ഹസ്സന്റെ താത്കാലിക അധ്യക്ഷ പദവി. താഴെ തട്ടിൽ ജനാധിപത്യം എത്ര ശക്തമായിരുന്നാലും പാർട്ടി സംസ്ഥാന പ്രസിഡന്റുമാരെ ഹൈകമാൻഡ് നിശ്ചയിച്ച ചരിത്രമാണ് കോൺഗ്രസിനുള്ളത്. അതുകൊണ്ടു ഈ സ്ഥാനത്തേക്ക് തന്റെ വിശ്വസ്തൻ തന്നെ അവരോധിക്കണമെന്നു ചാണ്ടിക്ക് വ്യക്തമായ ബോധ്യമുണ്ട്. തിരുവഞ്ചൂർ എന്ത് കൊണ്ടും യോഗ്യനാണെങ്കിലും സാമുദായിക സംതുലനം കീറാമുട്ടിയാകും. പിന്നെ കയ്യിലുള്ള ആയുധങ്ങൾ എടുത്തു പ്രയോഗിക്കുക എന്നത്‌ മാത്രമാണ് കരണീയം. അങ്ങനെ നോക്കുമ്പോൾ മുന്നിൽ നില്കുന്നത് സാക്ഷാൽ കെ. സി. ജോസഫ് തന്നെ. പക്ഷെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ എതിർപ്പുകൾ ശക്തമാകും. മാത്രവുമല്ല നേതൃഗുണവും പോരാ. മറ്റൊരു എ ഗ്രൂപ്പുകാരൻ ബെന്നി ബെഹനാൻ ആണ് പക്ഷെ സംസ്ഥാനാടിസ്ഥാനത്തിൽ നോക്കുമ്പോൾ അത്ര പ്രഗത്ഭനാല്ല. ഈ സമസ്യ പൂരണം അത്ര എളുപ്പമല്ലാത്തതിനാലാണ് ഹസൻ തുടരുന്നത്.
കെ.പി. സി. സി പ്രസിഡന്റ് പദം തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണ്ണയത്തിൽ വളരെ പ്രാധാന്യമേറിയതാണ്. അതുകൊണ്ടു മുഖ്യമന്ത്രി സ്ഥാനം മുന്നിൽ കണ്ടു ഉമ്മൻ ചാണ്ടി ഒന്നൊന്നര മുഴം മുമ്പേ എറിയുകയാണ്. അതാണ് പി. സി. സി അധ്യക്ഷ പദവി എന്ന പൂഴിക്കടകൻ വളരെ തന്മയത്വത്തോടെ അദ്ദേഹം വെട്ടിയൊഴിഞ്ഞത്.
ഇനി വരുന്ന ഉൾപാർട്ടി തിരഞ്ഞെടുപ്പിലും കോൺഗ്രസിനെ ശക്തപ്പെടുത്തുക എന്ന ലേബലിൽ ഐ വിഭാഗത്തെ പരമാവധി ഒതുക്കാൻ ഉമ്മൻ ചാണ്ടിയും കൂട്ടാളികളും പരിശ്രമിക്കും. പത്തോളം ഡി. സി. സി. കളിൽ എ വിഭാഗത്തിന്റെ പ്രെസിഡന്റുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. അങ്ങനെ വരുത്തേണ്ടത് സ്ഥാനാർഥി നിർണ്ണയത്തിൽ ഏറെ നിർണായകമാണ്.
അതുകൊണ്ട് പി.സി.സി പ്രഡന്റിനു തത്കാലം മാറ്റം വരുന്നില്ല. ഹസന് പകരം പ്രസിഡണ്ട് എന്ന സമസ്യ
ഒരു പ്രശ്നം തന്നെയാണ്. ചാണ്ടിയാകട്ടെ കോൺഗ്രസ്സിൽ അവസാന വാക്ക് താനാണെന്ന് കൃത്യമായി ബോധ്യപ്പെടുത്താനുള്ള അവസരമായി തന്നെ ഇത് കാണുന്നു,

RELATED STORIES
� Infomagic - All Rights Reserved.