പ്രതീക്ഷ പകര്‍ന്ന് സ്റ്റാര്‍ട്ടപ്പ് പ്രദര്‍ശനം
September 14,2017 | 10:36:11 am
Share this on

ഇരുന്നുകൊണ്ട് ആയാസരഹിതമായി തെങ്ങുകയറാവുന്ന യന്ത്രം മുതല്‍ വൈദ്യശാസ്ത്രത്തിന് മുതല്‍ക്കൂട്ടാകുന്ന ത്വക്ക് നിര്‍മാണംവരെ. കേരള യുവത്വത്തിന്‍റെ വ്യവസായസംരഭക സ്വപ്നങ്ങള്‍ക്ക് വൈവിധ്യമേറെ. കൃഷി, കാര്‍ഷികോല്‍പ്പന്ന സംസ്കരണം, ഊര്‍ജസംരക്ഷണം, മാലിന്യസംസ്കരണം തുടങ്ങി നിത്യജീവിതവുമായി ബന്ധപ്പെട്ട മേഖലയിലാണ് കൂടുതല്‍ സംരംഭകരും ശ്രദ്ധയൂന്നിയതെന്നും പ്രദര്‍ശനം തെളിയിക്കുന്നു. കെഎസ്‌ഐഡിസിയുടെ നേതൃത്വത്തില്‍ ലെ മെറിഡിയിനില്‍ നടന്ന മൂന്നാമത് യുവസംരംഭക സംഗമമായ യെസ്-2017 3ഡിയോട് അനുബന്ധിച്ച്‌ സംഘടിപ്പിച്ച പ്രദര്‍ശനത്തിലാണ് വിവിധ സ്റ്റാര്‍ട്ടപ്പുകള്‍ അവരുടെ ഉല്‍പ്പന്നങ്ങളും സംരംഭങ്ങളും പ്രദര്‍ശിപ്പിച്ചത്.

കോഴിക്കോട് സ്വദേശികളായ സഹോദരങ്ങളാണ് ഇരുന്നുകൊണ്ട് തെങ്ങുകയറാവുന്ന യന്ത്രം അവതരിപ്പിച്ചത്. മെക്കാനിക്കല്‍ എന്‍ജിനിയറിങ് കഴിഞ്ഞ ശ്യാമില്‍ സലാമും ഫിബില്‍ സലാമും സിസ്റ്റാന്‍ഡ് ക്ളൈംബറിന് കൂടുതല്‍ സുരക്ഷയൊരുക്കന്‍ ഡബിള്‍ ലോക്ക് സംവിധാനവും ഒരുക്കിയിട്ടുണ്ട്. 360 ഡിഗ്രി കറങ്ങി കയറാനും കഴിയും. 2500 രൂപമാത്രമാണ് വില. ക്യാമറ സെന്‍സറിന്‍റെ സഹായത്തോടെ ആളില്ലാത്ത തെങ്ങുകയറ്റ യന്ത്രം വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇവര്‍.

പൊള്ളല്‍, കടുത്തവ്രണം എന്നിവയുടെ ചികിത്സയ്ക്ക് പോളിസ്കിന്നുമായാണ് ശാസ്ത്രജ്ഞനായ ഡോ. സന്തോഷ് എത്തിയത്. ത്വക്ക് എം, ത്വക് സി എന്നീ ഉല്‍പ്പന്നങ്ങളാണ് വികസിപ്പിച്ചത്. കടുത്തവ്രണത്തിന് അവിടെനിന്നെടുത്ത ബാക്ടീരിയയ്ക്ക് അനുയോജ്യമായ ആന്‍റിബയോട്ടിക് ഉപയോഗിച്ചാണ് ത്വക്ക് സി ഉണ്ടാക്കുന്നത്. രോഗിയുടെ ത്വക്കില്‍നിന്ന് സെല്‍ എടുത്ത് ലാബില്‍ വികസിപ്പിച്ചാണ് ത്വക്ക് എം വികസിപ്പിക്കുന്നത്. ഇവ ഇപ്പോള്‍ വിദേശത്തുനിന്ന് ഇറക്കുമതിചെയ്താണ്  ഉപയോഗിക്കുന്നത്. അതിന്‍റെ അഞ്ചിലൊന്നു വിലയ്ക്ക് ഇവ രോഗികള്‍ക്ക് നല്‍കാനാകുമെന്ന് സന്തോഷ് പറഞ്ഞു.സൈക്കിളിന്‍റെ ഉപയോഗവും ഒപ്പം പൊതുഗതാഗതസംവിധാനവും പ്രോത്സാഹിപ്പിക്കാനുള്ള ഗ്രീന്‍ ബൈക്കുമായി ചേരാനല്ലൂര്‍ അരുണ്‍ സ്റ്റാന്‍ലി മേളയുടെ വേറൊരു വാഗ്ദാനമായി. ഫോണ്‍ ആപ്പുമായി ബന്ധിപ്പിച്ച്‌ ഉപയോക്താക്കള്‍ക്ക് ആവശ്യമുള്ള സ്ഥലങ്ങളില്‍ സൈക്കിള്‍ ലഭ്യമാക്കുന്നതാണ് പദ്ധതി.

സാധാരണ പോളിഹൌസിന്‍റെ ന്യൂനതകള്‍ മാറ്റി കൂടുതല്‍ ഉല്‍പാദനക്ഷമത നല്‍കുന്ന ഗ്രീന്‍ ലൈഫാണ് പിറവം അഗ്രോപാര്‍ക്കിലെ പ്രവര്‍ത്തകര്‍ അവതരിപ്പിച്ചത്. വളം വെള്ളത്തോടൊപ്പം ചെടികള്‍ക്ക് നല്‍കുന്ന ഫെര്‍ട്ടിഗേഷന്‍, ജൈവകീടനാശിനി ഉപയോഗിക്കാവുന്ന പെപ്റ്റിസൈഡ് സ്പ്രിന്‍കിള്‍, ചൂട് ക്രമീകരിക്കാവുന്ന ഫാന്‍ എന്നിവയും ഇതിലുണ്ട്. വളരെ കുറച്ച്‌ വൈദ്യുതി മതിയെന്നതാണ് സവിശേഷത.

ചക്കയിടാനുള്ള ചെറുയന്ത്രവുമായാണ് എസ്സിഎംഎസ് കോളേജ് വിദ്യാര്‍ഥികള്‍ എത്തിയത്. ഹുക്ക് ഘടിപ്പിച്ച തോട്ടി, കട്ടര്‍, നെറ്റ് എന്നിവമാത്രമാണ് ഇതിലുള്ളത്. വീട്ടിലെ ഓരോ ഉപകരണത്തിലും ഉപയോഗിക്കുന്ന വൈദ്യുതി അറിയാനും നിയന്ത്രിക്കാനുമുള്ള യന്ത്രം, തെരുവുവിളക്കിന്‍റെ പ്രകാശം ക്രമീകരിക്കുന്ന സംവിധാനം തുടങ്ങി അറുപതോളം ഉല്‍പ്പന്നങ്ങളാണ്  പ്രദര്‍ശനത്തിലുണ്ടായിരുന്നത്.

RELATED STORIES
� Infomagic - All Rights Reserved.