ജാമ്യത്തിലിറങ്ങിയ ബലാല്‍സംഘ പ്രതിയെ പെണ്‍കുട്ടിയുടെ അച്ഛന്‍ വെട്ടിക്കൊന്നു
August 13,2017 | 07:09:24 am

പുണെ: ബലാത്സംഗക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ ഇരയുടെ അച്ഛന്‍ വെട്ടിക്കൊന്നു. പതിനേഴുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബാലനീതിബോര്‍ഡ് ജാമ്യം നല്‍കിയ പ്രതിയെയാണ് ഇരയായ പെണ്‍കുട്ടിയുടെ അച്ഛന്‍ റോഡില്‍ വെട്ടിക്കൊന്നത്. ബലാല്‍സംഘം നടന്ന് നാലുമാസം തികഞ്ഞ ദിവസമാണ് പ്രതിയുടെ മരണം. രക്ഷിക്കാനെത്തിയ പ്രതിയുടെ അച്ഛനും അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്.

പ്രതിയുടെ അമ്മയെ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിതന്നെയാണ് ആക്രമിച്ചത്. പെണ്‍കുട്ടിയും അച്ഛനും ഒളിവിലാണ്. പുണെയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ ഇന്‍ദാപുരില്‍ ഏപ്രില്‍ 10നാണ് ബലാത്സംഗം നടന്നത്. പെണ്‍കുട്ടിയും പ്രതിയും ഇവിടത്തെ കര്‍ഷകകുടുംബങ്ങളില്‍പ്പെട്ടവരും അകന്ന ബന്ധുക്കളുമാണ്. സംഭവത്തെക്കുറിച്ച് പെണ്‍കുട്ടിതന്നെയാണ് പോലീസില്‍ നേരിട്ട് പരാതിനല്‍കിയത്.

പ്രതിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടി, കുട്ടികളുടെ കോടതി ഉടനടി ജാമ്യം നല്‍കിയിരുന്നു. അന്നുതന്നെ പെണ്‍കുട്ടിയുടെ അച്ഛന്‍ പ്രതിയുടെ പ്രതിയുടെ വീട്ടിലെത്തി, മകള്‍ക്ക് നീതിയുറപ്പാക്കാന്‍ കോടതിയുടെ ആവശ്യം തനിക്കില്ലെന്ന് ഭീഷണി മുഴക്കി. ഇതേത്തുടര്‍ന്ന്, പഠനം നടത്തുന്ന ഇന്‍ദാപുരിലെ ഐ.ടി.ഐ. ഹോസ്റ്റലിലേക്ക് പ്രതി താമസംമാറ്റുകയുംചെയ്തു. കഴിഞ്ഞദിവസം പരീക്ഷ പൂര്‍ത്തിയാക്കി ഹോസ്റ്റലില്‍നിന്ന് യുവാവ് വീട്ടിലെത്തിയ വിവരം അറിഞ്ഞാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ മൂര്‍ച്ചയുള്ള ആയുധവുമായി മകളോടൊപ്പം അവിടെ എത്തിയത്. തടയാനെത്തിയ പ്രതിയുടെ അച്ഛന്റെ മുഖത്ത് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ റോഡില്‍ പിന്തുടര്‍ന്നാണ് ആക്രമണം നടത്തിയത്. സംഭവസ്ഥലത്തുതന്നെ മരിച്ചതായി പോലീസ് പറഞ്ഞു.

RELATED STORIES
� Infomagic - All Rights Reserved.