രഞ്ജി ട്രോഫി ക്വാർട്ടർ: വിദർഭ മൂന്നിന് 45
December 07,2017 | 05:50:14 pm

സൂറത്ത്: ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ക്വാർട്ടറിലെത്തിയ കേരളത്തിന് വിദർഭയ്ക്കെതിരെ തകർപ്പൻ തുടക്കം. പിച്ചിലെ നനവു മൂലം വൈകി തുടങ്ങിയ മൽസരത്തിൽ ആദ്യദിനം കളിനിർത്തുമ്പോൾ കരുത്തരായ വിദർഭയുടെ മൂന്നു മുൻനിര വിക്കറ്റുകൾ കേരളം സ്വന്തമാക്കി കഴിഞ്ഞു. 24 ഓവർ മാത്രം എറിഞ്ഞ ആദ്യദിനം മൂന്നിന് 45 എന്ന പരിതാപകരമായ അവസ്ഥയിലാണ് വിദർഭ. ക്യാപ്റ്റൻ ഫായിസ് ഫസൽ, വസീം ജാഫർ, സഞ്ജയ് രാമസ്വാമി എന്നിവരാണ് വിദർഭ നിരയിൽ പുറത്തായത്. 

45 പന്തിൽ 10 റൺസ് മാത്രം നേടിയ ക്യാപ്റ്റൻ ഫായിസ് ഫസലാണ് ആദ്യം പുറത്തായത്. എം.ഡി.നിധീഷിന്‍റെ പന്തിൽ അരുൺ‌ കാർത്തിക്ക് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. പിന്നാലെയെത്തിയ വസീം ജാഫറിനെയും 12 റൺസിൽ കേരളം മടക്കി. കെ.സി. അക്ഷയുടെ പന്തിൽ അരുൺ കാർത്തിക്കിന്‍റെ ക്യാച്ചിൽ തന്നെയാണ് വസീമും പുറത്തായത്. സ്കോർ‌ 37 ൽ നിൽക്കെ വിദർഭയുടെ മൂന്നാം വിക്കറ്റും വീണു. 17 റൺസെടുത്ത സഞ്ജയ് രാമസ്വാമി കെ.സി. അക്ഷയ്ക്ക് വിക്കറ്റ് സമ്മാനിച്ചാണ് മടങ്ങിയത്. ഗണേഷ് സതീഷ്(9), കരൺ ശർമ(9) എന്നിവരാണ് ക്രീസിൽ

കരുത്തരായ വിദർഭയുടെ വലിയ പ്രതീക്ഷകളിലൊന്നായിരുന്ന ഓപ്പണിങ് കൂട്ടുകെട്ട് തകർക്കാനായത് കേരളത്തിന് ആശ്വാസമാണ്. ടോസ് നേടിയ വിദർഭ ബാറ്റിങ് തിര‍ഞ്ഞെടുക്കുകയായിരുന്നു. ഗ്രൗണ്ടിലെ നനവ് മൂലം ആദ്യ ദിനം ഉച്ചയ്ക്കു ശേഷമാണ് മത്സരം തുടങ്ങിയത്. 83 വർഷമായ രഞ്ജി ട്രോഫിയിൽ ആദ്യമായാണ് കേരളം ക്വാർട്ടർ ഫൈനലിൽ എത്തിയത്. 

ഒന്നാം ഇന്നിങ്സ് പോര്

ക്വാർട്ടർ ഫൈനൽ മുതൽ അഞ്ചു ദിവസമാണു മൽസരം. മൽസരം സമനിലയിലായാലും മഴ പെയ്തു മൽസരം ചുരുങ്ങിയാലും സെമി ടിക്കറ്റ് നേടുക ഒന്നാം ഇന്നിങ്സിൽ ലീഡ് നേടിയവരാവും. ഒന്നാം ഇന്നിങ്സ് പൂർത്തിയാക്കാൻ ആറാം ദിനം റിസർവായുമുണ്ട്. ഒന്നാം ഇന്നിങ്സ് ലീഡിനായാണ് ആദ്യ പോരാട്ടം. അതു കൈവിട്ടാൽ പിന്നെ മൽസരം ജയിക്കുക തന്നെ വേണം. ബാറ്റിങ് കരുത്തിന്റെ പോരാട്ടമാവുമെന്ന് ചുരുക്കം. അതിനെ തകർക്കാൻ പോന്ന ബോളിങ് പ്രകടനവും നിർണായകമാവും. പിടിച്ചുനിന്നു നീണ്ട ഇന്നിങ്സുകളും കളിക്കാനായി എന്നതാണ് ഇത്തവണ കേരള മുന്നേറ്റത്തിൽ നിർണായകമായത്.

