രജനീകാന്ത് ബിജെപിയിലേക്കോ?; പാര്‍ട്ടിയിലേക്കുള്ള ക്ഷണം നിരസിക്കാതെ സ്റ്റൈല്‍ മന്നന്‍
May 17,2017 | 06:06:44 pm
Share this on

ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശനം ബിജെപിയിലൂടെയായിരിക്കുമെന്ന ശക്തമായ സൂചന നല്‍കി താരത്തിന്‍റെ പ്രതികരണം. ആരാധകരുമായി നടത്തിയ ഫോട്ടോ സെഷനിടെ മാധ്യമങ്ങളോടായിരുന്നു രജനീകാന്ത് ഇതു സംബന്ധിച്ചു തുറന്നു പറയാതെ മനസിലിരിപ്പ് വ്യക്തമാക്കിയത്.

തമിഴ്നാട്ടിലെ പ്രമുഖ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പൊന്‍ രാധാകൃഷ്ണന്‍റെ ബിജെപിയിലേക്കുള്ള ക്ഷണത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കാനില്ലെന്നായിരുന്നു താരത്തിന്‍റെ മറുപടി. എന്നാല്‍ ക്ഷണം നിരസിക്കുന്നുവെന്നോ, ബിജെപിയിലേക്ക് ഇല്ല എന്നോ താരം വ്യക്തമാക്കാത്തതാണ് നിലവിലെ അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടുന്നത്.

രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് താന്‍ രണ്ടുദിവസം മുന്പു നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അതില്‍ കൂടതലൊന്നും പറയാനില്ലെന്നുമായിരുന്ന സ്റ്റൈല്‍ മന്നന്‍ പറഞ്ഞത്. എട്ടുവര്‍ഷത്തിനുശേഷം രജനീകാന്ത് തിങ്കളാഴ്ച ആരാധാകരുമായി നടത്തിയ കൂടിക്കാഴ്ചയിലും രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് പ്രചരിക്കുന്ന ഊഹാപോഹങ്ങള്‍ അവസാനിപ്പിക്കാതെയായിരുന്നു പ്രതികരിച്ചത്. ജീവിതത്തില്‍ നമ്മള്‍ എന്തു ചെയ്യണമെന്ന് ദൈവം തീരുമാനിക്കുമെന്നു അദ്ദേഹം പറഞ്ഞിരുന്നു.

ഇപ്പോള്‍ ഒരു നടനായിട്ടാണ് തന്നെ ദൈവം ആവശ്യപ്പെടുന്നത്. താന്‍ ആ ഉത്തരവാദിത്വം നിറവേറ്റുന്നു. നാളെ ദൈവം തീരുമാനിച്ചാല്‍ താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കും-ചെന്നൈ രാഘവേന്ദ്ര ഹാളില്‍ എഴുന്നൂറോളം വരുന്ന ആരാധകരോട് രജനി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിന്‍റെ പുതിയ പ്രതികരണവുമെത്തുന്നത്.

ബിജെപി പിന്തുണയോടെ താരം തമിഴകത്ത് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ഈ വര്‍ഷമാദ്യം ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അടുത്ത ദേശീയ തെരഞ്ഞെടുപ്പിനുമുമ്പു ബിജെപിക്ക് തമിഴ്‌നാട്ടില്‍ ചുവടുറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരിക്കുമിതെന്നായാരുന്നു രാഷ്ട്രീയ വര്‍ത്തമാനം. ജയലളിതയുടെ നിര്യാണത്തെത്തുടര്‍ന്ന് എംജിആറിനും ജയയ്ക്കും പിന്നാലെ സിനിമാ രംഗത്തുനിന്നു രജനീകാന്ത് മറ്റൊരു രാഷ്ട്രീയ നേതാവായി രംഗപ്രവേശനം ചെയ്യുമെന്ന് ഏവരും പ്രതീക്ഷിക്കുകയും ചെയ്തിരുന്നു.

 

RELATED STORIES
� Infomagic - All Rights Reserved.