ജസ്റ്റിസുമാരുടെ വിവാദ പത്രസമ്മേളനം: ജഡ്ജിമാര്‍ക്കൊപ്പമെന്ന് യശ്വന്ത് സിൻഹ
January 12,2018 | 09:35:01 pm
Share this on

ന്യൂഡൽഹി: ചീഫ് ജസ്റ്റിസിനെതിരെയും സുപ്രീം കോടതിയുടെ പ്രവർത്തന രീതിയെയും വിമർശിച്ച നാലു ജസ്റ്റിസുമാരെ പ്രശംസിച്ചും തള്ളിയും പൊതുസമൂഹം. നീതിന്യായ വ്യവസ്ഥയെ സംശയത്തിന്റെ നിഴലിലാക്കുന്ന പ്രവൃത്തിയാണ് ജഡ്ജിമാർ ചെയ്തതെന്ന് ചില മുൻ സു പ്രീംകോടതി ജസ്റ്റിസുമാർ ആരോപിച്ചപ്പോൾ കോൺഗ്രസ്സും മറ്റ് പ്രമുഖ രാഷ്ട്രീയ നിരീക്ഷകരും ജഡ്ജിമാരുടെ നടപടിക്കൊപ്പം നിന്നു.

വാര്‍ത്താ സമ്മേളനം നടത്തിയ ജഡ്ജിമാരുടെ നടപടി ഒഴിവാക്കാമായിരുന്നുവെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍. മുതിര്‍ന്ന ജസ്റ്റിസുമാര്‍ നടത്തിയ വാര്‍ത്താസമ്മേളനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്രം ഇടപെടില്ലെന്ന് നിയമ മന്ത്രി പി.പി ചൗധരി പറഞ്ഞു

'നീതിന്യായ വ്യവസ്ഥ ഒരു സ്വതന്ത്ര സംവിധാനമാണ്. അവിടെയുള്ള പ്രശ്നങ്ങള്‍ അവിടെ തന്നെ പരിഹരിക്കുമെന്നും' കേന്ദ്രം ഇടപെടില്ലെന്നും മന്ത്രി പറഞ്ഞു.

മുന്‍ ചീഫ് ജസ്റ്റീസ് കെജി ബാലകൃഷ്ണനും മുന്‍ജഡ്ജി ആര്‍എസ് സോധിയും  മുന്‍ ജഡ്ജി കെടി തോമസും ജഡ്ജിമാരുടെ വാര്‍ത്താ സമ്മേളന നടപടിയെ വിമര്‍ശിച്ചു. പരസ്യപ്രതികരണം ശരിയായില്ലെന്നാണ് ജസ്റ്റിസ് കെജി ബാലകൃഷ്ണനും ജസ്റ്റിസ് കെടി തോമസും അഭിപ്രായപ്പെട്ടത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ സംശയത്തിന്റെ നിഴലില്‍ കൊണ്ടുവന്നുവെന്നാണ് ആര്‍എസ് സോധി കുറ്റപ്പെടുത്തിയത്.  'കോടതി നടത്തിപ്പിനെതിരെ അവര്‍ നാലുപേര്‍ ചേര്‍ന്ന് ഉയര്‍ത്തിയ ആരോപണങ്ങള്‍ ഗുരുതരമാണ്. അവര്‍ നാലുപേരെയുള്ളൂ, പക്ഷെ മറ്റ് 23 ജഡ്ജിമാരുമുണ്ട്. ഇവര്‍ നാലുപേരും ചേര്‍ന്ന് ചീഫ് ജസ്റ്റിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി. ഇത് പക്വതയില്ലാത്തതും ബാലിശവുമാണ്. ഈ നാല് ജഡ്ജിമാരെയും ഇംപീച്ച് ചെയ്യണമെന്നാണ് എന്റെ അഭിപ്രായം.

അതേ സമയം വിഷയത്തില്‍ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആശങ്ക രേഖപ്പെടുത്തി. നീതിന്യായ സംവിധാനവും മാധ്യമവും ജനാധിപത്യത്തിന്റെ നെടും തൂണുകളാണ്. ജുഡീഷ്യറിയില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന അമിത ഇടപെടല്‍ അപകടകരമാണെന്നും മമതാ ബാനര്‍ജി അഭിപ്രായപ്പെട്ടു.

ഒരിക്കലും പരിഹരിക്കാന്‍ കഴിയാത്ത പ്രതിഛായാ നഷ്ടമാണ് നീതിന്യായ സംവിധാനത്തിന് ഉണ്ടായതെന്ന് മുന്‍ സോളിസിറ്റര്‍ ജനറല്‍ എന്‍ സന്തോഷ് ഹെഗ്‌ഡെ അഭിപ്രായപ്പെട്ടു.നടപടി അങ്ങേയറ്റം മനക്ലേശ്ശം ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിങ് ജഡ്ജിമാരുടെ നീക്കത്തെ പ്രശംസിച്ചു. നാല് ജഡ്ജിമാര്‍ക്കൊപ്പം നിലകൊള്ളുന്നു എന്നാണ് മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ പ്രതികരിച്ചത്.

ജനാധിപത്യം അപകടകരമായ അവസ്ഥയിലാണെന്നാണ് കോണ്‍ഗ്രസ്സ് വിഷയത്തോട് പ്രതികരിച്ചത്.

RELATED STORIES
� Infomagic - All Rights Reserved.