ആറ് മൽസരങ്ങളിൽ രണ്ടു സെഞ്ചുറിയടക്കം 577 റൺസ് നേടിയ സഞ്ജു സാംസണും ഒരു സെഞ്ചുറിയടക്കം 482 റൺസ് നേടിയ ഓപ്പണർ ജലജ് സക്സേനയും ഫോം നിലനിർത്തുന്നു എന്നതാണ് വലിയ പ്രതീക്ഷ. ഒപ്പം രോഹൻ പ്രേമും നീണ്ട ഇന്നിങ്സ് കളിക്കാൻ കരുത്തൻ. നായകനായി തിളങ്ങുമ്പോഴും സച്ചിൻ ബേബിക്ക് സീസണിൽ ഇതുവരെ മികവൊത്തൊരു ഇന്നിങ്സ് കളിക്കാനായിട്ടില്ല.

പക്ഷേ ബാറ്റിങ് കരുത്തിൽ കേരളത്തെക്കാൾ മുൻതൂക്കം വിദർഭയ്ക്കാണ്. നായകൻ ഫയാസ് ഫസലും സഞ്ജയ് രാമസ്വാമിയും ഉൾപ്പെട്ട ഓപ്പണിങ്ങാണ് ഏറ്റവും മാരകം. സീസണിൽ ആറ് കളികളിൽ നിന്ന് ഒരു ഇരട്ട സെഞ്ചുറിയടക്കം നാലു സെഞ്ചുറികളുമായി 710 റൺസാണ് ഫയാസിന്റെ സമ്പാദ്യം. സഞ്ജയും നേടി മൂന്നു സെഞ്ചുറിയടക്കം 665 റൺസ്. ഈ ഓപ്പണിങ് തകർക്കുന്നതാവും കേരള ബോളർമാരുടെ മുഖ്യ ടാസ്ക്ക്. സീസണിൽ കേരളത്തിന്റെ അക്കൗണ്ടിൽ മൂന്നു സെഞ്ചുറിയാണെങ്കിൽ വിദർഭ ബാറ്റ്സ്മാൻമാർ അടിച്ചുകൂട്ടിയത് 10 എണ്ണമാണ്.

കാലാവസ്ഥ വെല്ലുവിളി

ബുധനാഴ്ച കേരള ടീം കളി നടക്കുന്ന ഗ്രൗണ്ടിൽ എത്തിയെങ്കിലും നനവുണ്ടായിരുന്നതിനാൽ ഫീൽഡിങ് പരിശീലനം മാത്രമാണ് നടന്നത്. മുൻ മൽസരങ്ങളിൽ ബാറ്റ്സ്മാൻമാരെയും ബോളർമാരെയും ഒരുപോലെ തുണച്ച പിച്ചാണ്. നിഷ്പക്ഷ വേദിയായതിനാൽ പിച്ചിൽ അൽപ്പം പുല്ല് നിലനിർത്തിയുള്ള സ്പോർട്ടി വിക്കറ്റ് ഒരുക്കുമെന്നാണ് പ്രതീക്ഷ. പക്ഷേ കാലാവസ്ഥ പ്രശ്നമാണ്. 19 ഡിഗ്രിയായിരുന്നു രാത്രി തണുപ്പ്. പകൽ ഉച്ചവരെ മഞ്ഞുമൂടലും ഒപ്പം കാറ്റും സാധാരണം. ഗ്രൗണ്ടിൽ ഈർപ്പം കൂടി നിലനിൽക്കുന്നതിനാൽ ആദ്യ മണിക്കൂറുകൾ പേസർമാർക്ക് അനുകൂലമാവും. ബേസിൽ തമ്പി-സന്ദീപ് വാരിയർ പേസ് കൂട്ടുകെട്ട് കേരളത്തിന്റെ പ്ലസാണ്.

ഈ സീസണിൽ ഇതുവരെ ഏറ്റവും കൂടുതൽ വിക്കറ്റുകൾ കൊയ്ത ജലജ് സക്സേനയിലാണ് (38 വിക്കറ്റ്) ബോളിങ്ങിലും കേരളം വലിയ പ്രതീക്ഷ അർപ്പിക്കുന്നത്. കൂട്ടിന് ഇടംകയ്യൻ സ്പിന്നർ സിജോമോൻ ജോസഫും ഫോമിലാണ്. അഞ്ച് മാച്ചിൽ 27 വിക്കറ്റ് നേടിയ ഓഫ് സ്പിന്നർ അക്ഷയ് വഖാരെയാണ് വിദർഭയുടെ സ്ട്രൈക്ക് ബോളർ. ഇവിടെ ഈ സീസണിൽ നടന്ന രണ്ടു മൽസരങ്ങളിലും ആതിഥേയരായ ഗുജറാത്ത് ആദ്യം ബാറ്റ് ചെയ്ത എതിരാളികളെ ചെറിയ സ്കോറിനു പുറത്താക്കി, വൻ സ്കോർ നേടി ഇന്നിങ്സ് വിജയം നേടുകയായിരുന്നു. 10 വർഷം മുൻപ് ഗുജറാത്തിനെ തോൽപ്പിച്ച് കേരളം പ്ലേറ്റ് സെമിയിലെത്തിയത് ഇതേ മൈതാനത്താണ്. 

 
Related News
� Infomagic - All Rights Reserved.