സുകുമാരകുറുപ്പ് നിരപരാധിയെന്ന് ബന്ധുക്കള്‍...
November 09,2017 | 02:07:25 pm
Share this on

പത്തനംതിട്ട: കേരളത്തെ വര്‍ഷങ്ങളോളം സസ്‌പെന്‍സിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ പ്രമാദമായ ഒരു കൊലക്കേസിന്റെ അപസര്‍പ്പക കഥയില്‍ നായകനായെങ്കിലും സുകുമാരക്കുറുപ്പിന് മുപ്പത് വര്‍ഷത്തിന് മുമ്പുള്ള ചാക്കോവധക്കേസില്‍ പങ്കില്ലെന്ന് ബന്ധുക്കള്‍ പറയുന്നതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. 1984 ജനുവരി 21ന് സംഭവം നടക്കുമ്പോള്‍ സുകുമാരക്കുറുപ്പ് പ്രതികളുടെ സംഘത്തില്‍ ഇല്ലായിരുന്നെന്നും പിന്നീടു പ്രതികളില്‍ ഒരാളായ ഭാസ്‌ക്കരപിള്ള പറഞ്ഞപ്പോഴാണു കുറുപ്പ് കാര്യങ്ങള്‍ അറിഞ്ഞതെന്നും ബന്ധുക്കള്‍ വിശ്വസിക്കുന്നു. ഒരു ക്രൈംത്രില്ലര്‍ സിനിമയെ വെല്ലുന്ന സംഭവങ്ങള്‍ ഇങ്ങിനെയായിരുന്നു.

ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിനായി സുകുമാരക്കുറുപ്പിനോടു രൂപസാദൃശ്യമുള്ള ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയെ കൊലപ്പെടുത്തി കാറിലിട്ടു കത്തിച്ചെന്നാണു കേസ്. എട്ടുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ കൊലപാതകം നടത്താന്‍ പദ്ധതിയുണ്ടായിരുന്നില്ല. കുറുപ്പിനോടു രൂപസാദൃശ്യമുള്ള മൃതദേഹം സംഘടിപ്പിച്ചു കത്തിക്കാനായിരുന്നു നീക്കം. 1984 ജനുവരി 21ന് ഉച്ചകഴിഞ്ഞാണ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍നിന്നു മൃതദേഹം സംഘടിപ്പിക്കാന്‍ കുറുപ്പിന്റെ ഭാര്യാസഹോദരന്‍ ഭാസ്‌ക്കരപിള്ള, ഡ്രൈവര്‍ പൊന്നപ്പന്‍, കുറുപ്പിന്റെ സുഹൃത്തും സഹായിയുമായ ചാവക്കാട്ടുകാരന്‍ ഷാഹു എന്നിവര്‍ ചെറിയനാട്ടില്‍നിന്നു കാറില്‍ തിരിച്ചത്. മറ്റൊരു കാറില്‍ കുറുപ്പും ഒപ്പമുണ്ടായിരുന്നു. എന്നാല്‍, കൊല്ലകടവില്‍ എത്തിയപ്പോള്‍, ആശുപത്രിയില്‍ കഴിയുന്ന അമ്മ ദേവകിയെ കാണാന്‍ കുറുപ്പ് പന്തളത്തേക്കു പോയെന്നു ബന്ധുക്കള്‍ പറയുന്നു.
ആലപ്പുഴ മെഡിക്കല്‍ കോളജ് ജീവനക്കാരനായ ബന്ധു മധുവിന്റെ സഹായത്തോടെ മോര്‍ച്ചറിയില്‍നിന്ന് അജ്ഞാതമൃതദേഹം സംഘടിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, ഭാസ്‌ക്കരപിള്ളയുടെ കെ.എല്‍.ക്യു. 7835 നമ്പര്‍ കാറില്‍ ശവം കത്തിച്ചശേഷം, മരിച്ചതു കുറുപ്പാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമം തുടക്കത്തിലേ പാളി. മെഡിക്കല്‍ കോളജില്‍നിന്നു ശവം സംഘടിപ്പിക്കാന്‍ ഇവര്‍ക്കു കഴിഞ്ഞില്ല. നിരാശരായി മടങ്ങുമ്പോഴാണു കരുവാറ്റയില്‍ കുറുപ്പിനോടു സാദൃശ്യമുള്ള ചാക്കോ വാഹനത്തിനു കൈ കാണിച്ചത്. തുടര്‍ന്നായിരുന്നു കൊലപാതകം. അതേസമയം കൊലപാതകത്തില്‍ കുറുപ്പിനു വ്യക്തമായ പങ്കുണ്ടെന്നാണു പോലീസ് രേഖകള്‍.
കൊലപാതകശേഷം കുറുപ്പ് മുങ്ങാനുള്ള കാരണത്തെപ്പറ്റി ബന്ധുക്കളും പോലീസും പറയുന്ന കാര്യങ്ങള്‍ സമാനമാണ്. ഗോപാലകൃഷ്ണക്കുറുപ്പെന്നാണു സുകുമാരക്കുറുപ്പ് പ്രീഡിഗ്രി തോറ്റശേഷം മനസില്ലാമനസോടെ വ്യോമസേനയില്‍ ചേര്‍ന്നു. എങ്ങനെയെങ്കിലും അവിടെനിന്നു രക്ഷപ്പെടണമെന്ന ചിന്തയായിരുന്നു കുറുപ്പിന്. ഒടുവില്‍, അവധിക്കു നാട്ടിലെത്തിയപ്പോള്‍ കുറുപ്പ് മരിച്ചെന്നു പറഞ്ഞ് വ്യോമസേനാ അധികൃതര്‍ക്കു ടെലഗ്രാം അയച്ചു. നിജസ്ഥിതി അറിയാനെത്തിയ ചെങ്ങന്നൂര്‍ പോലീസിനെ കൈക്കൂലി കൊടുത്ത് മടക്കി. തുടര്‍ന്ന് സുകുമാരക്കുറുപ്പ് എന്ന പേരില്‍ പാസ്‌പോര്‍ട്ട് എടുത്ത് ഗള്‍ഫിലേക്കു കടക്കുകയായിരുന്നു.

 

RELATED STORIES
� Infomagic - All Rights Reserved.