പോർട്ട് എലിസബത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 275 റൺസ് വിജയലക്ഷ്യം
February 13,2018 | 08:40:39 pm

പോർട്ട് എലിസബത്ത് : ഇന്ത്യയ്ക്കെതിരായ അഞ്ചാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 275 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 274 റൺസെടുത്തു. പരമ്പരയിലാദ്യമായി ഫോമിലേക്കുയർന്ന ഓപ്പണർ രോഹിത് ശർമയുടെ സെഞ്ചുറിയാണ് ഇന്ത്യൻ ഇന്നിങ്സിലെ ഹൈലൈറ്റ്. 17–ാം ഏകദിന സെഞ്ചുറി നേടിയ രോഹിത്, 126 പന്തിൽ 11 ബൗണ്ടറിയും നാലു സിക്സും സഹിതം 115 റൺസെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് ലുങ്കി എൻഗിഡി ഒൻപത് ഓവറിൽ 51 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.

31.4 ഓവറിൽ രണ്ടിന് 176 റൺസെന്ന നിലയിൽ മികച്ച സ്കോറിലേക്ക് കുതിക്കുകയായിരുന്ന ഇന്ത്യയ്ക്ക് കോഹ്‍ലിയും രഹാനെയും അനാവശ്യ റണ്ണൗട്ടുകളിലൂടെ വിക്കറ്റ് വലിച്ചെറിഞ്ഞതാണ് വിനയായത്. മുൻനിര നൽകുന്ന മികച്ച തുടക്കം മുതലാക്കാനാകാതെ മധ്യനിര തകരുന്ന പതിവ് ഇക്കുറിയും ഇന്ത്യൻ ഇന്നിങ്സിൽ ആവർത്തിച്ചു.

54 പന്തിൽ രണ്ടു ബൗണ്ടറികളോടെ 36 റൺസെടുത്ത കോഹ്‍ലി, 23 പന്തിൽ എട്ടു ബൗണ്ടറികളോടെ 34 റൺസെടുത്ത ഓപ്പണർ ശിഖർ ധവാൻ എന്നിവർക്കു ശേഷം ഇന്ത്യൻ ഇന്നിങ്സിൽ ഭേദപ്പെട്ട സ്കോർ നേടാനായത് ശ്രേയസ് അയ്യർക്കു മാത്രം. അയ്യർ 37 പന്തിൽ രണ്ടു ബൗണ്ടറികളോടെ 30 റൺസെടുത്തു. 17 പന്തിൽ ഒരു ബൗണ്ടറി ഉൾപ്പെടെ 13 റൺസെടുത്ത ധോണി ഒരിക്കൽക്കൂടി നിരാശപ്പെടുത്തിയപ്പോൾ നേരിട്ട ആദ്യ പന്തിൽത്തന്നെ വിക്കറ്റ് കീപ്പർ ക്ലാസനു ക്യാച്ച് സമ്മാനിച്ച് മടങ്ങിയ ഹാർദിക് പാണ്ഡ്യ ഒരിക്കൽക്കൂടി തികഞ്ഞ പരാജയമായി.

നിലയുറപ്പിക്കാൻ ശ്രമിച്ചുവന്ന അജിങ്ക്യ രഹാനെ ഇല്ലാത്ത റണ്ണിനോടി വിക്കറ്റ് കളഞ്ഞതോടെ ഇന്ത്യൻ ഇന്നിങ്സ് തകർന്നത്. 18 പന്തിൽ എട്ടു റൺസെടുത്ത രഹാനെയെ മോർക്കലിന്റെ ഫീൽഡിങ്ങിൽ ക്ലാസനാണ് പുറത്താക്കിയത്. അവസാന ഓവറുകളിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ഭുവനേശ്വർ കുമാർ 20 പന്തിൽ രണ്ടു ബൗണ്ടറികളോടെ 19 റൺസെടുത്ത് പുറത്താകാതെ നിന്നു. കുൽദീപ് യാദവ് നാലു പന്തിൽ രണ്ടു റൺസോടെ കൂട്ടുനിന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് പരമ്പരയിലാദ്യമായി ധവാനും രോഹിതും ചേർന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. 7.2 ഓവറിൽ ഇരുവരും കൂട്ടിച്ചേർത്തത് 48 റൺസ്. പതിവിനു വിപരീതമായി ധവാൻ ആദ്യം മടങ്ങിയപ്പോൾ കോഹ‍്്‌ലിക്കൊപ്പം രോഹിത് ഇന്ത്യൻ ഇന്നിങ്സ് മുന്നോട്ടു നയിച്ചു. 23 പന്തിൽ എട്ടു ബൗണ്ടറികളോടെ 34 റൺസെടുത്ത ധവാനെ റബാഡ ഫെലൂക്‌വായോയുടെ കൈകളിലെത്തിക്കുകയായിരുന്നു.

രണ്ടാം വിക്കറ്റിൽ പതിവുപോലെ ഇന്ത്യ ഉറച്ചുനിന്നു പൊരുതിയതോടെ ദക്ഷിണാഫ്രിക്ക ഹതാശരായി. പരമ്പരയിൽ ആദ്യമായി ഫോമിലേക്ക് ഉയർന്ന രോഹിതും കോഹ്‍ലിയും ചേർന്ന് രണ്ടാം വിക്കറ്റിൽ 105 റൺസ് കൂട്ടിച്ചേർത്തു. ഇന്ത്യ മികച്ച സ്കോറിലേക്ക് മുന്നേറവെ അനാവശ്യ റണ്ണിനോട് കോഹ്‍‌ലി വിക്കറ്റ് വലിച്ചെറിഞ്ഞു. 54 പന്തിൽ രണ്ടു ബൗണ്ടറികളോടെ 36 റൺസെടുത്ത കോഹ്‍ലിയുടെ ഡുമിനി നേരിട്ടുള്ള ഏറിൽ റണ്ണൗട്ടാക്കി.

തൊട്ടുപിന്നാലെ രഹാനെയും സമാന രീതിയിൽ പുറത്തായത് ഇന്ത്യൻ ക്യാംപിൽ നിരാശ പടർത്തി. 18 പന്തിൽ എട്ടു റൺസെടുത്ത രഹാനെയെ മോർക്കലിന്റെ ഫീൽഡിങ്ങിൽ ക്ലാസൻ റണ്ണൗട്ടാക്കി.

 
Related News
� Infomagic - All Rights Reserved.