ഇന്‍ഷുറന്‍സ് ക്ലെയിം നേടാന്‍ സഹായം തേടാം
March 06,2017 | 12:12:15 pm
Share this on

അര്‍ഹമായ ഇന്‍ഷുറന്‍സ് ക്ലെയിം തുക മുഴുവനായും ലഭ്യമാക്കാതിരിക്കുക, നിസ്സാര കാരണങ്ങള്‍ പറഞ്ഞ് ക്ലെയിം തുക പൂര്‍ണമായും നിഷേധിക്കുക എന്നീ കാരണങ്ങള്‍ ഇന്‍ഷുറന്‍സില്‍ ധാരാളമായി കണ്ടുവരുന്നു. അക്കാരണത്താല്‍ തന്നെ, ഇന്‍ഷുറന്‍സിലുള്ള പോളിസി ഉടമകളുടെ വിശ്വാസം കുറയാന്‍ ഇടവന്നിട്ടുണ്ട്. ഇതിന് പരിഹാരമെന്ന നിലക്ക് ഇന്‍ഷുറന്‍സ് റഗുലേറ്ററായ ഐ.ആര്‍.ഡി.എ.ഐ. ഇന്‍ഷുറന്‍സ് ബ്രോക്കിങ് കമ്പനികള്‍ക്ക് ക്ലെയിം കണ്‍സള്‍ട്ടന്‍സി സേവനം നല്‍കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. ഒരു കോടി രൂപ വരെയുള്ള ക്ലെയിം തുകയ്ക്കാണ് ഇത്തരം സ്ഥാപനങ്ങള്‍ക്ക് സേവനം നല്‍കാന്‍ കഴിയുക.

ഇന്‍ഷുറന്‍സ് ബ്രോക്കിങ് സ്ഥാപനങ്ങളില്‍ ഇത്തരം പരാതികള്‍ ശരിയായി കൈകാര്യം ചെയ്യാന്‍ സാങ്കേതിക വിദഗ്ദ്ധരും ക്ലെയിമിനെക്കുറിച്ചും പോളിസിയെക്കുറിച്ചും അറിവും പ്രവര്‍ത്തന പരിചയവുമുള്ളവരും ഉണ്ടായിരിക്കണം. ക്ലെയിം ലഭ്യമാവുന്നതിന് തടസ്സം നില്‍ക്കുന്ന വസ്തുതകള്‍ എന്തെന്ന് പരിശോധിക്കാം: ഒന്നാമതായി, ശരിയായ തുകയ്ക്ക് ഉപഭോക്താവിന്‍റെ പരമാവധി റിസ്കുകള്‍ കവര്‍ ചെയ്യുന്ന രീതിയില്‍ ഇന്‍ഷുര്‍ ചെയ്തിരിക്കണം. പ്രൊപ്പോസല്‍ ഫോമില്‍ പൂരിപ്പിക്കുന്ന വിവരങ്ങളാണ് പോളിസിയില്‍ ഉണ്ടാവുക. തെറ്റായ വിവരങ്ങള്‍ നല്‍കാതിരിക്കുക, സത്യസന്ധമായി വിവരങ്ങള്‍ നല്‍കുക എന്നതും ഒരു ക്ലെയിം ലഭ്യമാക്കാന്‍ നമ്മെ പരമാവധി സഹായിക്കുന്ന ഒന്നാണ്.

ക്ലെയിം ഉണ്ടായാല്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചുള്ള അറിവാണ് അടുത്തതായി വേണ്ടത്. യഥാസമയം ക്ലെയിം ഉണ്ടായ വിവരം ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കുകയും ക്ലെയിം ചെയ്യാനാവശ്യമായ അനുബന്ധ രേഖകള്‍ ക്ലെയിം ഫോമിനോടൊപ്പം നല്‍കുകയും വേണം. ഇതില്‍ ഇന്‍ഷുറന്‍സ് സര്‍വേയറുടെ സേവനം, തേര്‍ഡ് പാര്‍ട്ടി അഡ്മിനിസ്ട്രേറ്ററുടെ സേവനം എന്നിവ ആവശ്യമായി വരാറുണ്ട്. ക്ലെയിം കൈകാര്യം ചെയ്യുമ്പോഴും അതിന്റെ റിപ്പോര്‍ട്ട് നല്‍കുമ്പോഴും പോളിസിയെക്കുറിച്ചും കവര്‍ ചെയ്ത റിസ്കിനെക്കുറിച്ചും ക്ലെയിം ഉണ്ടാവാനിടയായ സാഹചര്യവുമൊക്കെ നന്നായി മനസ്സിലാക്കിയാല്‍ മാത്രമേ കൃത്യമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പറ്റുകയുള്ളു.

