കോണ്‍ഗ്രസ്സിനായി സാം പിത്രോദ പ്രകടന പത്രിക തയ്യാറാക്കും...ജയിച്ചയാള്‍ എല്ലാം കയ്യടക്കുന്നതല്ല ജനാധിപത്യമെന്ന് പിത്രോദ
November 10,2017 | 07:36:56 am
Share this on

അഹമ്മദാബാദ്: തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഗുജറാത്തില്‍ കോണ്‍ഗ്രസിനായി പ്രചാരണത്തിനിറങ്ങാന്‍ ടെലികോം രംഗത്തെ പ്രമുഖന്‍ സാം പിത്രോദയും. പ്രകടനപത്രിക തയറാക്കുന്നതിനു മുന്നോടിയായി ജനങ്ങളില്‍നിന്നു നേരിട്ടു പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനായാണു സാം പിത്രോദ എത്തുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, ചെറുകിട - ഇടത്തരം വ്യവസായം, തൊഴിലവസരം വര്‍ധിപ്പിക്കല്‍, പരിസ്ഥിതി സംരക്ഷണം എന്നിവയിലൂന്നിയുള്ള 'ജനങ്ങളുടെ പ്രകടനപത്രിക' തയാറാക്കാനാണു കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും പിത്രോദ കൂട്ടിച്ചേര്‍ത്തു. അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ വഡോദര, അഹമ്മദാബാദ്, രാജ്‌കോട്ട്, ജാംനഗര്‍, സൂറത്ത് എന്നീ നഗരങ്ങളാണു പിത്രോദ സന്ദര്‍ശിക്കുന്നത്.

ജനങ്ങളെ കേള്‍ക്കണമെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നോട് ആവശ്യപ്പെട്ടെന്നു പിത്രോദ വ്യക്തമാക്കി. ഗുജറാത്തിലെ നേതാക്കന്‍മാരുമായി താന്‍ സംസാരിച്ചിരുന്നു. ഇതിനുശേഷമാണു ജനങ്ങളെ നേരിട്ടു കേട്ടു പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ പദ്ധതിയിട്ടത്. മുന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ ഉപദേഷ്ടാവായിരുന്നു പിത്രോദ.

ലോകമെങ്ങും മുകളില്‍നിന്നു താഴേക്കാണു വികസന മാതൃകകള്‍. എന്നാല്‍, ഈ പാശ്ചാത്യരീതി വിട്ടു താഴെനിന്നു മുകളിലേക്കു വികസനം കൊണ്ടുവരേണ്ടതു ചിന്തിക്കേണ്ടിയിരിക്കുന്നു. പുതിയ വികസനമാതൃക കൊണ്ടുവരാന്‍ ഗുജറാത്തിനാകും. ഇന്ത്യയ്ക്കും ലോകത്തിനും ഇതിനു കഴിയും. ജനങ്ങളെ കേള്‍ക്കാന്‍ വേണ്ടിയാണു ഞങ്ങളിവിടെ വന്നിരിക്കുന്നത്. കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ജനങ്ങളുടെ ശബ്ദമായിരിക്കും.

ചിലയാളുകള്‍ ജനാധിപത്യത്തെ തട്ടിയെടുത്തിരിക്കുകയാണ്. ജനങ്ങളിലേക്കു ജനാധിപത്യത്തെ തിരികെ കൊണ്ടുവരണം. ജയിച്ചയാള്‍ എല്ലാം കയ്യടക്കുന്നതല്ല ജനാധിപത്യമെന്നത്. കൂട്ടായ നേതൃത്വമാണു വേണ്ടത്. പലയിടത്തും അതു കാണാനില്ല. ഗുജറാത്തും ഇന്ത്യയും ലോകം മുഴുവനും ഒരു നാല്‍ക്കവലയിലാണെന്നും ജനാധിപത്യത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി പിത്രോദ പറഞ്ഞു.

സംവരണ വിഷയത്തില്‍ താഴേക്കിടയിലുള്ളവരെ ഉയര്‍ത്തിക്കൊണ്ടുവരുന്നതു പ്രധാനപ്പെട്ട കാര്യമാണെന്നും ലോകത്ത് ഇതുവരെ ഒരു സ്ഥാനവും ലഭിക്കാതിരുന്നവര്‍ക്ക് അതൊരു അവസരമാണെന്നും അദ്ദേഹം വ്യക്തമാക്കി. സംവരണം ഇല്ലാതെയും ഇത്തരക്കാരില്‍ പുരോഗതി കൊണ്ടുവരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറ്റവും പ്രധാനം ഗുജറാത്തിനുവേണ്ടി തനിക്ക് എന്താണു ചെയ്യാന്‍ കഴിയുക എന്നതാണ്. അല്ലാതെ സംവരണത്തിനുവേണ്ടി സര്‍ക്കാര്‍ എന്താണു ചെയ്യുന്നത് എന്നല്ല. വിശ്വകര്‍മ വിഭാഗത്തില്‍നിന്നുള്ളയാളാണു താന്‍. തച്ചന്റെ മകനാണ്. താഴെയുള്ളവരെ ഉയര്‍ത്താന്‍ സംവരണം വേണം. എന്നാല്‍ ലക്ഷ്യങ്ങള്‍ കീഴടക്കുന്നതില്‍നിന്ന് അതാരെയും തടയരുത്.

ജനങ്ങളെ കേള്‍ക്കുകയാണ് മികച്ച നേതാക്കള്‍ ചെയ്യേണ്ടത്. അല്ലാതെ അവരെ ഉപദേശിക്കുകയല്ല വേണ്ടതെന്നും പിത്രോദ കൂട്ടിച്ചേര്‍ത്തു. ഗുജറാത്ത് നിയമസഭിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബര്‍ ഒന്‍പതിനും 14നും രണ്ടു ഘട്ടമായാണ് നടക്കുക. 18നാണ് വോട്ടെണ്ണല്‍.

 

 

RELATED STORIES
� Infomagic - All Rights Reserved.