ഗര്‍ഭിണികള്‍ക്കായി സ്മാര്‍ട്ട് വളകള്‍ വരുന്നു
May 19,2017 | 07:47:29 am
Share this on

ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് വിഷവാതകങ്ങളെക്കുറിച്ചും ഗര്‍ഭകാല ആരോഗ്യസംരക്ഷണത്തെക്കുറിച്ചും ഓഡിയോ ടിപ്സ് വഴി സന്ദേശങ്ങള്‍ നല്‍കുന്ന ഹൈടെക് വളകള്‍ വരുന്നു‍. പല നിറങ്ങളില്‍ ലഭ്യമാക്കുന്ന കനംകുറഞ്ഞ വളകളുടെ രൂപത്തിലുള്ള ഈ ഉപകരണങ്ങള്‍ സ്ത്രീകള്‍ക്ക് നേരിട്ട് വിവരങ്ങള്‍ കൈമാറുന്നു.

"ഗ്രാമപ്രദേശങ്ങളില്‍ ഫോണുകള്‍ പലപ്പോഴും ഉപയോഗിക്കുന്നത് പുരുഷന്‍മാരാണ്. ഇതുമൂലം ഗര്‍ഭകാല പരിചരണങ്ങളെക്കുറിച്ച്‌ ഞങ്ങള്‍ ആദ്യം നിര്‍മ്മിച്ച, മൊബൈല്‍ ആപ് ഫലപ്രദമായില്ല. അങ്ങിനെയാണ് സ്ത്രീകള്‍ക്ക് എപ്പോഴും കൂടെക്കൊണ്ടു നടക്കാവുന്നതും കനംകുറഞ്ഞതുമായ ഇത്തരം വളകളെക്കുറിച്ചുള്ള ആശയം രൂപപ്പെട്ടത്." വളകളുടെ രൂപത്തിലുള്ള ഉപകരണങ്ങള്‍ക്ക് രൂപം നല്‍കിയ ബംഗ്ലാദേശിലെ ഇന്‍റല്‍ സോഷ്യല്‍ ബിസിനസ് ചീഫ് ഓപ്പറേറ്റിംങ് ഓഫീസര്‍ പവല്‍ ഹോക്ക് പറയുന്നു.

പ്ലാസ്റ്റിക് ഉപയോഗിച്ച്‌ നിര്‍മ്മിച്ചിട്ടുള്ള ഈ സ്മാര്‍ട്ട് വളകള്‍ ജലത്തെ പ്രതിരോധിക്കുന്നതും, നീണ്ടകാല ബാറ്ററി ഉള്ളതിനാല്‍ ഗര്‍ഭാവസ്ഥയുടെ മുഴുവന്‍ കാലയളവിലും ചാര്‍ജ്ജ് ചെയ്യാതെ ഉപയോഗിക്കാവുന്നതുമാണ്. ഉത്തര്‍പ്രദേശില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കിയിരിക്കുന്ന വളകള്‍ എത്രയും വേഗം മുഴുവന്‍ ഗ്രാമപ്രദേശങ്ങളിലേക്കും എത്തിക്കുവാനാണ് ശ്രമം നടക്കുന്നത്.

ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പ്രകാരം ഓരോ ദിവസവും 830ഓളം ഗര്‍ഭിണികളാണ് ഗര്‍ഭകാല ആരോഗ്യ പ്രശ്നങ്ങളും പ്രസവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മൂലം മരണമടയുന്നത്. ഇതില്‍ മൂന്നിലൊരു ഭാഗവും ഏഷ്യയിലാണ് നടക്കുന്നത്. പലപ്പോഴും അറിവില്ലായ്മ മൂലം ശരിയായ ശ്രദ്ധ ലഭിക്കാതെ പോകുന്നതാണ് അപകടങ്ങള്‍ക്ക് കാരണം.

RELATED STORIES
� Infomagic - All Rights Reserved.