ഇതൊക്കെ ശരിയായാല്‍ പിന്നെ ക്ലെയിം തീര്‍പ്പാക്കുന്നവര്‍ക്കും മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ പ്രാവീണ്യമുണ്ടാവണം. ഇതില്‍ എവിടെയെങ്കിലും അബദ്ധങ്ങളോ അശ്രദ്ധയോ വന്നാല്‍ പോളിസി ഉടമയ്ക്ക് നീതി ലഭ്യമാവണമെന്നില്ല. അര്‍ഹമായ ക്ലെയിം ലഭ്യമല്ലാതെ നട്ടംതിരിയുന്ന ഒട്ടേറെ ആളുകള്‍ നമുക്കിടയിലുണ്ട്. ഇക്കൂട്ടര്‍ ആദ്യം ചെയ്യേണ്ടത് ക്ലെയിമുമായി ബന്ധപ്പെട്ട അനുബന്ധ രേഖകള്‍ ആദ്യമായി ഇന്‍ഷുറന്‍സ് ബ്രോക്കിങ് കമ്പനിക്ക് നല്‍കണം. ഇത് പരിശോധിച്ചാല്‍ തന്നെ അര്‍ഹമായ ക്ലെയിം നിഷേധിച്ചിട്ടുണ്ടോ എന്ന് പ്രഥമ ദൃഷ്ട്യാ മനസ്സിലാക്കാവുന്നതേയുള്ളു. ഉപഭോക്താവിന് ആശയ്ക്ക് വകയുണ്ടെങ്കില്‍ ഇന്‍ഷുറന്‍സ് ബ്രോക്കിങ് കമ്പനിക്ക് മാന്‍ഡേറ്റ് ലെറ്റര്‍ (അധികാരപ്പെടുത്താനുള്ള അനുമതിപത്രം) നല്‍കണം. ക്ലെയിം കണ്‍സള്‍ട്ടന്‍സി ചെയ്യുന്നതിന് ഉപഭോക്താവ് ഒരു ന്യായമായ ഫീസ് നല്‍കേണ്ടതുണ്ട്. ഇത് ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ രീതിയിലായിരിക്കണം.

മെഡിക്ലെയിം ഹെല്‍ത്ത് ഇന്‍ഷുറന്‍സും ലൈഫ് ഇന്‍ഷുറന്‍സും മുതല്‍ ഫയര്‍, മറൈന്‍, എന്‍ജിനീയറിങ്, വാഹനങ്ങള്‍, ലയബിലിറ്റി തുടങ്ങി നമുക്കാവശ്യമായ എല്ലാ പോളിസികള്‍ക്കും ക്ലെയിമുകള്‍ക്കും കണ്‍സള്‍ട്ടന്‍സി സേവനം സ്വീകരിക്കാവുന്നതാണ്. ഇന്‍ഷുറന്‍സിന്റെ സാങ്കേതിക വിവരങ്ങള്‍ മനസ്സിലാക്കാന്‍ സാധാരണ ജനങ്ങള്‍ക്ക് എളുപ്പമല്ല. മാത്രമല്ല, ഒരു ക്ലെയിം കിട്ടിയില്ലെങ്കില്‍ ഇനി എന്തു ചെയ്യണമെന്നറിയാതെ നട്ടംതിരിയുന്നവര്‍ക്ക് ഇത്തരം കണ്‍സള്‍ട്ടന്‍സി സൗകര്യം പ്രയോജനപ്പെടുത്താവുന്നതേയുള്ളൂ.

RELATED STORIES
� Infomagic - All Rights Reserved.