മുംബൈ ഇന്ത്യന്‍സ് മൂന്നു താരങ്ങളെ നിലനിര്‍ത്തും; ചെന്നൈ സൂപ്പര്‍കിങ്സ് മടങ്ങിയെത്തുന്നു
January 02,2018 | 07:38:59 pm

ഐപിഎല്‍ വാര്‍ത്തകള്‍ക്ക് വീണ്ടും ചൂടുപിടിക്കുന്നു. താരലേലം തുടങ്ങാനിരിക്കെ ഏതൊക്കെ താരങ്ങളെ ടീമുകളില്‍ നിലനിര്‍ത്തണം എന്ന ആലോചനയിലാണ് ടീമുകള്‍. നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ് മൂന്നു കളിക്കാരെ നിലനിര്‍ത്തുന്ന കാര്യത്തില്‍ ധാരണയായതായാണ് അറിയുന്നത്. നായകന്‍ രോഹിത് ശര്‍മ്മ, ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യ എന്നിവരോടൊപ്പം പാണ്ഡ്യയുടെ സഹോദരന്‍ ക്രുനാല്‍ പാണ്ഡ്യയും ഇത്തവണ മുംബൈ ടീമില്‍ നിലയുറപ്പിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ടീമിലെത്താത്ത ക്രുനാലിനെ നിലനിര്‍ത്താന്‍ മുംബൈയ്ക്ക് മൂന്നുകോടി രൂപ മാത്രം മുടക്കിയാല്‍ മതി. ഇതിലൂടെ കീറോണ്‍ പൊള്ളാര്‍ഡ്, ജസ്പ്രിത് ബൂംറ എന്നിവരെ ലേലത്തിലൂടെ ടീമിലെത്തിക്കാനും മുംബൈ ലക്ഷ്യമിടുന്നുണ്ട്. വിലക്കിനുശേഷം മടങ്ങിയെത്തുന്ന മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്സ് സൂപ്പര്‍ താരം എം എസ് ധോണിയുടെ ചിറകില്‍ തന്നെയായിരിക്കും ഇത്തവണയും പറക്കുക. ധോണിക്കൊപ്പം സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ എന്നിവരും ചെന്നൈയ്ക്ക് വേണ്ടി കളത്തിലറങ്ങുമെന്നാണ് സൂചന.

ഡല്‍ഹി ഡെയര്‍ഡെവിള്‍സ് റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവരെ നിലനിര്‍ത്തുമെന്നാണ് വിവരം. ഡേവിഡ് വാര്‍ണറെ നിലനിര്‍ത്താന്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് തീരുമാനിച്ചതായാണ് സൂചന.

Related News
� Infomagic - All Rights Reserved.