അന്ന് പൊലീസിനെ കല്ലെറിഞ്ഞു, ഇന്ന് ഗോളടിച്ചു
December 06,2017 | 10:16:06 am

ശ്രീനഗർ: ഈ വർഷം ഏപ്രിലിൽ കാശ്മീരിൽ പൊലീസിനു നേരെ കല്ലെറിയുന്ന പെൺകുട്ടിയുടെ ചിത്രം ദേശീയ മാദ്ധ്യമങ്ങളിൽ ഏറെ ചർച്ച ആയിരുന്നു. ജമ്മു കാശ്‌മീർ സ്വദേശിയായ സ്വദേശിയായ അഫ്സാൻ ആഷിഖ് എന്ന ആ പെൺകുട്ടി ഇന്ന് പക്ഷേ ആരെയും കല്ലെറിയുന്നില്ല. മറിച്ച് ജമ്മു കാശ്‌മീർ വനിതാ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനും ഗോൾകീപ്പറുമാണ്.

അക്കഥ ഇങ്ങനെ: കോത്തി ബാഗിലെ സർക്കാർ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് സുഹൃത്തുക്കൾക്കൊപ്പം മൈതാനത്തേക്കു നടന്നു പോവുകയായിരുന്നു അഫ്സാൻ. പെട്ടെന്നാണ്‌ സൈന്യത്തിനു നേരെ പ്രതിഷേധം ഉണ്ടായത്. സൈന്യത്തിനു നേരെ പ്രക്ഷോഭകാരികൾ കല്ലെറിയുകയും ചെയ്തു. മൈതാനത്തേക്ക് വരികയായിരുന്ന അഫ്സാനും കൂട്ടുകാരികളും പ്രക്ഷോഭത്തിനിടയിലായിപ്പോയി. ഇതിനിടെ പൊലീസുകാരിൽ ഒരാൾ അഫ്സാന്റെ കൂട്ടുകാരികളിലൊരാളെ ലാത്തി കൊണ്ട് അടിച്ചു. ആദ്യമൊന്ന് പകച്ചുപോയ അഫ്സാൻ നോക്കുമ്പോൾ കണ്ടത് റോഡിൽ കിടന്ന കല്ലാണ്. മറ്റൊന്നും ആലോചിച്ചില്ല. ദുപ്പട്ട കൊണ്ട് മുഖം മറച്ച ശേഷം കല്ലെടുത്ത് പൊലീസിന് നേരെ എറിഞ്ഞു.

മാസങ്ങൾക്കിപ്പുറം ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായപ്പോൾ അഫ്സാന്റെ കാഴ്ചപ്പാട് മാറിയിട്ടുണ്ട്. അന്നത്തെ സംഭവത്തെ കുറിച്ച് അഫ്സാൻ ഇപ്പോൾ പറയുന്നത് ഇങ്ങനെ: ''അപമാനിതയായിട്ടാണ് അന്ന് എനിക്ക് തോന്നിയത്. പ്രതികരിക്കാതെ വയ്യ എന്ന് അപ്പോൾ തോന്നി. എന്നാൽ,​ കല്ലെറിയുന്ന തരത്തിലുള്ള പ്രതിഷേധങ്ങളൊന്നും കാശ്‌മീരിലെ പ്രശ്നങ്ങൾക്ക് പരിഹാരമല്ല എന്ന് ഞാൻ മനസിലാക്കുന്നു''.

കഴിഞ്ഞ ദിവസം അഫ്സാനും കൂട്ടുകാരികളും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനെ കാണാനെത്തി. സംസ്ഥാനത്ത് കായിക പരിശീലനത്തിന് ആവശ്യമായ സൗകര്യങ്ങളില്ലെന്നും അതിനുവേണ്ടി മന്ത്രി ഇടപെടണമെന്നും അവർ അഭ്യർത്ഥിച്ചു. പരാതി കേട്ട രാജ്നാഥ് സിംഗ് ഉടൻ കാശ്‌മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ വിളിച്ച് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാൻ നിർദ്ദേശിച്ചു.

പഴയ കാര്യങ്ങളൊന്നും ഓർക്കാൻ താനിപ്പോൾ ആഗ്രഹിക്കുന്നില്ലെന്ന് അഫ്സാൻ പറഞ്ഞു. കല്ലെറിഞ്ഞ പെൺകുട്ടി എന്ന് അറിയപ്പെടുന്നതിനെക്കാൾ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൈവരിച്ചവൾ എന്ന് അറിയപ്പെടാനാണ് തന്റെ ആഗ്രഹമെന്നും അഫ്സാൻ പറഞ്ഞു. ഇന്ത്യൻ വനിതാ ടീമിനു വേണ്ടി കളിക്കണമെന്ന ആഗ്രഹമാണ് ഇനി തനിക്ക് സാധിക്കാനുള്ളതെന്നും അഫ്സാൻ കൂട്ടിച്ചേർത്തു.

 
Related News
� Infomagic - All Rights Reserved.