ആഘോഷക്കാരോട്...വരികള്‍ക്കിടയില്‍ ജീവിതങ്ങളുണ്ട്...
July 13,2017 | 03:52:13 pm
Share this on

വാര്‍ത്താ ആഘോഷങ്ങളില്‍ ചവിട്ടിയരക്കപ്പെട്ട ജീവിതങ്ങളെ ഓര്‍ത്തെങ്കിലും നമുക്കല്‍പ്പം കാത്തിരുന്നു കൂടെ. ഐ.എസ്.ആര്‍.ഒ ചാര കേസ്, തീവ്രവാദ കേസുകളില്‍ വര്‍ഷങ്ങളോളം ജയിലില്‍ കിടന്ന് നിരപരാധിയെന്ന് കണ്ട് വിട്ട യുവാക്കള്‍, അങ്ങനെ എത്ര ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്. നമ്മുടെ പോലീസ് എത്ര പെട്ടെന്നാണ് ഒരു കേസില്‍ പ്രമുഖനെ അറസ്റ്റ് ചെയ്തതോടെ വിശുദ്ധരായത്. സത്യത്തില്‍ പോലീസ് എന്ന സംവിധാനം എത്ര മാത്രം ക്രിമിനലുകളുടെ കൂടാരമാണെന്ന് ആ സംവിധാനത്തിന്റെ തലപ്പത്ത് ഇരുന്നവര്‍ പോലും എത്ര തവണ പറഞ്ഞിട്ടുള്ളതാണ്.എന്നിട്ടും നമ്മളെന്തിനാണ് കണ്ണുമടച്ച് പാലു കുടിക്കുന്ന പോലെ പോലീസ് പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങുന്നത്. ഇങ്ങനെ പോലീസ് എഴുതിയ എത്ര തിരക്കഥകകള്‍ കോടതികളില്‍ ചീട്ടു കൊട്ടാരം പോലെ പൊളിഞ്ഞു വീണ കഥകളുണ്ട്. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ കള്ളനാക്കുന്ന ഈ നടപടിക്ക് കയ്യടി ഏറുന്നത് പ്രതി ഒരു താരമായത് കൊണ്ട് മാത്രമാണ്. ഒരു വ്യക്തി അറസ്റ്റ് ചെയ്യപ്പെട്ടാല്‍ അത് തെളിയും വരെ കുറ്റവാളി എന്നല്ല അര്‍ഥം. താന്‍ കുറ്റം ചെയ്തില്ല എന്ന് ഉറപ്പുണ്ടെങ്കില്‍ നിയമത്തിന് മുന്നില്‍ അദ്ദേഹം തെളിയിക്കട്ടെ. അത് തെളിയും വരെ കാത്തിരിക്കാന്‍ തോന്നാത്തതിന് മലയാളിയുടെ സഹജ വാസന എന്നേ പറയാനുള്ളൂ. ഒരാളുടെ പതനം കാണുമ്പോള്‍ സന്തോഷിക്കുന്ന മാനസികാവസ്ഥയാണ് അത്. അല്ലാതെ യഥാര്‍ത്ഥപ്രതിയാണോ എന്ന ജിജ്ഞാസയോ പെണ്‍കുട്ടിയോടുള്ള ഐക്യദാര്‍ഢ്യപെടലോ അല്ല ഇത്. മറ്റാര് ഈ കേസില്‍ പ്രതിയായാലും മലയാളിയ്ക്ക് ഈ ആഘോഷമുണ്ടാവില്ല. സിനിമാ രംഗത്തുള്ളവര്‍ ഉള്‍പ്പെട്ട കേസ് തങ്ങളുടെ ചിന്തയ്ക്കനുസരിച്ച് നടക്കുമ്പോഴുള്ള കല്ലേറാണിത്. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അയാള്‍ ശിക്ഷ അനുഭവിക്കട്ടെ. അതിന് മുന്‍പെ കല്ലെറിഞ്ഞ് കൊല്ലരുത്.

കുറ്റാരോപിതന്‍ മാത്രമായ ഒരു മനുഷ്യനെ കല്ലെറിയാന്‍ ഞാനില്ല..... എന്ന് പറയാന്‍ ഒരാള്‍ക്കും ഇപ്പോള്‍ ധൈര്യമില്ല. കാരണം അങ്ങനെ പറഞ്ഞാല്‍ അയാളെയും ചളി വാരി പൂശുന്ന ആള്‍ക്കൂട്ട രാഷ്ട്രീയമാണിപ്പോള്‍ അരങ്ങു തകര്‍ക്കുന്നത്. ദിലീപുമായി ബന്ധപ്പെട്ട സകലതും ഇപ്പോള്‍ വാര്‍ത്തയാണ്. അയാള്‍ ബന്ധപ്പെട്ടിരുന്ന എല്ലാ മേഖലയിലുമുള്ള സകലരേയും സംശയത്തോടെ നോക്കി കാണുന്നതെന്തിനാണ്. ഓരോ വ്യക്തിയും കുറ്റവാളിയാണെങ്കിലും അല്ലെങ്കിലും അയാള്‍ സമൂഹത്തിന്റെ ഭാഗമായി നിന്ന് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. അപ്പോള്‍ പിന്നെ അയാളുമായി ബന്ധപ്പെട്ടതെല്ലാം മോശമാണെന്ന് ആഘോഷിക്കുന്നതിലെ യുക്തി എന്താണ്. മാധ്യമങ്ങളും പോലീസും  പറയുന്നതെല്ലാം തൊണ്ടതൊടാതെ വിഴുങ്ങിയാല്‍ പിന്നീട് ദഹനക്കേടുണ്ടാവും. മുന്നില്‍ ഉദാഹരണങ്ങള്‍ ഒരുപാടുണ്ട്.

