മുറ്റത്തൊരുക്കാം ഒരു റോസാത്തോട്ടം
September 06,2018 | 03:44:58 pm

പൂക്കളില്‍ എന്നും മുന്‍പന്തിയില്‍ത്തന്നെ നില്‍ക്കുന്ന പുഷ്പമാണ് റോസ്. പല വര്‍ണ്ണങ്ങളിലും വലിപ്പത്തിലും മണത്തിലും മുറ്റത്ത് വിരിഞ്ഞു നില്‍ക്കുന്ന റോസ കണ്ണിന് ആനന്ദം നല്‍കുന്ന കാഴ്ച തന്നെയാണ്. വളരെയെളുപ്പത്തില് നട്ടുപിടിപ്പിക്കാവുന്നതും വളരെ വേഗത്തില്‍ പുഷ്പിക്കുന്നതുമായ സസ്യമാണ് റോസ. ഒന്ന് ശ്രദ്ധിച്ചാല്‍ നമ്മുടെ മുറ്റത്തും മനോഹരമായ ഒരു റോസാത്തോട്ടം ഒരുക്കിയെടുക്കാം.

നല്ല നീര്‍വാഴ്ചയുള്ളതും ജൈവാംശമുള്ളതുമായ മണ്ണ് വേണം റോസ നടാനായി തെരഞ്ഞെടുക്കേണ്ടത്. ധാരാളം സൂര്യപ്രകാശം ചെടിയില്‍ പതിക്കുന്ന തരത്തിലുള്ള സൗകര്യ പ്രദമായ സ്ഥലവും കണ്ടെത്തണം. കഠിനമായ മഴയോ വേനലോ ഒഴികെയുള്ള ഏതുസമയത്തും റോസ നടാവുന്നതാണ്. മണ്ണ് നല്ലവണ്ണം കിളച്ചു കല്ലും കളകളും നീക്കി നല്ലവണ്ണം നിരപ്പാക്കിയിടണം. ഒരടി വീതം നീളം താഴ്ച എന്നീ ക്രമത്തില്‍ കുഴികളെടുത്ത് അതിലേക്ക് ഉണക്കച്ചാണകം പൊടിച്ചിട്ടതിനു ശേഷം ചെടികള്‍ നടാം. ചെടികള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കേണ്ടതാണ്. ചട്ടിയിലാണ് നടുന്നതെങ്കില്‍ കുറഞ്ഞത് 30 സെ മീ എങ്കിലും വലിപ്പമുള്ള ചട്ടികള്‍ ഉപയോഗിക്കണം. അധികം പടര്‍ന്നുവളരാത്ത ഇനങ്ങളാണെങ്കില്‍ വലിപ്പം കുറച്ചു കുറഞ്ഞ ചട്ടികളായാലും മതി. മണ്‍ചട്ടികള്‍ തെരെഞ്ഞെടുക്കുന്നതാണ് ഏറ്റവും അനുയോജ്യം.

വളപ്രയോഗം

കുഴികളില്‍ നട്ട ചെടികള്‍ക്ക് വര്‍ഷത്തില്‍ 5 മുതല്‍ 10 കിലോഗ്രാം വരെ ജൈവവളം നല്‍കണം. പച്ചിലയോ ചാണകമോ കോഴിവളമോ ഇതിനായി ഉപയോഗിക്കാം. ഓരോ ചെടിക്കും 50 ഗ്രാം വീതം റോസ് മിക്സ്ചര്‍ വാങ്ങി ചുവട്ടില്‍ നിന്നും കുറച്ചു മാറ്റിയിട്ടു കൊടുക്കാം. ചട്ടികളില്‍ വളര്‍ത്തുന്ന ചെടികളുടെ ചുവട്ടിലെ മണ്ണില്‍ ജൈവാംശം പൂര്‍ണമായി ഇല്ലാതാകുമ്പോഴോ ചട്ടിയില്‍ വേര് വളര്‍ന്നു നിറയുമ്പോഴോ മണ്ണ്മാറ്റിക്കൊടുക്കണം. രാസവളം ഉപയോഗിച്ചാല്‍ അതിട്ടതിന് ശേഷം ഉടന്‍ തന്നെ നനയ്ക്കാന്‍ ശ്രദ്ധിക്കണം.

വിളവെടുപ്പ്

നന്നായി പരിപാലിച്ചു വളര്‍ത്തുന്ന ചെടികള്‍ ആദ്യവര്‍ഷം തന്നെ പുഷ്പിക്കും. രണ്ടാം വര്‍ഷം മുതല്‍ പത്തു വര്‍ഷം വരെ ഇത് തുടര്‍ച്ചയായി പൂവ് നല്‍കും. അതിനുശേഷം ക്രമേണ പൂക്കളുടെ എണ്ണം കുറയും.

 

 
� Infomagic- All Rights Reserved.