സാംസങ് ഗാലക്സി നോട്ട് 8 ഇന്ത്യന്‍ വിപണിയിലെത്തി
September 13,2017 | 11:23:04 am
Share this on

സാംസങിന്‍റെ ഏറ്റവും പുതിയ സ്മാര്‍ട്ഫോണായ ഗാലക്സി നോട്ട് 8 ഇന്ത്യയില്‍ അവതരിപ്പിച്ചു. 67,900 രൂപയാണ് ഇന്ത്യയില്‍ ഫോണിന് വില. എച്ച്‌ഡിഎഫ്സി ക്രെഡിറ്റ് കാര്‍ഡ് വഴി വാങ്ങുന്നവര്‍ക്ക് 4000 രൂപ കാഷ് ബാക്ക് ലഭിക്കും. ആമസോണ്‍ ഇന്ത്യയില്‍ 2.5 ലക്ഷം രജിസ്ട്രേഷനാണ് ഫോണിന് ലഭിച്ചത്. കഴിഞ്ഞ മാസം ന്യൂയോര്‍ക്കിലാണ് ഗാലക്സി നോട്ട് 8 സ്മാര്‍ട്ഫോണ്‍ ഔദ്യോഗികമായി സാംസങ് അവതരിപ്പിക്കുന്നത്.

സാംസങ് ഗാലക്സി നോട്ട് 7 വിപണിയില്‍ വലിയ പരാജയമായിരുന്നു. ഫോണ്‍ പൊട്ടിത്തെറിക്കുന്നതും തീപ്പിടിക്കുന്നതും ഉള്‍പ്പടെയുള്ള പ്രശ്നങ്ങളാണ് ഈ ഫോണിനുണ്ടായിരുന്നത്. ഈ പരാജയത്തിന് പിന്നാലെയാണ് പുതിയ ഫോണുമായി സാംസങ് ഇന്ത്യന്‍ വിപണിയിലെത്തുന്നത്.

വലിയ ഡിസ്പ്ലേയും, ഡ്യുവല്‍ റിയര്‍ ക്യാമറയും ഒപ്പം സാംസങിന്‍റെ ബിക്സ്ബി വോയ്സ് അസിസ്റ്റന്‍റും ആണ് ഗാലക്സി നോട്ട് 8 ന്‍റെ പ്രധാന സവിശേഷതകള്‍. കൂടാതെ എസ്-പെന്‍ സ്റ്റൈലസും ഫോണിനൊപ്പമുണ്ട്.

രൂപകല്‍പനയുടെ കാര്യത്തില്‍ സാംസങിന്‍റെ ഗാലക്സി എസ് 8 നോട് സമാനമാണ് ഗാലക്സി നോട്ട് 8. 6.3 ഇഞ്ചിന്‍റെ സൂപ്പര്‍ അമോലെഡ് 1440X2960 പിക്സല്‍ കര്‍വ്ഡ് ഗ്ലാസ് ടച്ച്‌ സ്ക്രീന്‍ ഡിസ്പ്ലേയാണ് ഗാലക്സി നോട്ട് 8ന്. ഡിസ്പ്ലേയുടെ സംരക്ഷണത്തിന് കോണിങ് ഗൊറില്ല ഗ്ലാസ് 5 ഉം പുതിയ ഫോണില്‍ സാംസങ് ഉപയോഗിച്ചിട്ടുണ്ട്.

പ്രവര്‍ത്തന ക്ഷമതയെ കുറിച്ച്‌ പറയുമ്പോള്‍, ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 835 പ്രൊസസറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ അമേരിക്കയ്ക്ക് പുറത്ത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ സാംസങ്ങിന്‍റെ തന്നെ എക്സിനോക്സ് 8895 ചിപ്സെറ്റാണ് ഗാലക്സി നോട്ട് 8ല്‍ ഉണ്ടാവുക.

6ജിബി റാം ശേഷിയില്‍ പുറത്തിറങ്ങുന്ന ഫോണിന് 64ജിബി, 128 ജിബി, 256 ജിബി സ്റ്റോറേജുള്ള മൂന്ന് വ്യത്യസ്ത പതിപ്പുകളുമുണ്ടാവും. ഒപ്പം മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യവും ഉണ്ടാവും.

RELATED STORIES
� Infomagic - All Rights Reserved.