ദിലീപ് ഇന്ന് മലയാളികളുടെ കൂട്ടത്തില്‍ ഏറ്റവും വൃത്തികെട്ടവനും ക്രൂരനുമായി മാറി കഴിഞ്ഞു. ഒരു കാര്യം ഓര്‍ക്കാം കോടതിക്ക് ബോധ്യമായാല്‍ മാത്രമേ അദ്ദേഹം യഥാര്‍ത്ഥ കുറ്റവാളിയാകൂ ...ഏറ് കൊള്ളാന്‍ അര്‍ഹതയുള്ള ആളാണോ എന്ന് അറിയാന്‍ അല്‍പം കാത്തിരുന്ന് കൂടെ. അല്ലാതെ ദിലീപിന്റെ കൂടെ നടന്നവരേയും അദ്ദേഹം നടത്തിവരുന്ന സ്ഥാപനങ്ങളേയും കല്ലെറിയുന്നതിനെ എങ്ങിനെയാണ് ന്യായീകരിക്കാനാവുക. പ്രതിഷേധത്തിന്റെയും ,മാധ്യമ അന്വേഷണത്തിന്റെയും ആവേശം ഇതിന് മുന്‍പ് കേരളത്തില്‍ തന്നെ പീഡിപ്പിക്കപ്പെട്ട എത്ര കേസുകളില്‍ കണ്ടിട്ടുണ്ട്. അവരാരും പ്രമുഖ സിനിമാ നടി അല്ലാത്തതിന്റെ പേരില്‍ പരിഗണിക്കപ്പെടാതെ പോയോ എന്ന് മാധ്യമങ്ങള്‍ പുനര്‍വിചിന്തനം നടത്തേണ്ടിയിരിക്കുന്നു. കരിവാരി തേച്ച് ഇല്ലാതാക്കിയ ഒരു ജീവിതവും അതേപോലെ തിരിച്ചു നല്‍കാന്‍ ആര്‍ക്കുമാവില്ല. അതുകൊണ്ട് എറിഞ്ഞുടയ്ക്കും മുന്‍പ് തകര്‍ക്കപ്പെടേണ്ടതാണ് എന്നുറപ്പിക്കാനുള്ള സമയമെങ്കിലും നല്‍കിക്കൂടെ. ഓരോ വാര്‍ത്തയും ആഘോഷം മാത്രമല്ലെന്നും വരികള്‍ക്കിടയില്‍ ജീവിതങ്ങളുണ്ടെന്നും ചിന്തിക്കണം.

ഇതിന്റെ പേരില്‍ രാമലീല' ബഹിഷ്‌കരിക്കും, ഡീഗ്രേഡ് ചെയ്ത് നശിപ്പിക്കും എന്നൊക്കെ മുറവിളി കൂട്ടുന്ന വിവേക ശൂന്യന്മാരുണ്ട്. ദിലീപ് ഈ സിനിമയില്‍ അഭിനയിച്ച് അതിന്റെ കാശും വാങ്ങി പോയതാണ്. രാമലീല ഇനി വിജയിച്ചാലും ഇല്ലെങ്കിലും ദിലീപിന് ഒന്നും സംഭവിക്കില്ല. മറിച്ച് ഇരകളാകാന്‍ പോകുന്നത് ആ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ആളുകള്‍ മാത്രമാണ്. നിര്‍മ്മാതാക്കള്‍, അരുണ്‍ ഗോപി എന്ന പുതുമുഖ സംവിധായകന്‍ ടെക്‌നിഷ്യന്‍മാര്‍ തുടങ്ങി അങ്ങനെ വിയര്‍പ്പൊഴുക്കിയവരുടെ എണ്ണം നീളും. ഇവര്‍ക്കൊന്നും ഈ നടി ആക്രമിക്കപ്പെട്ട സംഭവവുമായി യാതൊരു ബന്ധവുമില്ലാത്തവരാണ്. അത് കൊണ്ട് സിനിമയെ സിനിമയുടെ വഴിക്ക് വിടുക. മോശം സിനിമയാണെങ്കില്‍ കാണേണ്ട എന്ന് തീരുമാനിച്ചോളൂ. അത് കാശ് മുടക്കി സിനിമ കാണുന്ന പ്രേക്ഷകന്റെ അവകാശമാണ്. ഇനി രാമലീല നല്ല സിനിമയാണെങ്കില്‍ തീര്‍ച്ചയായും അര്‍ഹിച്ച വിജയം നേടുകയും ചെയ്യട്ടെ. അല്ലാതെ ദിലീപിനോട് ദേഷ്യം ഉണ്ടെന്ന് വച്ച് കുറെ ആളുകളുടെ ജീവിതം തകര്‍ക്കരുത്.

RELATED STORIES
� Infomagic - All Rights Reserved.