തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാതെ പിണറായി രാഷ്ട്രീയ ഭീരുവായി തുടരുന്നുവെന്ന് സുധീരന്‍
November 14,2017 | 07:24:47 pm
Share this on

കൊച്ചി: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ കോടതിയുടെ ഭാഗത്തുനിന്നും രൂക്ഷമായ പ്രതികരണമുണ്ടായിട്ടും മന്ത്രിയുടെ രാജി ആവശ്യപ്പെടാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രി പിണറായി ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് വിഎം സുധീരന്‍. മന്ത്രി രാജിവെക്കുന്നതാണുചിതമെന്നും സുധീരന്‍ പറഞ്ഞു.

ജനവികാരവും സംസ്ഥാന താത്പര്യവും ഇടതുമുന്നണിയിലെ പൊതു അഭിപ്രായവും തീര്‍ത്തും തള്ളിക്കളഞ്ഞ് നിയമലംഘകനായ മന്ത്രി തോമസ് ചാണ്ടിക്ക് മുന്നില്‍ വിനീത വിധേയനായി നില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇങ്ങനെ ഒരു രാഷ്ട്രീയ ഭീരുവായി തുടരുന്നതിലും നല്ലത് രാജിവച്ചൊഴിയുകയാണെന്ന് സുധീരന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു

പോസ്റ്റിന്റെ പൂര്‍ണരൂപം

മന്ത്രി തോമസ് ചാണ്ടിക്കെതിരെ അതിരൂക്ഷമായ പരാമര്‍ശവും വിധിയും ഹൈക്കോടതിയില്‍ നിന്നും ഉണ്ടായിട്ടും മന്ത്രിയുടെ രാജി ആവശ്യപ്പെടാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് തെളിയിച്ചിരിക്കുകയാണ്. 
മന്ത്രി രാജി വെക്കുന്നതാണ് ഉചിതം, സ്വന്തം സര്‍ക്കാരിനെതിരെ കോടതിയെ സമീപിച്ച മന്ത്രിയുടെ നടപടി ഭരണഘടനാ വിരുദ്ധം, മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തമില്ലായ്മ തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച ഹൈക്കോടതി മന്ത്രി ദന്തഗോപുരത്തില്‍ നിന്നും ഇറങ്ങി സാധാരണ മനുഷ്യനായി നിയമത്തെ നേരിടണം എന്നീ തരത്തിലുള്ള അതീവ ഗൗരവമുള്ള കാര്യങ്ങളാണ് നിരീക്ഷിച്ചത്. ഇതെല്ലാം പാടെ അവഗണിച്ചുകൊണ്ട് മന്ത്രിയെ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്ന മുഖ്യമന്ത്രി ഭരണഘടനയെയും നിയമവാഴ്ചയെയും വെല്ലുവിളിക്കുകയാണ്. സത്യപ്രതിജ്ഞാ ലംഘനമാണിത്.
തന്റെ പണത്തിന്റെ കരുത്തില്‍ ആരെയും വരുതിയിലാക്കാം എന്നുള്ള 'തോമസ് ചാണ്ടി തിയറി'യില്‍ മുഖ്യമന്ത്രിയും വീണിരിക്കുകയാണെന്ന് വ്യക്തം.
മന്ത്രി ചാണ്ടിയോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന മുഖ്യമന്ത്രിയെ ഇപ്പോള്‍ കൂട്ടുപ്രതിയായിട്ടാണ് ജനങ്ങള്‍ കാണുന്നത്.
ജനവികാരവും സംസ്ഥാന താത്പര്യവും ഇടതുമുന്നണിയിലെ പൊതു അഭിപ്രായവും തീര്‍ത്തും തള്ളിക്കളഞ്ഞ് നിയമലംഘകനായ മന്ത്രി തോമസ് ചാണ്ടിക്ക് മുന്നില്‍ വിനീത വിധേയനായി നില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇങ്ങനെ ഒരു രാഷ്ട്രീയ ഭീരുവായി തുടരുന്നതിലും നല്ലത് രാജിവച്ചൊഴിയുകയാണ്.

RELATED STORIES
� Infomagic - All Rights Reserved.